

കൊച്ചി: റിസർവ് ബാങ്കിൽ നിന്നെന്ന വ്യാജേന ഫോണിൽ വിളിച്ച അജ്ഞാതൻ കുസാറ്റ് മുൻ വൈസ് ചാൻസലറെ കബളിപ്പിച്ച് അക്കൗണ്ടിൽനിന്ന് 1.92 ലക്ഷം തട്ടിയെടുത്തു. കൊച്ചി സർവകലാശാല മുൻ വി സി ജെ ലതയുടെ എസ്ബിഐ കുസാറ്റ് ശാഖയിലെ അക്കൗണ്ടിൽനിന്നാണ് പണം തട്ടിയത്.
പഴയ ഡെബിറ്റ് കാർഡ് ബ്ലോക്കാക്കിയതായും പുതിയ ചിപ്പ് ഘടിപ്പിച്ചത് നൽകാനെന്നും പറഞ്ഞ് റിസർവ് ബാങ്കിൽനിന്നെന്ന വ്യാജേനയാണ് അജ്ഞാതൻ ഫോണിൽ വിളിച്ചത്. സംശയം തോന്നാതിരിക്കാൻ എസ്ബിഐയുടെ എംബ്ലം ഉള്ള വാട്ട്സ്ആപ്പ് വോയിസ് മെസേജ് അയച്ചശേഷം പിന്നാലെ ഫോണിൽ വിളിച്ച് വിവരങ്ങൾ ശേഖരിക്കുകയായിരുന്നു.
വിശ്വാസ്യതയ്ക്കായി കുസാറ്റ് രജിസ്ട്രാറുടെയും പ്രൊവൈസ് ചാൻസലറുടെയും ഡെബിറ്റ് കാർഡ് ഇടപാടുകൾ ശരിയാക്കി കൊടുത്തത് താനാണെന്നും വിളിച്ചയാൾ വ്യക്തമാക്കിയിരുന്നു. തൊട്ടുപിന്നാലെ ലതയുടെ ഫോണിലേക്ക് എത്തിയ ഒടിപി നമ്പറും വാങ്ങിയെടുത്ത് പണം പിൻവലിക്കുകയായിരുന്നു. ആദ്യം 92,500 രൂപയും പിന്നാലെ 99,999 രൂപയുമാണ് പിൻവലിച്ചത്.
ഇതിന് പിന്നാലെ ഫോണിൽ എത്തിയ സന്ദേശം കണ്ടാണ് കബളിക്കപ്പെട്ടത് മനസ്സിലായത്. വിവരം അറിഞ്ഞ ഭർത്താവ് ഉടൻ ഫോൺ വന്ന നമ്പറിലേക്ക് വിളിച്ചെങ്കിലും പ്രതികരണം ഉണ്ടായില്ല. ബ്രാഞ്ചിൽ വിളിച്ചന്വേഷിച്ചപ്പോൾ പണം പിൻവലിച്ചതായി അറിഞ്ഞു. കളമശ്ശേരി പൊലീസിൽ നൽകിയ പരാതിയിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates