

പത്തനംതിട്ട: ഒഴിഞ്ഞ പറമ്പില്‍ തളച്ചിട്ട ആന ചങ്ങലപൊട്ടിച്ച് ഓടി വരുത്തിവെച്ചത് വന്‍ നാശനഷ്ടം. കല്ലേലി കുരിശിന്മൂടിനു സമീപത്തെ ആളൊഴിഞ്ഞ തോട്ടത്തില്‍ തളച്ചിരുന്ന നീലകണ്ഠന്‍ എന്ന ആനയാണ് ഭീതി പടര്‍ത്തിയത്. എലിയറയ്ക്കല്‍- കല്ലേലി റോഡില്‍ നിന്ന് അക്കരക്കാലാപ്പടിക്കു സമീപത്തെ പുളിഞ്ചാണി റോഡിലൂടെയാണ് ആനയിടഞ്ഞ് വന്‍ നാശനഷ്ടങ്ങള്‍ വരുത്തിയത്.
ചങ്ങലപൊട്ടിച്ചു വിരണ്ടോടിയ കൊമ്പന്‍ തകര്‍ത്തത് 6 വാഹനങ്ങള്‍. 3 കാര്‍, ബൈക്ക്, സ്‌കൂട്ടര്‍, ഓട്ടോറിക്ഷ എന്നിവയാണ് തകര്‍ന്നത്. രാത്രി ആയതിനാല്‍ ആന എങ്ങോട്ടു പോയി എന്നോ എവിടെയാണെന്നോ കണ്ടെത്താന്‍ കഴിയാതെ വന്നതിനാല്‍ നാട്ടുകാര്‍ പ്രതിസന്ധിയില്‍ ആയിരുന്നു.
അതേസമയം രാത്രി അയതിനാല്‍ റോഡില്‍ ആളുകളോ വാഹനങ്ങളോ കൂടുതല്‍ ഇല്ലാത്തത് വന്‍ദുരന്തം ഒഴിവാക്കി. ആന എങ്ങനെയാണ് ചങ്ങല പൊട്ടിയതെന്ന് വ്യക്തമായിട്ടില്ല. തുടര്‍ന്ന് നാട്ടുകാര്‍ വിവരം അറിയിച്ചത് അനുസരിച്ച് , അഗ്‌നിശമന സേനാംഗങ്ങള്‍, വനംവകുപ്പ് ഉദ്യോഗസ്ഥര്‍, പൊലീസ് എന്നിവര്‍ സ്ഥലത്ത് എത്തി. തുടര്‍ന്ന് പാപ്പാന്റെ സഹായത്തോടെ ആനയെ തളച്ചു.
രണ്ട് മാസം മുന്‍പ് ഇതേ ആന ഇത്തരത്തില്‍ വിരണ്ടോടിയിട്ടുണ്ട്. അന്ന് കാറുകളും മതിലുകളും തകര്‍ത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നു. അന്ന് പുലര്‍ച്ചെ നാല് മണിക്കായിരുന്നു ഉത്സവത്തിന് എത്തിച്ച ആന വിരണ്ടത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates