

തിരുവനന്തപുരം : കേരള സര്‍ക്കാരിനെതിരെ മഹാരാഷ്ട്ര മോഡല്‍ സമരം നടത്തുമെന്ന പ്രതിപക്ഷ നേതാവ് രമേശ ചെന്നിത്തലയുടെ പ്രഖ്യാപനത്തെ പരിഹസിച്ച് സിപിഐ അംഗം സി കെ ആശ. ആന വായ്‌പൊളിക്കുന്നതുകണ്ട് അണ്ണാന്‍ വായ് പൊളിക്കാന്‍ നോക്കിയാല്‍ എങ്ങനെയിരിക്കും? വിയര്‍പ്പൊഴുക്കിപ്പോലും ഇതുവരെ സമരം ചെയ്ത് പാരമ്പര്യമില്ലാത്ത കോണ്‍ഗ്രസുകാരാണോ ചോരയൊഴുക്കി സമരം ചെയ്യാന്‍ പെകുന്നതെന്ന് ആശ ചോദിച്ചു. ഭക്ഷ്യം- മൃഗസംരക്ഷണ- ക്ഷീരവികസന വകുപ്പുകളിന്മേലുള്ള ധനാഭ്യര്‍ഥന ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ആശ. വിഷജീവിയെന്ന് തിരിച്ചറിഞ്ഞ് യുപിയിലെയും ബിഹാറിലെയും വോട്ടര്‍മാര്‍ മാളത്തില്‍ കയറ്റിയ ബിജെപിയെ മാളത്തില്‍തന്നെ തളച്ചിടാന്‍ കിട്ടിയ അവസരമാണ് ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പെന്നും ആശ ചൂണ്ടിക്കാട്ടി.
റേഷനരിക്ക് വല്ലാത്ത ദുര്‍ഗന്ധമാണെന്നായിരുന്നു കോൺഗ്രസ് എംഎൽഎ അനില്‍ അക്കരെയുടെ പരാതി. മുൻ സര്‍ക്കാരിന്റെ കാലത്ത് തന്റെ മണ്ഡലത്തിലെ കാരശേരി പഞ്ചായത്തിലെ ഒരു റേഷന്‍ കടയില്‍ നിന്നുവാങ്ങിയ അരിയില്‍ ചത്ത എലിയെ കണ്ടത് വിവരിച്ചാണ് ജോര്‍ജ് എം തോമസ് അനില്‍ അക്കരയ്ക്ക് മറുപടി നൽകിയത്. അക്കാലത്ത് റേഷനരി കോഴിക്ക് കൊടുത്താല്‍ കോഴി ചത്തുവീഴുമായിരുന്നു. എന്തായാലും അത്തരം കഥകളൊന്നും നാട്ടിലാരും ഇപ്പോള്‍ പറയുന്നില്ലെന്നും ജോര്‍ജ് എം തോമസ് ചൂണ്ടിക്കാട്ടി.
ഏറ്റവും പുതിയ വിളവെടുപ്പിലെ നെല്ലുകുത്തിയ അരിയാണ് റേഷന്‍ കടകള്‍ മുഖേന ഇപ്പോള്‍ വിതരണം ചെയ്യുന്നതെന്ന് ധനാഭ്യര്‍ഥന ചര്‍ച്ചയ്ക്ക് മറുപടി പറഞ്ഞ ഭക്ഷ്യമന്ത്രി പി തിലോത്തമന്‍ അറിയിച്ചു. ധാന്യസംഭരണ ഗോഡൗണുകളിൽ കീടനാശിനി പ്രയോഗം നടത്തുന്നില്ല. ഗുണനിലവാര പരിശോധനകള്‍ പൂര്‍ത്തിയാക്കിയശേഷമാണ് ഭക്ഷ്യധാന്യങ്ങള്‍ വിതരണത്തിനെത്തിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
പല കാരണങ്ങളാല്‍ ലൈസന്‍സികള്‍ മുടക്കിയിട്ടിരിക്കുന്ന റേഷന്‍ കടകള്‍ കുടുംബശ്രീ യൂണിറ്റുകള്‍ക്ക് കൈമാറണമെന്നാണ് ബി ഡി ദേവസി നിര്‍ദേശം വച്ചത്. അഗതി മന്ദിരങ്ങള്‍ക്കും മറ്റുമുള്ള റേഷന്‍ വിഹിതം വര്‍ധിപ്പിക്കണമെന്നും ദേവസി ആവശ്യപ്പെട്ടു. നിയമസഭകളിലെയും പാര്‍ലമെന്റിലെയും കണക്കുകളിലല്ല, രാജ്യത്തെ കര്‍ഷകരുടെയും തൊഴിലാളികളുടെയും ഹൃദയത്തിലാണ് ഇടതുപക്ഷം സ്ഥാനംപിടിച്ചിരിക്കുന്നതെന്ന് മഹാരാഷ്ട്രയിലെ കര്‍ഷകപ്രക്ഷോഭം ചൂണ്ടിക്കാട്ടി ഡി കെ മുരളി പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates