

ഇന്ന് രണ്ടാം പിണറായി മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ നാം,പൗരന്മാര്‍,ഓര്‍ക്കേണ്ടത് 'പ്രതിപക്ഷ ബെഞ്ചില്‍ ആരെങ്കിലുമിരുന്നോ എന്നാണ്. ആ ബെഞ്ചില്‍ ഇതെഴുതുന്ന നിമിഷം വരെയും ആരും ഇരുന്നിട്ടില്ല. കോണ്‍ഗ്രസ് കേരളത്തില്‍ ഇനി 'മുസ്ലിം ലീഗി'ന്റെ നിഴലില്‍ നില്‍ക്കുന്ന ഒരു പാര്‍ട്ടിയാണ്. മതനിരപേക്ഷ മലയാളികളുടെ മനസ്സാക്ഷി വോട്ട് നേടി ഇനി കോണ്‍ഗ്രസ്സിന് ഒരു തിരിച്ചു വരവുണ്ടാകുമോ? യാഥാസ്ഥിതിക സവര്‍ണ ഹിന്ദു സമൂഹത്തിന്റെ അഭിലാഷങ്ങള്‍ തുറന്ന മനസ്സോടെ അംഗീകരിക്കാറുള്ള കോണ്‍ഗ്രസ്സിന് മുന്നില്‍ മലയാളികള്‍ വാതിലടച്ചതിന്റെ കാരണം, 'നേതൃശേഷിയിലുള്ളവര്‍ കാണിക്കുന്ന ഭാവന'യുടെ അഭാവമാണ്. പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടിയുടെ മേല്‍ക്കൂരയില്‍ ഒരു ചെറുപ്പക്കാരന്‍ കയറിയ ആ ദൃശ്യമാണ് ഇന്ന് നാം ഓര്‍ക്കേണ്ടത്.ഈ വിധം ഒരു കോമഡി പോലെ തോന്നുന്ന നിമിഷങ്ങളിലൂടെ മലയാളികള്‍ ഇക്കഴിഞ്ഞ ദിവസങ്ങളില്‍ കടന്നു പോകുമായിരുന്നു, യു.ഡി.എഫ് ആണ് അധികാരത്തില്‍ വന്നിരുന്നതെങ്കില്‍! വലിയൊരു കോമഡിയാണ് കോണ്‍ഗ്രസ്. തുടര്‍ച്ചയായ ദല്‍ഹി യാത്രകള്‍, ഓടിളക്കുന്ന പ്രകടനങ്ങള്‍, ഗ്രൂപ്പുകളിയുടെ പതിനെട്ടടവുകള്‍ ഓരോ വ്യക്തിയും ഓരോ നിലപാടുകളുമായി വന്ന് ,നമുക്ക് മുന്നില്‍ നിറഞ്ഞു നിന്നേനെ.
കേരളത്തിലെ മുഖ്യധാരാ ദൃശ്യമാധ്യമങ്ങളുടെ 'ഔചിത്യ'മില്ലാത്ത തിക്കിത്തിരക്കലിന് പറ്റിയ ടീം യു ഡി എഫും, അതിന്റെ കേന്ദ്ര ബിന്ദുവുമായ കോണ്‍ഗ്രസുമാണ്. ഓരോ തൊണ്ടക്കുഴലിലേക്കും മൈക്ക് നീട്ടിപ്പിടിച്ചു പായുന്ന ദൃശ്യമാധ്യമ പ്രവര്‍ത്തകര്‍ക്ക് ,അരോചകമായ ആ മാധ്യമ രീതിക്ക്, പറ്റിയ താരങ്ങള്‍ കോണ്‍ഗ്രസിലാണുള്ളത്. പല തരം തൊണ്ടകള്‍, കാറുന്ന, പരിഹസിക്കുന്ന, പരപുച്ഛം തുളുമ്പുന്ന, ' ഗ്രൂപ്പു തൊണ്ടകള്‍ ' ആണ് കോണ്‍ഗ്രസ്.ഇത് കണ്ടു കണ്ടാണ് ജനങ്ങള്‍ കോണ്‍ഗ്രസിനെ വെറുത്തു പോയത്. രാഹുല്‍ ഗാന്ധി വന്ന് ഏതെങ്കിലും ഹോട്ടലില്‍ കയറി 'ചായയും ബോണ്ട'യും കഴിച്ചാല്‍ അത് ഒരു വാര്‍ത്തയാണ്. പിറ്റേന്ന് അതേ ഹോട്ടലില്‍ കയറി ചായ കുടിക്കുന്ന സാധാരണ പൗരന്‍ എന്നാല്‍ ആലോചിക്കുക, ഒരു ചായ കുടി വാര്‍ത്തയാക്കുന്നതില്‍ എന്തു പ്രത്യേകതയാണുള്ളത് എന്നായിരിക്കും. കേരളത്തിലെ ഏത് ചായക്കടയിലും ആര്‍ക്കു കയറിയും ചായ കുടിക്കാം. ജാതി വിലക്കുകള്‍ ഇല്ല. മേല്‍ജാതിക്കാരനെന്നോ കീഴ്ജാതിക്കാരനെന്നോ ഉള്ള വിവേചനങ്ങള്‍ ഇവിടെയില്ല. അതു കൊണ്ട് രാഹുല്‍ ചായക്കടയില്‍ കയറുന്നത് ഒരു വാര്‍ത്തയല്ല. രാഹുല്‍ ഗാന്ധിയും രമേശ് ചെന്നിത്തലയും പലസ്തീനെതിരെ നടക്കുന്ന ,കുട്ടികളെയടക്കം കൊന്നൊടുക്കുന്ന തീവ്ര വംശീയ ഉന്മൂലനത്തിനെതിരെ എന്തെങ്കിലും പറയുന്നുണ്ടോ എന്നതാണ് മതനിരപേക്ഷ മലയാളികള്‍ ഉറ്റുനോക്കുന്നത്. മൗനത്തിന്റെ മാസ്‌ക് ധരിച്ചിരിക്കുകയാണ് ഇത്തരം വിഷയങ്ങളില്‍ കോണ്‍ഗ്രസ്.സി.പി.ഐ (എം) മറയില്ലാതെ പലസ്തീന്‍ ഐക്യദാര്‍ഡ്യം ഉയര്‍ത്തിപ്പിടിക്കുന്നു.
ഇനി വരും കാലം മുസ്ലിംകള്‍ക്ക് കോണ്‍ഗ്രസ് പ്രതീക്ഷയുടെ ഒരു തുരുത്തല്ല. വ്യാജമായ രക്ഷാകര്‍തൃത്വമാണ് അവരുടേത്. ഹിന്ദുക്കള്‍ക്കും മുസ്ലിമുകള്‍ക്കുമിടയിലെ രാഷ്ട്രീയമായ ഭിന്നതകളുടെ ഗുണഭോക്താക്കളായിരുന്നു, ഇത്രയും കാലം അവര്‍.ന്യൂനപക്ഷത്തിന്റെ 'ഭയ'മാണ് അവരുടെ രാഷ്ട്രീയ ഡിപ്പോസിറ്റ്. ഓരോ തിരഞ്ഞെടുപ്പ് നാളിലും 'ഭയം ' എന്ന ഈ ഡിപ്പോസിറ്റ് അവര്‍ പുതുക്കിക്കൊണ്ടേയിരുന്നു. കോണ്‍ഗ്രസിനെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് കാലത്ത് വിശ്വസിച്ചിരുന്ന മുസ്ലിം സമൂഹം, 'മുസ്ലിംകള്‍ക്കു വേണ്ടി സംസാരിക്കാന്‍ മടിക്കുന്ന ആ തൊണ്ടകള്‍ക്ക് മാസ്‌കിട്ടു ' എന്നതാണ് നിയമസഭാ ഇലക്ഷനില്‍ കണ്ടത്. ആചാര സംരക്ഷണവും യാഥാസ്ഥിതികതയും ഓടിളക്കുന്ന കോമഡികളുമൊക്കെയായപ്പോള്‍ ആ പതനം പൂര്‍ത്തിയായി.തോളില്‍ കയ്യിടുന്ന 'സോപ്പിടല്‍ രാഷ്ട്രീയം' ആര്‍ക്കു വേണം? രമേശ് ചെന്നിത്തല പഴയ ചില വി.എസ് ഉപദേശകരില്‍ വെച്ചു പുലര്‍ത്തിയ അമിതമായ ആത്മവിശ്വാസവും ഫലം കണ്ടില്ല. പി.കെ കുഞ്ഞാലിക്കുട്ടി ഒരു തരംഗമായില്ലെന്നു മാത്രമല്ല, 'ചിന്തിക്കുന്ന മുസ്ലിം പെണ്‍കുട്ടികള്‍ ' ഉള്ള വീടുകളായി മുസ്ലിം വീടുകള്‍ മാറുകയാണെന്ന ചിന്ത മുസ്ലിം ലീഗിനും കുഞ്ഞാലിക്കുട്ടിക്കും ഇല്ലാതെ പോയി. മുസ്ലിം ലീഗിലെ പരമ്പരാഗത ആണ്‍ വോട്ടുകള്‍ സമാഹരിക്കാന്‍ കുഞ്ഞാലിക്കുട്ടിയുടെ സാന്നിദ്ധ്യം കൊണ്ട് സാധിച്ചിട്ടുണ്ട്. പക്ഷെ, തലമുറ മാറുകയാണ്.
ഈ തിരഞ്ഞെടുപ്പില്‍ മുസ്ലികള്‍ മൂലക്കിരുത്തിയ ഒരു പാര്‍ട്ടിയുണ്ട്, ജമാഅത്തെ ഇസ്ലാമിയുടെ വെല്‍ഫെയര്‍ പാര്‍ട്ടി. സോഷ്യല്‍ മീഡിയകള്‍ സജീവമായതോടെ ജമാഅത്തെ ഇസ്ലാമി ,'മാധ്യമം' വഴി മുസ്ലിംകള്‍ക്കിടയിലുണ്ടാക്കിയ ബൗദ്ധികമായ മേല്‍ക്കോയ്മ നഷ്ടപ്പെട്ടിട്ടുണ്ട്. അനുദിനം അപ്‌ഡേറ്റ് ആവുകയാണ് ഓണ്‍ലൈനില്‍ ഇസ്ലാമിക ലോകം. സൗദി പോലും പുതിയ ചിന്തകള്‍ക്ക് വാതില്‍ തുറന്നിട്ടിരിക്കുകയാണ്.മത സംഘടനകളുടെ രക്ഷാകര്‍തൃത്വവും പതുക്കെ മുസ്ലിമുകള്‍ കൈയൊഴികയാണ്.
അപ്പോള്‍ മലയാളീ മുസ്ലിംകള്‍ക്കും മതനിരപേക്ഷ ഹിന്ദു സമൂഹത്തിനും വന്ന പുതിയ മാറ്റങ്ങള്‍ മനസ്സിലാക്കാതെ, അവ പരിഗണിക്കാതെ, കോണ്‍ഗ്രസ്സിന് ഒരു തിരിച്ചു വരവ് സാധ്യമല്ല. അടഞ്ഞ ലോകത്തിരുന്ന് നാം കൂടുതല്‍ ആചാരവും വിശ്വാസവും പറയാതിരിക്കുന്നതാണ് നല്ലത്.ചന്തയില്‍ വില്‍പനക്ക് വെച്ച വിശ്വാസത്തെ ആരും അത്രയങ്ങ് ഇഷ്ടപ്പെടുന്നില്ല ഇക്കാലത്ത്.
ഇതെല്ലാം തിരിച്ചറിയുന്ന ഒരാള്‍, പ്രചോദിപ്പിക്കുന്ന ഒരാള്‍ ,പ്രതിപക്ഷ നേതാവായി വരണം. ഭാവനയോടെ ,ശുഭാപ്തി വിശ്വാസത്തോടെ സംസാരിക്കുന്ന ഒരു നല്ല 'തൊണ്ട '. അല്ലാതെ ,നമ്മുടെ ദൃശ്യമാധ്യമ പ്രവര്‍ത്തകരെ പോലെ ഔചിത്യമില്ലാതെ മൈക്കുമായി പാഞ്ഞുകയറി സംസാരിക്കുന്ന 'അരോചകമായ തൊണ്ട 'കളല്ല, ഇനി പ്രതിപക്ഷത്തിനും പ്രതിപക്ഷ നേതാവിനും വേണ്ടത്. ചുമതലയേല്‍ക്കുന്ന പ്രതിപക്ഷ നേതാവിനോട് ഒരു വാക്ക്: ഇന്നത്തെ മുഖ്യധാരാ ദൃശ്വ
മാധ്യമ പ്രവര്‍ത്തകരില്‍ നിന്ന് എത്ര അകലുന്നുവോ, അത്രത്തോളം നിങ്ങള്‍ ജനങ്ങളുമായി അടുക്കുന്നു.
ഒരു മലയാളി പൗരന്‍ എന്ന നിലയില്‍, എഴുത്തുകാരനെന്ന നിലയില്‍, ഭാവനയോടെ സംസാരിക്കൂന്ന പ്രതിപക്ഷ നേതാവിനെ കാത്തിരിക്കുകയാണ്.ഭരണപക്ഷം നിസ്സംഗമായി ഇരിക്കുമ്പോള്‍ വിരല്‍ ചൂണ്ടി നില്‍ക്കുന്ന പക്ഷമാണ് പ്രതിപക്ഷം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates