അറ്റാഷെക്ക് ഗണ്‍മാനെ അനുവദിച്ചത് നിയമവിരുദ്ധം, ഡിജിപിയുടെ പങ്കും അന്വേഷിക്കണണമെന്ന് വി ടി ബല്‍റാം

'ഡിജിപിയുടെ പ്രത്യേക താത്പര്യത്തിലാണ് നിയമനം എന്നാണ് ഇതുമായി ബന്ധപ്പെട്ട ഫയലുകളില്‍ നിന്ന് വ്യക്തമാവുന്നത് '
അറ്റാഷെക്ക് ഗണ്‍മാനെ അനുവദിച്ചത് നിയമവിരുദ്ധം, ഡിജിപിയുടെ പങ്കും അന്വേഷിക്കണണമെന്ന് വി ടി ബല്‍റാം
Updated on
2 min read

തിരുവനന്തപുരം:  യുഎഇ കോണ്‍സുലേറ്റ് അറ്റാഷെയ്ക്ക് പൊലീസുകാരനെ ഗണ്‍മാനായി അനുവദിച്ചത് നിയമവിരുദ്ധമെന്ന് വി ടി ബല്‍റാം എംഎല്‍എ. ഡിജിപിയുടെ പ്രത്യേക താത്പര്യത്തിലാണ് നിയമനം എന്നാണ് 
ഇതുമായി ബന്ധപ്പെട്ട ഫയലുകളില്‍ നിന്ന് വ്യക്തമാവുന്നത് എന്ന് ബല്‍റാം ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. 

അറ്റാഷെയ്ക്ക് സംസ്ഥാന പൊലീസില്‍ നിന്ന് ഗണ്‍മാനെ നിയമിച്ചതില്‍ ഡിജിപിയുടെ പങ്കും അന്വേഷിക്കണം.  27/06/2017 നാണ് ജയഘോഷ് എസ്ആര്‍ എന്ന പോലീസുകാരനെ ആദ്യമായി കോണ്‍സുല്‍ ജനറലിന്റെ ഗണ്‍മാനായി നിയമിച്ചുകൊണ്ട് ഡിജിപി ഉത്തരവിറക്കുന്നത്. ഇത് കേന്ദ്ര വിദേശകാര്യ വകുപ്പ് വഴി വന്ന ഒരാവശ്യമായിരുന്നില്ല എന്നാണറിയാന്‍ സാധിക്കുന്നത്. 

ഒരു വ്യക്തിക്ക് പോലീസ് സംരക്ഷണം നല്‍കണമെങ്കില്‍ ആ തീരുമാനം എടുക്കാന്‍ സര്‍ക്കാരിന് ഒരു സംവിധാനമുണ്ട്. ഡിജിപി നിര്‍ദ്ദേശം ആഭ്യന്തര വകുപ്പ് സെക്രട്ടറിക്ക് നല്‍കുകയും അത് പിന്നീട് ആഭ്യന്തര വകുപ്പ് മന്ത്രി അംഗീകരിക്കുകയും വേണം. ഇങ്ങനെ കേരളത്തില്‍ പോലീസ് സംരക്ഷണം ലഭിക്കുന്ന 200 ഓളം പേരുടെ ഔദ്യോഗിക ലിസ്റ്റ് നിലവിലുണ്ട്. ഇതില്‍ ഈപ്പറഞ്ഞ അറ്റാഷെ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് ആഭ്യന്തര വകുപ്പ് വ്യക്തമാക്കണമെന്നും ബല്‍റാം പറയുന്നു. 

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

സ്വര്‍ണ്ണക്കള്ളക്കടത്തില്‍ ദുരൂഹതകള്‍ വര്‍ദ്ധിക്കുകയാണ്. അറ്റാഷെക്ക് ഗണ്‍മാനെ നിയമിച്ചതില്‍ ഡിജിപിയുടെ പങ്കും അന്വേഷിക്കണം.

രാജ്യം വിട്ട യുഎഇ കോണ്‍സുലേറ്റ് അറ്റാഷെയുടെ ഗണ്‍മാന്‍ ജയഘോഷ് ആത്മഹത്യാശ്രമത്തെത്തുടര്‍ന്ന് ആശുപത്രിയിലാണ്. സ്വര്‍ണ്ണക്കള്ളക്കടത്തുകാര്‍ തന്നെ കൊല്ലാന്‍ ശ്രമിക്കുമെന്ന ഭയമാണ് ഇയാളെ ആത്മഹത്യാശ്രമത്തിന് പ്രേരിപ്പിച്ചത് എന്ന് വ്യക്തമാവുന്നുണ്ട്.

കോണ്‍സുല്‍ ജനറലിന്റെ ചുമതല വഹിക്കുന്ന അറ്റാഷെക്ക് ഇങ്ങനെയൊരു പോലീസുകാരനെ ഗണ്‍മാനായി സംസ്ഥാന പോലീസ് അനുവദിച്ചത് തന്നെ നിയമവിരുദ്ധമായാണ്. ഡിജിപിയുടെ പ്രത്യേക താത്പര്യമാണ് ഇതിനു പുറകില്‍ എന്നാണ് ഫയലുകളില്‍ നിന്ന് വ്യക്തമാവുന്നത്.

വിദേശ നയതന്ത്ര പ്രതിനിധികളുടെ ഇന്ത്യയിലെ പെരുമാറ്റത്തേക്കുറിച്ചും അവര്‍ക്കുള്ള ഡിപ്ലോമാറ്റിക് പരിഗണനകളേക്കുറിച്ചും കേന്ദ്ര വിദേശകാര്യ വകുപ്പ് വിശദമായ പ്രോട്ടോക്കോള്‍ പുറത്തിറക്കിയിട്ടുണ്ട്. അതിലെ 22ആം അധ്യായത്തില്‍ നയതന്ത്ര പ്രതിനിധികളുടെ സുരക്ഷയേക്കുറിച്ചുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളുണ്ട്. കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിനാണ് സുരക്ഷയുടെ ഉത്തരവാദിത്തം. ഫോറിന്‍ റപ്രസെന്റേഷന്‍സ് (എഞ) അവരുടെ ഔദ്യോഗിക പരിസരത്തിന് പുറത്ത് സ്വന്തം നിലക്ക് സുരക്ഷാ ക്രമീകരണങ്ങള്‍ തേടുന്നത് വിദേശകാര്യ വകുപ്പ് കര്‍ശനമായി വിലക്കുന്നുണ്ട്. വകുപ്പിലെ പ്രോട്ടോക്കോള്‍  കക സെക്ഷനാണ് നയതന്ത്ര പ്രതിനിധികള്‍ക്ക് ആവശ്യാനുസരണം സുരക്ഷ നല്‍കാനുള്ള ചുമതല.

എന്നാല്‍ ഇതിന്റെ പൂര്‍ണ്ണ ലംഘനമാണ് കേരളത്തിലെ യുഎഇ കോണ്‍സുലേറ്റിലെ അറ്റാഷെക്ക് സംസ്ഥാന പോലീസ് നേരിട്ട് ഗണ്‍മാനെ അനുവദിച്ച നടപടി. 27/06/2017 നാണ് ജയഘോഷ് എസ്ആര്‍ എന്ന പോലീസുകാരനെ ആദ്യമായി കോണ്‍സുല്‍ ജനറലിന്റെ ഗണ്‍മാനായി നിയമിച്ചുകൊണ്ട് ഡിജിപി ഉത്തരവിറക്കുന്നത്. ഇത് കേന്ദ്ര വിദേശകാര്യ വകുപ്പ് വഴി വന്ന ഒരാവശ്യമായിരുന്നില്ല എന്നാണറിയാന്‍ സാധിക്കുന്നത്. ഒരു വര്‍ഷത്തേക്കായിരുന്നു നിയമനം. പിന്നീട് 07/07/2018 നും 14/01/2019 നും ഓരോ വര്‍ഷം വച്ച് സമയം നീട്ടിക്കൊടുത്തു. ഈ സമയ പരിധിയും തീരാറായപ്പോള്‍ 18/12/2019 ന് കോണ്‍സുല്‍ ജനറല്‍ വീണ്ടും നേരിട്ട് സംസ്ഥാന ഡിജിപിക്ക് ഗണ്‍മാന്റെ സേവനം നീട്ടി നല്‍കണമെന്നാവശ്യപ്പെട്ട് കത്തയച്ചു. ഒരു നയതന്ത്ര പ്രതിനിധി ഒരിക്കലും വിദേശകാര്യ മന്ത്രാലയം വഴിയല്ലാതെ സംസ്ഥാന പോലീസ് മേധാവിക്ക് നേരിട്ട് കത്തയക്കാന്‍ പാടില്ല. ഈ കത്ത് സ്വീകരിച്ച ഡിജിപി 08/01/2020 ന് ഉഏഛ 34 /2020 എന്ന ഉത്തരവ് പ്രകാരം ജയഘോഷിന്റെ സേവനം ഒരു വര്‍ഷത്തേക്ക് കൂടി ദീര്‍ഘിപ്പിച്ച് നല്‍കി.

ഒരു വ്യക്തിക്ക് പോലീസ് സംരക്ഷണം നല്‍കണമെങ്കില്‍ ആ തീരുമാനം എടുക്കാന്‍ സര്‍ക്കാരിന് ഒരു സംവിധാനമുണ്ട്. ഡിജിപി നിര്‍ദ്ദേശം ആഭ്യന്തര വകുപ്പ് സെക്രട്ടറിക്ക് നല്‍കുകയും അത് പിന്നീട് ആഭ്യന്തര വകുപ്പ് മന്ത്രി അംഗീകരിക്കുകയും വേണം. ഇങ്ങനെ കേരളത്തില്‍ പോലീസ് സംരക്ഷണം ലഭിക്കുന്ന 200 ഓളം പേരുടെ ഔദ്യോഗിക ലിസ്റ്റ് നിലവിലുണ്ട്. ഇതില്‍ ഈപ്പറഞ്ഞ അറ്റാഷെ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് ആഭ്യന്തര വകുപ്പ് വ്യക്തമാക്കണം. ഏതാണ്ട് ഇതേ കാലത്താണ് മുഖ്യമന്ത്രിയെ വിമര്‍ശിച്ചു എന്നതിന്റെ പേരില്‍ റിട്ട. ജസ്റ്റീസ് കെമാല്‍ പാഷയുടെ പോലീസ് സംരക്ഷണം പിന്‍വലിച്ചത് എന്നും സാന്ദര്‍ഭികമായി ഓര്‍ക്കാവുന്നതാണ്.

ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന മറ്റ് രാജ്യങ്ങളുടെ നയതന്ത്ര പ്രതിനിധികള്‍ക്കുള്ള ഇത്തരം സുരക്ഷ തീരുമാനിക്കുന്നതിന് വിദേശകാര്യ മന്ത്രാലയത്തിന് അവരുടേതായ ചില മാനദണ്ഡങ്ങളുണ്ട്. റെസിപ്രോസിറ്റി രീതിയാണ് അതില്‍ പ്രധാനമായത്. അതായത് ആ രാജ്യങ്ങളിലെ ഇന്ത്യന്‍ നയതന്ത്ര പ്രതിനിധികള്‍ക്ക് സമാന സേവനം ആ രാജ്യങ്ങള്‍ നല്‍കുന്നുണ്ടോ എന്നതാണ് പ്രധാനമായും പരിഗണിക്കുന്നത്. എന്നാല്‍ പാക്കിസ്ഥാന്‍ ഭീകരപ്രവര്‍ത്തകരില്‍ നിന്ന് ഗുരുതരമായ സുരക്ഷാ ഭീഷണിയുണ്ടെന്ന് യുഎഇയിലെ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ നിരന്തരം പരാതി ഉന്നയിച്ചിട്ടും അവര്‍ക്ക് പേഴ്‌സണല്‍ സെക്യൂരിറ്റി ഏര്‍പ്പാടുകള്‍ ഒന്നും യുഎഇ നല്‍കുന്നില്ല. അതിനാല്‍ത്തന്നെ യുഎഇ ഉദ്യോഗസ്ഥര്‍ക്ക് ഇവിടേയും അത്തരമൊരു സേവനം അനുവദിക്കേണ്ടെന്ന നിലപാടിലാണ് പൊതുവേ കേന്ദ്ര വിദേശകാര്യ മന്ത്രാലയം. ഇതില്‍ നിന്ന് വ്യത്യസ്തമായി താരതമ്യേനെ സമാധാനപൂര്‍ണ്ണമായ ക്രമസമാധാനാന്തരീക്ഷം നിലനില്‍ക്കുന്ന കേരളത്തിലെ കോണ്‍സുല്‍ ജനറലിന് /അറ്റാഷെക്ക് മാത്രം പോലീസ് സംരക്ഷണം നല്‍കാന്‍ വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെടാന്‍ സാധ്യത തീരെ കുറവാണ്.

എന്നിട്ടും ഇതിനെയൊക്കെ മറികടന്ന് സംസ്ഥാന പോലീസിലെ ഒരുദ്യോഗസ്ഥനെ അറ്റാഷെയുടെ ഗണ്‍മാനായി അനുവദിക്കാന്‍ സംസ്ഥാന പോലീസ് മേധാവി തീരുമാനിച്ചതെങ്ങിനെയെന്ന് വിശദീകരിക്കപ്പെടേണ്ടതുണ്ട്. ഇതു സംബന്ധിച്ച ഫയല്‍ ആഭ്യന്തര സെക്രട്ടറിയും ആഭ്യന്തര വകുപ്പ് മന്ത്രി കൂടിയായ മുഖ്യമന്ത്രിയും കണ്ടിട്ടുണ്ടോ എന്നതും വ്യക്തമാക്കണം. ഈ നയതന്ത്ര ഉദ്യോഗസ്ഥന്റെ പേരിലാണ് കള്ളക്കടത്ത് സ്വര്‍ണ്ണം അയച്ചതെന്ന സാഹചര്യത്തില്‍ കള്ളക്കടത്തിന് സൗകര്യമൊരുക്കാനാണോ പോലീസ് സംരക്ഷണത്തിന്റെ ഈ മറ അനുവദിക്കപ്പെട്ടതെന്ന കാര്യത്തില്‍ സംശയങ്ങള്‍ ശക്തിപ്പെടുകയാണ്. തന്നെ കള്ളക്കടത്തുകാര്‍ കൊന്നുകളയുമെന്ന് ഗണ്‍മാന്‍ സംശയിക്കുന്നത് അദ്ദേഹത്തിന് പല രഹസ്യങ്ങളും അറിയാമെന്നതിന്റെ കൂടി സൂചനയാണ്. അതുകൊണ്ടുതന്നെ അദ്ദേഹത്തെ ആര് നിയമിച്ചു, ആര്‍ക്ക് വേണ്ടി നിയമിച്ചു എന്ന കാര്യത്തില്‍ ദുരൂഹത നീക്കേണ്ടതുണ്ട്. എന്‍ഐഎ യും ഈ വശം കൃത്യമായി അന്വേഷിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com