ന്യൂഡൽഹി: വർഷകാലം ആരംഭിക്കുന്നതോടെ കോവിഡ് വീണ്ടും വരുമെന്ന് വിദഗ്ധർ. ലോക്ക്ഡൗണിന് ശേഷം തുടർ ആഴ്ചകളിൽ കോവിഡ് രോഗികളുടെ എണ്ണം കുറയാനിടയുണ്ടെങ്കിലും കാലവർഷത്തിന്റെ വരവോടെ കുത്തനെ കൂടുമെന്നാണ് മുന്നറിയിപ്പ്. ജൂലായ് അവസാനത്തോടെയും ആഗസ്റ്റിലുമായിരിക്കും കോവിഡിന്റെ രണ്ടാം വരവ്.
അടച്ചിടൽ പിൻവലിച്ചതിനുശേഷം സാമൂഹിക അകലം പാലിക്കുന്നത് ഉൾപ്പെടെയുള്ള നിയന്ത്രണങ്ങൾ എത്രത്തോളം പാലിക്കപ്പെടുന്നുണ്ട് എന്നതിനെ ആശ്രയിച്ച് വ്യാപനത്തിന്റെ സമയവും തീവ്രതയും വ്യത്യാസപ്പെടാമെന്ന് ബംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസസിലെ അധ്യാപകനായ രാജേഷ് സുന്ദരേശ്വരനും യു.പി.യിലെ ശിവ് നാടാർ സർവകലാശാല അധ്യാപകൻ സമിത് ഭട്ടാചാര്യയും പറഞ്ഞു.
വർഷകാലം ഇന്ത്യയിൽ പകർച്ചപ്പനിയുടെ കാലംകൂടിയാണ്. പനിയുടെ ആദ്യലക്ഷണംപോലും അവഗണിക്കാതെ ഹോട്‌സ്പോട്ടുകളിൽ പരമാവധി പരിശോധനകൾ നടത്തേണ്ടത് അത്യാവശ്യമാണ്. വ്യക്തിശുചിത്വത്തിനൊപ്പം മുഖാവരണം ധരിക്കലും മറ്റും ജനങ്ങളുടെ ശീലത്തിന്റെ ഭാഗമാകണം. നിയന്ത്രണങ്ങളിൽ ഇളവുവരുന്നതോടെ രോഗികളുടെ എണ്ണംകൂടുന്നതായുള്ള അനുഭവം ചൈനയിൽ ഉണ്ടായിട്ടുണ്ട്.
ചൈനയിലും യൂറോപ്പിലും രോഗം ഭേദമായവർക്ക് വീണ്ടും വൈറസ് ബാധയുണ്ടായിട്ടുണ്ട്. ഈ സാഹചര്യത്തിൽ എല്ലാവരും രോഗഭീഷണി നേരിടുന്നവരാണ്. രോഗികളുടെ എണ്ണം ഇരട്ടിയാവുന്നതിനെടുക്കുന്ന കാലയളവ് ഇന്ത്യയിൽ 3.4 ദിവസം എന്നത് 7.5 ദിവസമായി കൂടിയത് ആശ്വാസകരമാണ്. എങ്കിലും ലോക്ക്ഡൗൺ എപ്പോൾ, എങ്ങനെ പിൻവലിക്കണമെന്ന് തീരുമാനിക്കുക പ്രയാസകരമാണ്. മരുന്ന് വിപണിയിലെത്തുംവരെ ജാഗ്രത തുടരേണ്ടതുണ്ടെന്നും ഇവർ വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates