

തിരുവനന്തപുരം: ബ്രേക്ക് ദ ചെയിന്‍ ക്യാമ്പയിന്‍ മൂന്നാം ഘട്ടത്തിലേക്ക് കടന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ജീവന്റെ വിലയുള്ള ജാഗ്രത എന്ന മുദ്രാവാക്യമാണ് ഈ ഘട്ടത്തില്‍ ഉയര്‍ത്തുന്നത്. കോവിഡ് ബാധിതരില്‍ 60 ശതമാനം പേര്‍ രോഗലക്ഷണമില്ലാത്തവരാണ്. ബ്രേക്ക് ദ ചെയിന്‍ കാമ്പയിന്റെ ഭാഗമായി 'ആരില്‍ നിന്നും രോഗം പകരാം' എന്ന പ്രധാന ജാഗ്രതാ നിര്‍ദേശം പൊതുജനങ്ങള്‍ക്ക് നല്‍കുന്നുവെന്നും മുഖ്യമന്ത്രി അറിയിച്ചു.
രോഗലക്ഷണമുള്ളവരെ തിരിച്ചറിയാന്‍ സാധിക്കും. എന്നാല്‍ അങ്ങനെ ലക്ഷണങ്ങളില്ലാത്തവരെ തിരിച്ചറിയാനാവില്ല. ആരില്‍നിന്നും രോഗം പകരാം എന്ന ജാഗ്രതാ നിര്‍ദേശം ഇതിന്റെ ഭാഗമാണ്. നമ്മള്‍ നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുന്ന മാര്‍ക്കറ്റുകള്‍, തൊഴിലിടങ്ങള്‍, വാഹനങ്ങള്‍, ആശുപത്രികള്‍, പൊതുസ്ഥലങ്ങള്‍ തുടങ്ങിയ ഇടങ്ങളില്‍നിന്ന് ആരില്‍നിന്നും ആര്‍ക്കും രോഗം വരാം. ഒരാളില്‍നിന്ന് ചുരുങ്ങിയത് രണ്ട് മീറ്റര്‍ അകലം പാലിച്ചുകൊണ്ട് സ്വയം സുരക്ഷിതരായിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണം.
ഇടപഴകുന്ന എല്ലാ സ്ഥലങ്ങളിലും ചുറ്റും രണ്ടു മീറ്റര്‍ അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. ഈ സുരക്ഷിത വലയത്തില്‍ നിന്നുകൊണ്ട് മാസ്‌ക് ധരിക്കുകയും കൈകള്‍ സോപ്പ്, സാനിറ്റൈസര്‍ എന്നിവ ഉപയോഗിച്ച് അണുമുക്തമാക്കാനുമാകണം. ആള്‍ക്കൂട്ടം ഒരു കാരണവശാലും അനുവദിക്കരുത്. മരണം കുറയ്ക്കാനായത് നമ്മുടെ ജാഗ്രത മൂലമാണ്. അതുകൊണ്ട് ജാഗ്രതക്ക് ജീവന്റെ വിലയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates