

കൊച്ചി: എഴുന്നള്ളത്ത് അടക്കമുള്ള ജോലികള്‍ക്കായി നാട്ടാനകളെ പീഡിപ്പിക്കുന്നതിനെതിരെ കര്‍ശന നടപടിയുമായി ജില്ലാ ഭരണകൂടം. ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫിറുള്ളയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന നാട്ടാനകളുടെ പരിപാലനവുമായി ബന്ധപ്പെട്ട ഏകോപന സമിതിയാണ് നടപടികള്‍ക്ക് രൂപം നല്‍കിയത്. കാക്കനാട് പാട്ടുപുരയ്ക്കല്‍ ക്ഷേത്രത്തില്‍ കാലില്‍ പഴുപ്പു നിറഞ്ഞ വ്രണമുള്ള ആനയെ എഴുന്നള്ളിച്ചതടക്കമുള്ള സംഭവങ്ങളെ തുടര്‍ന്നാണ് സമിതിയുടെ തീരുമാനം.
കാക്കനാട് പാട്ടുപുരയ്ക്കല്‍ ക്ഷേത്രത്തില്‍ എഴുന്നള്ളിച്ച ആനയെ നേരില്‍ പരിശോധിക്കാതെയാണ് വെറ്ററിനറി സര്‍ജനായ ഡോ. എബ്രഹാം തരകന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയതെന്ന് സമിതിയ്ക്ക് ബോധ്യപ്പെട്ടു. സര്‍ക്കാര്‍ വെറ്ററിനറി സര്‍ജനല്ലാത്ത എബ്രഹാം തരകന്‍ ഇത്തരത്തില്‍ ചട്ടവിരുദ്ധമായി സര്‍ട്ടിഫിക്കറ്റ് നല്‍കിയതിനെ കുറിച്ച് അന്വേഷിക്കാന്‍ സാമൂഹ്യ വനവല്‍ക്കരണ വിഭാഗം അസിസ്റ്റന്റ് കണ്‍സര്‍വേറ്ററെ ചുമതലപ്പെടുത്തി.
ജില്ലയില്‍ ഈ ഉത്സവ സീസണില്‍ ആനകള്‍ക്ക് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ കോടനാട്ടുള്ള വനം വകുപ്പിന്റെ അസിസ്റ്റന്റ് ഫോറസ്റ്റ് വെറ്ററിനറി ഓഫീസര്‍മാര്‍ക്ക് മാത്രമാണ് അധികാരമെന്നും കളക്ടര്‍ വ്യക്തമാക്കി. ഈ സീസണിന് ശേഷം ആനകള്‍ക്ക് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനായി അഞ്ച് സര്‍ക്കാര്‍ വെറ്ററിനറി ഡോക്ടര്‍മാര്‍ അടങ്ങിയ പാനലിന് രൂപം നല്‍കും. 15 ദിവസമാണ് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റിന്റെ സാധുത.
ആനകളെ ഒരിടത്തു നിന്നും മറ്റൊരിടത്തേക്ക് കൊണ്ടുപോകുന്നതില്‍ വേനല്‍ക്കാലത്തെ കനത്ത ചൂട് കണക്കിലെടുത്ത് നിയന്ത്രണമേര്‍പ്പെടുത്താനും യോഗം തീരുമാനിച്ചു. രാവിലെ ആറിനും വൈകിട്ട് ആറിനുമിടയില്‍ ആനകളെ നടത്തിയോ വാഹനത്തിലോ കൊണ്ടുപോകുന്നത് അനുവദിക്കില്ല. വൈകിട്ട് ആറു മണിക്കും പുലര്‍ച്ചെ ആറു മണിക്കും ഇടയില്‍ മാത്രമേ ആനകളുടെ നീക്കം അനുവദിക്കുകയുള്ളൂ. തീരുമാനം നടപ്പില്‍ വരുത്താന്‍ പൊലീസ്, വനം വകുപ്പുകള്‍ രംഗത്തുണ്ടാകും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates