ആന്തൂര്‍ : പി കെ ശ്യാമളയ്‌ക്കെതിരെ നടപടിക്ക് സാധ്യത ;  ചെയര്‍പേഴ്‌സണെതിരെ തളിപ്പറമ്പ് ഏരിയ കമ്മിറ്റിയില്‍ രൂക്ഷവിമര്‍ശനം ; നടപടിക്ക് ശുപാര്‍ശ

സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ നേതൃത്വത്തില്‍ ചേര്‍ന്ന അടിയന്തരയോഗമാണ് നടപടിക്ക് ശുപാര്‍ശ ചെയ്തത്
ആന്തൂര്‍ : പി കെ ശ്യാമളയ്‌ക്കെതിരെ നടപടിക്ക് സാധ്യത ;  ചെയര്‍പേഴ്‌സണെതിരെ തളിപ്പറമ്പ് ഏരിയ കമ്മിറ്റിയില്‍ രൂക്ഷവിമര്‍ശനം ; നടപടിക്ക് ശുപാര്‍ശ
Updated on
1 min read

കണ്ണൂര്‍: പ്രവാസി വ്യവസായി സാജന്റെ മരണത്തില്‍ ആന്തൂര്‍ നഗരസഭാ അധ്യക്ഷക്കെതിരേ നടപടി വേണമെന്ന് തളിപ്പറമ്പ് ഏരിയ കമ്മിറ്റിയുടെ ശുപാര്‍ശ. സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ നേതൃത്വത്തില്‍ ചേര്‍ന്ന അടിയന്തരയോഗമാണ് നടപടിക്ക് ശുപാര്‍ശ ചെയ്തത്.  പി കെ ശ്യാമളയുടെ പ്രവൃത്തി പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്ന് അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. 

സാജന്റെ മരണത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് ശ്യാമളക്ക് ഒഴിഞ്ഞുമാറാനാകില്ല. പലതരത്തിലുള്ള വീഴ്ചകള്‍ സംഭവിച്ചിട്ടുണ്ട്. നഗരസഭാ അധ്യക്ഷ എന്ന നിലയില്‍ സമ്പൂര്‍ണ പരാജയമാണ് പി കെ ശ്യാമള എന്നും ഏരിയ കമ്മിറ്റി യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു. ഏകപക്ഷീയമായ പ്രവര്‍ത്തന ശൈലിയാണ് അധ്യക്ഷ തുടരുന്നത്. ഫണ്ട് വിനിയോഗത്തിലടക്കം ഇത് പ്രകടമാണ്. ശ്യാമളയെ ചെയര്‍പേഴ്‌സണ്‍ പദവിയില്‍ നിന്നും മാറ്റണമെന്നും ആവശ്യമുയര്‍ന്നു.

നഗരസഭാ അംഗങ്ങളുടെ വിമര്‍ശനങ്ങളോ നിര്‍ദ്ദേശങ്ങളോ സ്വീകരിക്കാന്‍ തയാറാകാത്ത വ്യക്തിയാണ് അധ്യക്ഷ എന്ന തരത്തിലുള്ള ആരോപണങ്ങളും യോഗത്തില്‍ ഉയര്‍ന്നു. പാര്‍ട്ടി അനുഭാവിയായ സാജന്‍ നഗരസഭ ചെയര്‍പേഴ്‌സന്റെ നടപടിയെക്കുറിച്ച് മുഖ്യമന്ത്രിക്ക് അടക്കം പരാതി നല്‍കിയിരുന്നു. പാര്‍ട്ടിയിലെ മുതിര്‍ന്ന  നേതാക്കളുമായി ചര്‍ച്ചചെയ്തതും പി കെ ശ്യാമളയെ പ്രകോപിപ്പിച്ചിരുന്നതായും യോഗം വിലയിരുത്തി. 

ഈ സാഹചര്യത്തിലാണ് ശ്യാമളക്കെതിരേ നടപടി വേണമെന്ന ആവശ്യം ഉയര്‍ന്നത്. ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി അടിയന്തരമായി ജില്ലാ കമ്മിറ്റി യോഗം ചേരും. ശനിയാഴ്ച നടക്കുന്ന സംസ്ഥാന കമ്മിറ്റിയിലും ഇത് സംബന്ധിച്ച ചര്‍ച്ച നടക്കുമെന്നാണ് സൂചന. കേന്ദ്രകമ്മിറ്റി അംഗം എം വി ഗോവിന്ദന്റെ ഭാര്യയായ പി കെ ശ്യാമള, സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗമാണ്. 

വിഷയത്തില്‍ പാര്‍ട്ടി പ്രതിരോധത്തിലായ സ്ഥിതിക്ക് നാളെ സിപിഎം തളിപ്പറമ്പിലെ ധര്‍മശാലയില്‍ രാഷ്ട്രീയവിശദീകരണ യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്. വിഷയത്തില്‍ പാര്‍ട്ടി അംഗങ്ങളോട് വിഷയം സംസാരിക്കാനും സമവായമുണ്ടാക്കാനും ലോക്കല്‍ കമ്മിറ്റികള്‍ അടിയന്തരമായി വിളിച്ചു ചേര്‍ക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. നാളെ നടക്കുന്ന രാഷ്ട്രീയ വിശദീകരണയോഗത്തില്‍ എം വി ഗോവിന്ദന്‍ പങ്കെടുത്തേക്കില്ല. 

സി ഒ ടി നസീര്‍ വിഷയത്തില്‍ ആരോപണമുയര്‍ന്ന് ദിവസങ്ങള്‍ പിന്നിടും മുന്‍പേയാണ് ആന്തൂരിലും സിപിഎമ്മിനുള്ളിലെ വിഭാഗീയത ചര്‍ച്ചയാവുന്നത്. എം വി ഗോവിന്ദനെ മറികടന്ന് പി ജയരാജന്‍ ഇടപെട്ട് സാജന് അനുകൂലമായി ആദ്യഘട്ടത്തില്‍ തീരുമാനം വന്നതില്‍ മറുപക്ഷത്തിന് അതൃപ്തിയുണ്ടായിരുന്നു. ഇത് പദ്ധതിയെ തന്നെ ബാധിച്ചുവെന്നാണ് ആക്ഷേപം. ഇതേ ആന്തൂര്‍ നഗരസഭയിലാണ് ഉഡുപ്പക്കുന്നില്‍ ഇ പി ജയരാജന്റെ മകന് പങ്കാളിത്തമുള്ള ആയുര്‍വേദ റിസോര്‍ട്ട് കുന്നിടിച്ച് നിര്‍മ്മാണം നടക്കുന്നതെന്ന് ബിജെപിയും കോണ്‍ഗ്രസും ചൂണ്ടിക്കട്ടുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com