

തിരുവനന്തപുരം: കാര്‍ട്ടൂണ്‍ വിവാദത്തില്‍ ലളിതകലാ അക്കാദമി തീരുമാനം പുനഃപരിശോധിക്കണം എന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്ന സാംസ്‌കാരിക മന്ത്രി എകെ ബാലന് എതിരെ കടുത്ത വിമര്‍ശനനവുമായി സിപിഐ സംസ്ഥന സെക്രട്ടറി കാനം രാജേന്ദ്രന്‍. വിഷയത്തിലുള്ള സാംസ്‌കാരിക മന്ത്രിയുടെ പ്രതികരണങ്ങള്‍ ഇടതുപക്ഷ സമീപനമല്ലെന്ന് കാനം ആരോപിച്ചു.
ആവിഷ്‌കാര സ്വാതന്ത്ര്യം മീശ നോവല്‍ പ്രസിദ്ധീകരിക്കുമ്പോള്‍ മാത്രമേയുള്ളോ? അതൊക്കെ ഈ നാട്ടുകാര്‍ ചോദിച്ചുകൊണ്ടിരിക്കുകയാണ്. അന്ന് ആവിഷ്‌കാര സ്വാന്ത്ര്യത്തെക്കുറിച്ച് പറഞ്ഞവരാണ് ഇപ്പോള്‍ ഇങ്ങനെ പറയുന്നത്. എന്താണ് അതിലെ ന്യായം?-അദ്ദേഹം ചോദിച്ചു.
മത ചിഹ്നത്തെ അപമാനിക്കാന്‍ പാടില്ലായെന്നാണ് മന്ത്രി പറയുന്നത്. എന്നാണ് അംശവടി മതചിഹ്നമായത്? അംശവടി മതചിഹ്നമല്ല, അധികാരത്തിന്റെ ചിഹ്നമാണ്. അധികാരത്തിന്റെ ചിഹ്നത്തെ വിമര്‍ശിച്ചുകൂടാ എന്നത് ഇടതുപക്ഷ സര്‍ക്കാരിന് ഭൂഷണമായ നിലപാടല്ല- അദ്ദേഹം പറഞ്ഞു.
എല്ലാ പുരോഹിതന്‍മാര്‍ക്കും അംശവടിയില്ല, അപ്പോഴത് മതചിഹ്നമല്ല, മതത്തിന്റെ ചിഹ്നം കുരിശാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മതവികാരത്തെ വ്രണപ്പെടുത്താന്‍ സര്‍ക്കാരിന് ഉദ്ദേശ്യമില്ലെന്നും കാര്‍ട്ടൂണിന് പുരസ്‌കാരം നല്‍കിയ ലളിതകലാ അക്കാദമിയുടെ നിലപാട് പുനഃപരിശോധിക്കണം എന്നുമായിരുന്നു എകെ ബാലന്‍ പറഞ്ഞിരുന്നത്. ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ ചിത്രീകരിച്ചിരിക്കുന്ന കെകെ സുഭാഷിന്റെ കാര്‍ട്ടൂണാണ് പുരസ്‌കാരത്തിന് അര്‍ഹമായത്. ഇതിനെതിരെ ചില ക്രിസ്ത്യന്‍ സഭകള്‍ രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെ പുരസ്‌കാരം പുനഃപരിശോധിക്കില്ലെന്ന് വ്യക്തമാക്കി ലളിതകലാ അക്കാദമിയും രംഗത്ത് വന്നിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates