തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ ആലപ്പുഴ മണ്ഡലത്തിൽ ഷാനിമോൾ ഉസ്മാന്‍റെ പരാജയ കാരണം സംഘടനാപരമായ വീഴ്ചയെന്ന് കോൺഗ്രസ് അന്വേഷണ സമിതി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടി വരും. നാല് ബ്ലോക്ക് കമ്മിറ്റികള്‍ക്ക് വീഴ്ച സംഭവിച്ചതായി റിപ്പോർട്ടിൽ പറയുന്നുണ്ട്.
നടപടി വേണമെന്ന റിപ്പോര്‍ട്ട് അന്വേഷണ സമിതി അധ്യക്ഷൻ കെവി തോമസ് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് കൈമാറി. റിപ്പോര്‍ട്ട് ഗൗരവമായി കാണുന്നതായും പഠിച്ച ശേഷം നാളെ തന്നെ നടപടിയെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ അറിയിച്ചു. മുൻ കാല റിപ്പോർട്ടുകളുടെ ഗതി ഉണ്ടാകില്ല. ശുപാര്‍ശകള്‍ പരമാവധി നടപ്പാക്കുമെന്നും റിപ്പോര്‍ട്ട് പരസ്യമാക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു. കെപിസിസി പുനഃസംഘടിപ്പിക്കാനും ഞായറാഴ്ച രാഷ്ട്രീയകാര്യ സമിതിയില്‍ ഇതുസംബന്ധിച്ച് ചര്‍ച്ച നടത്താനും തീരുമാനമുണ്ട്.
തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിൽ ജില്ലയിലെ മുതിർന്ന നേതാക്കൾ അടക്കം വീഴ്ചവരുത്തിയെന്നാണ് കെ വി തോമസ് അധ്യക്ഷനായ മൂന്നംഗ സമിതിയുടെ റിപ്പോര്‍ട്ട്. കെവി തോമസ്, പിസി വിഷ്ണുനാഥ്, കെപി കുഞ്ഞിക്കണ്ണൻ എന്നിവരടങ്ങിയ മൂന്നംഗ സമിതിയാണ് ആലപ്പുഴ തോൽവിയെക്കുറിച്ച് അന്വേഷിച്ചത്. ആറ് ദിവസം ജില്ലയിൽ ക്യാമ്പ് ചെയ്ത് ആലപ്പുഴ മണ്ഡലത്തിലെ മുഴുവൻ നേതാക്കളിൽ നിന്നും സമിതി തെളിവെടുത്തു.
തെരഞ്ഞെടുപ്പ് പ്രചരണത്തിൽ പലപ്പോഴും താൻ ഒറ്റയ്ക്കായിരുന്നുവെന്ന് സ്ഥാനാർഥി തന്നെ അന്വേഷണ സമിതിയോട് വ്യക്തമാക്കിരുന്നു. ജില്ലാ കോൺഗ്രസ് കമ്മിറ്റിയിൽ തുടങ്ങി ബൂത്ത് തലം വരെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിൽ വീഴ്ച ഉണ്ടായെന്ന് സമിതിയുടെ റിപ്പോർട്ടിലുണ്ട്. ബൂത്ത് തലത്തിൽ മതിയായ പ്രവർത്തന ഫണ്ട് ലഭ്യമാക്കിയിട്ടും മിക്കവയും നിർജീവമായിരുന്നു.
ഭൂരിപക്ഷം കുറഞ്ഞുപോയ ചേർത്തല, കായംകുളം നിയമസഭാ മണ്ഡലങ്ങളിലെ കമ്മിറ്റികൾക്കെതിരെ കർശന നടപടി വേണം. ലോക്സഭാ തെരഞ്ഞെടുപ്പ് തോൽവിയുടെ പശ്ചാത്തലത്തിൽ സംഘടനാ സംവിധാനത്തിൽ അഴിച്ചുപണി വേണമെന്നും റിപ്പോർട്ട് ശുപാർശ ചെയ്യുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates