'ഇടതു സർക്കാരിന് വലിയ യശസ് ഉണ്ടാകുന്നത് ചിലരെ പൊള്ളിക്കുന്നു; അപകീർത്തിപ്പെടുത്താൻ ഉപജാപ സംഘം ഇറങ്ങിയിട്ടുണ്ട്'

'ഇടതു സർക്കാരിന് വലിയ യശസ് ഉണ്ടാകുന്നത് ചിലരെ പൊള്ളിക്കുന്നു; അപകീർത്തിപ്പെടുത്താൻ ഉപജാപ സംഘം ഇറങ്ങിയിട്ടുണ്ട്'
'ഇടതു സർക്കാരിന് വലിയ യശസ് ഉണ്ടാകുന്നത് ചിലരെ പൊള്ളിക്കുന്നു; അപകീർത്തിപ്പെടുത്താൻ ഉപജാപ സംഘം ഇറങ്ങിയിട്ടുണ്ട്'
Updated on
1 min read

തിരുവനന്തപുരം: ഉപജാപങ്ങൾ നടത്തുന്ന സംഘം സർക്കാരിനെ അപകീർത്തിപ്പെടുത്താൻ ഇറങ്ങിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.  ഇടതു സർക്കാരിന് വലിയ തോതിലുള്ള യശസ്സ് ഉണ്ടാകുന്നത് ചിലർക്ക് പൊള്ളലുണ്ടാക്കുന്നു. രാഷ്ട്രീയമായി അതിനെ നേരിടാൻ കഴിയാതെ വരുമ്പോൾ ഉപജാപങ്ങളിലൂടെ നേരിടാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം രൂക്ഷമായി പ്രതികരിച്ചു. സ്വർണക്കടത്തുമായി ബന്ധപ്പെട്ട വാർത്തകൾക്കെതിരെയായിരുന്നു മുഖ്യമന്ത്രി ഇന്നും പൊട്ടിത്തെറിച്ചത്. 

സർക്കാർ ചെയ്യേണ്ടത് എന്തെന്ന് മാധ്യമങ്ങൾ ചൂണ്ടിക്കാണിക്കുകയല്ല വേണ്ടത്‌. അന്വേഷണത്തിന്റെ ഭാഗമായി നടത്തിയ കാര്യങ്ങൾ അങ്ങനെ നടക്കട്ടെ എന്നാണ് കരുതേണ്ടത്. ഒരു വസ്തുതയും ഇല്ലാതെ സർക്കാരിനെ കുറ്റപ്പെടുത്തുന്ന സ്ഥിതിയാണുണ്ടായത്. മാധ്യമങ്ങൾ ശരിയായ കാര്യങ്ങളാണ് നിർവഹിക്കേണ്ടത്. എന്നാൽ മാധ്യമങ്ങൾ അതിന് തയ്യാറാകുന്നില്ലെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥർ ഉൾപ്പെടുമ്പോൾ ഇത്തരം ചോദ്യങ്ങളുണ്ടാകുന്നത് സ്വാഭാവികമല്ലേ എന്ന് മാധ്യങ്ങൾ ചോദിച്ചപ്പോൾ ഇതുമായി ബന്ധപ്പെട്ട് സ്വാഭാവികമായ ചോദ്യങ്ങളല്ല മാധ്യമങ്ങളുടെ ഭാഗത്തു നിന്നുണ്ടാകുന്നത് എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സ്വാഭാവികമായിരുന്നെങ്കിൽ, ആരോപണം ഉയർന്ന ഉദ്യോഗസ്ഥനെതിരെ നടപടി എടുത്തു കഴിഞ്ഞാൽ ആ ചോദ്യങ്ങൾ അവസാനിക്കുമായിരുന്നു. എന്നാൽ അതല്ല, കേരളത്തിലെ മുഖ്യമന്ത്രി ഇത്തരം കാര്യങ്ങൾക്കെല്ലാം കൂട്ടുനിൽക്കുന്ന ആളാണെന്ന് വരുത്തിത്തീർക്കുകയാണ് മാധ്യമങ്ങൾക്ക് വേണ്ടത്. അതിനായി ഒരു സംഘം ഇറങ്ങിത്തിരിച്ചിട്ടുണ്ട്. ആ സംഘത്തിന്റെ ജോലിയാണ് മാധ്യമങ്ങൾ നിറവേറ്റുന്നതെന്നും പിണറായി പ്രതികരിച്ചു. 

സ്പ്രിംക്ലറുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ ഇപ്പോഴും കോടതിയുടെ മുന്നിൽ നിൽക്കുകയാണ്. മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി ഇരിക്കുന്ന ആൾക്ക് വഴിവിട്ട ബന്ധങ്ങളുണ്ടായെന്ന ആരോപണം ഉയർന്നപ്പോഴാണ് നടപടിയുണ്ടായത്. സ്പ്രിംക്ലറുമായി ബന്ധപ്പെട്ട ആരോപണങ്ങളും പിന്നീടുള്ള സംഭവങ്ങളും വെവ്വേറെ വേണം കാണാനെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇന്നത്തെ മുഖ്യമന്ത്രി പഴയ മുഖ്യമന്ത്രിയുടെ രീതിയിലാണെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് പഴയ മുഖ്യമന്ത്രിയുടെ ഓഫീസ് പോലെയാണെന്നും വരുത്തിത്തീർക്കാനാണ് ശ്രമം നടക്കുന്നത്. രാഷ്ട്രീയമായി സർക്കാരിനെ അപകീർത്തിപ്പെടുത്താൻ പല മാർഗങ്ങളും സ്വീകരിക്കുന്നു. അപകീർത്തിപ്പെടുത്താൻ എങ്ങനെ സാധിക്കും എന്നതിനും പ്രൊഫഷണലിസം ഉപയോഗിക്കുന്നുണ്ട്. അതിനൊപ്പം ചില മാധ്യമങ്ങളും ചേരുകയാണ്. 

സ്വർണക്കടത്ത് വഷയത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിന് ബന്ധമുണ്ടെന്നു വരുത്താൻ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് വിളിച്ചു എന്ന വാർത്ത വന്നു. വസ്തുതയില്ലാതെ എങ്ങനെ അങ്ങനെയൊരു വാർത്ത വന്നു? ജനങ്ങൾ എല്ലാം കാണുന്നുണ്ട്. അതുകൊണ്ടാണ് തെറ്റായ ആരോപണങ്ങൾ ഉയരുമ്പോഴും ഒരുതരത്തിലുള്ള മനഃ ചാഞ്ചല്യവും തനിക്കില്ലാത്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് സ്വപ്നയ്ക്ക് പണം ലഭിച്ചെന്ന ആരോപണം മുഖ്യമന്ത്രി തള്ളി. യുഎഇ ചാരിറ്റബിൾ സ്ഥാപനമായ റെഡ് ക്രസന്റ് നേരിട്ടാണ് പദ്ധതി നടപ്പാക്കിയത്. സർക്കാർ വീടുവയ്ക്കാൻ സ്ഥലം നൽകുക മാത്രമാണ് ചെയ്തത്. തട്ടിപ്പ് നടന്നിട്ടുണ്ടെങ്കിൽ അന്വേഷണത്തിൽ തെളിയും. സ്വപ്നയ്ക്ക് ഭരണത്തിൽ എങ്ങനെ സ്വാധീനമുണ്ടാകുമെന്നും മുഖ്യമന്ത്രി ചോദിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com