ആലപ്പാട് ഖനനം : മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോ​ഗം വൈകീട്ട് ; ഖനനത്തിനെതിരായ ഹർജി ഇന്ന് ഹരിത ട്രൈബ്യൂണലിൽ

വൈകിട്ട് മൂന്നിന് ഉന്നത ഉദ്യോഗസ്ഥരുടെയും നാലിന് ജനപ്രതിനിധികളുടെയും യോഗം ചേരും
ആലപ്പാട് ഖനനം : മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോ​ഗം വൈകീട്ട് ; ഖനനത്തിനെതിരായ ഹർജി ഇന്ന് ഹരിത ട്രൈബ്യൂണലിൽ
Updated on
1 min read

തിരുവനന്തപുരം: ആലപ്പാട് കരിമണല്‍ ഖനനത്തിന് എതിരെ നടക്കുന്ന സമരത്തിന് പരിഹാരം കണ്ടെത്താന്‍ മുഖ്യമന്ത്രി ഇടപെടുന്നു. ഇതിന്റെ ഭാ​ഗമായി മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചു ചേർത്ത ഉന്നത തല യോ​ഗം ഇന്ന് നടക്കും. മന്ത്രിമാർ, ജനപ്രതിനിധികൾ, സമരക്കാർ, ഐആർഇ പ്രതിനിധികൾ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുക്കുമെന്നാണ് റിപ്പോർട്ടുകൾ. 

വൈകിട്ട് മൂന്നിന് ഉന്നത ഉദ്യോഗസ്ഥരുടെയും നാലിന് ജനപ്രതിനിധികളുടെയും യോഗം ചേരും. മുഖ്യമന്ത്രിക്കു പുറമേ വ്യവസായ മന്ത്രി ഇ.പി ജയരാജനും മന്ത്രി മെഴ്‌സിക്കുട്ടി അമ്മയും യോഗത്തില്‍ പങ്കെടുക്കും. കൊല്ലത്തു നിന്നുള്ള എംഎല്‍എമാര്‍, എംപിമാര്‍, ജില്ലാ കളക്ടര്‍, പഞ്ചായത്ത്,ബ്ലോക്ക് അംഗങ്ങള്‍ എന്നിവരെയും യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. സമരം അവസാനിപ്പിക്കണമെന്ന ആവശ്യം ശക്തമാകുന്ന പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ ഇടപെടൽ. 

ആലപ്പാട്ടെ കരിമണല്‍ ഖനനം നിര്‍ത്താമെന്ന് ആരെങ്കിലും വിചാരിക്കുന്നുണ്ടെങ്കില്‍ അതു നടക്കില്ലെന്ന് വ്യവസായ മന്ത്രി ഇപി ജയരാജന്‍ അഭിപ്രായപ്പെട്ടിരുന്നു. ഖനനം നിര്‍ത്തുന്ന ഒരു നടപടിയും സര്‍ക്കാര്‍ സ്വീകരിക്കില്ല. ആലപ്പാട്ട് നടത്തുന്ന സമരം എന്തിനെന്ന് അറിയില്ല. കരിമണല്‍ വിലപിടിപ്പുള്ള പ്രകൃതി വിഭവമാണ്. അത് ഉപയോഗിക്കാതിരുന്നാല്‍ ലോകം നമ്മെ പരിഹസിക്കും. രാജാവിന്റെ കാലത്തു തുടങ്ങിയ ഖനനമാണ് അവിടത്തേത്. ഇപ്പോള്‍ രണ്ടു പൊതുമേഖലാ സ്ഥാപനങ്ങളാണ് ഖനനം നടത്തുന്നത്. ഈ കമ്പനികള്‍ പൂട്ടണമെന്നാണോ സമരക്കാര്‍ പറയുന്നതെന്ന് ജയരാജന്‍ ചോദിച്ചിരുന്നു. 

ആലപ്പാട്ടെ വിഷയങ്ങളെക്കുറിച്ച് സര്‍ക്കാരിന് നല്ല ബോധമുണ്ടെന്നും വിശദമായി വരിശോധിച്ച് സര്‍ക്കാര്‍ ഉചിത നടപടി സ്വീകരിക്കുമെന്നും മന്ത്രി ഇ പി ജയരാജന്‍ വ്യക്തമാക്കി. സര്‍ക്കാര്‍ ജനങ്ങള്‍ക്ക് ഒപ്പമാണെന്നും സമരസമിതി ചര്‍ച്ചയ്ക്ക് തയ്യാറാകണമെന്നും മന്ത്രി ജെ മെഴ്‌സിക്കുട്ടിയമ്മ പറഞ്ഞിരുന്നു. വ്യവസായ വകുപ്പ് ഇക്കാര്യത്തില്‍ മുന്‍കൈ എടുക്കുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. വിഷയത്തില്‍ എല്‍ഡിഎഫില്‍ ഭിന്നതയില്ലെന്ന് വ്യക്തമാക്കി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും രംഗത്ത് വന്നിരുന്നു. 

അതിനിടെ, ആലപ്പാട് കരിമണല്‍ ഖനന വിഷയത്തില്‍ സമർപ്പിച്ച ഹർജി ദേശീയ ഹരിത ട്രൈബ്യൂണല്‍ ഇന്ന് പരി​ഗണിക്കും. ജസ്റ്റിസ് എ കെ ഗോയല്‍ അധ്യക്ഷനായ ബഞ്ചാണ്  കേസ് പരിഗണിക്കുന്നത്.  പൊതുമേഖലാ സ്ഥാപനമായ ഐആര്‍ഇ നടത്തുന്ന ഖനനം അനധികൃതമാണെന്നും പരിസ്ഥിതിക്ക് പ്രശനമുണ്ടാക്കുന്നുവെന്നും ആരോപിച്ച് പ്രദേശവാസികള്‍ സമരത്തിലാണ്. ഖനനം പാരിസ്ഥിതിക ആഘാതമുണ്ടാക്കുമെന്ന് നിയമസഭാ സമിതി ചെയര്‍മാന്‍ ആയിരുന്ന മുല്ലക്കര രത്‌നാകരന്‍ നേരത്തേ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. 

ആലപ്പാട് പഞ്ചായത്തിലെ 89.5 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍ ഐആര്‍ഇ ഖനനം നടത്തുന്നുവെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ഇത്തരത്തില്‍ ഖനനം തുടര്‍ന്നാല്‍ ആലപ്പാട് ഗ്രാമം ഇല്ലാതെയാകുമെന്ന ആശങ്കയും അവര്‍ മുന്നോട്ട് വയ്ക്കുന്നുണ്ട്.  ഖനനത്തിനെതിരെ പ്രദേശവാസിയായ കെ എം സക്കീര്‍ ഹൈക്കോടതിയിലും ഹർജി നൽകിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാരിനും ഐആര്‍ഇയ്ക്കും നോട്ടീസും അയച്ചിട്ടുണ്ട്. അടുത്ത ആഴ്ചയാണ് കോടതി ഹര്‍ജി പരിഗണിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com