

തിരുവനന്തപുരം: നാട്ടിലേക്കെത്താനാവാതെ ഇറ്റലി വിമാനത്താവളത്തില്‍ കുടുങ്ങിയ മലയാളികള്‍ക്കായി ഇടപെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇവരെ നാട്ടിലെത്തിക്കാനായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചു.
പ്രധാനമന്ത്രിയുടെ അടിയന്തര ഇടപെടല്‍ തേടി കത്തയച്ച വിവരം ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കിയത്. സര്‍ക്കുലര്‍ പിന്‍വലിക്കുന്നതിനുള്ള നടപടികള്‍ അടിയന്തരമായി സ്വീകരിക്കണമെന്നും ഇറ്റലിയിലെ എയര്‍പോര്‍ട്ടുകളില്‍ കുടുങ്ങിക്കിടക്കുന്ന പൗരന്മാരെ തിരികെ നാട്ടിലെത്തിക്കാനുള്ള സൗകര്യം ഒരുക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ഇറ്റലിയിൽ നിന്നും വരാൻ കഴിയാത്ത ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ അടിയന്തിരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചു.
ഇറ്റലിയിൽ നിന്നും ഇന്ത്യയിലേക്ക് വരുന്നതിന് യാത്രക്കാർക്ക് കോവിഡ് 19 ടെസ്റ്റ് നടത്തി രോഗബാധ ഇല്ലെന്ന് ഉറപ്പു വരുത്തിയാൽ മാത്രമേ യാത്ര ചെയ്യാൻ അനുമതി നൽകൂ എന്ന നിർദ്ദേശം നൽകിയതായി ശ്രദ്ധയിൽപ്പെട്ടു. ഇത്തരം ടെസ്റ്റ് റിപ്പോർട്ട് ഇല്ലാത്തതിന്റെ പേരിൽ നിരവധി മലയാളികൾ ഇറ്റലിയിലെ എയർപോർട്ടിൽ കുടുങ്ങിക്കിടക്കുന്നതായി അറിയാൻ കഴിഞ്ഞു. യാത്രക്കാർക്ക് രോഗലക്ഷണം ഉണ്ടെങ്കിലും ഇല്ലെങ്കിലും ഈ സർട്ടിഫിക്കറ്റ് കൈവശം വയ്ക്കേണ്ടത് നിർബന്ധമാക്കിയിരിക്കുകയാണ്. രോഗികളുടെ ബാഹുല്യം നിമിത്തം വിദേശത്തെ അധികൃതർ യാത്രക്കാരെ യഥാസമയം പരിശോധിച്ച് റിപ്പോർട്ട് നൽകുന്നതിൽ വിമുഖത കാണിക്കുന്നു എന്നാണ് ലഭിക്കുന്ന വിവരം. ഇതു നിമിത്തം ഇറ്റലിയിൽ നിന്നും ഇന്ത്യയിലേക്ക് തിരികെ വരാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ പൗരന്മാർക്ക് ഒട്ടനവധി പ്രയാസം നേരിടേണ്ടി വരുന്നുണ്ട്.
രോഗം പരക്കാൻ ഇടയാകാത്ത വിധം മുൻകരുതലുകളെടുക്കണം എന്ന കാര്യത്തിൽ സംശയമില്ല എങ്കിലും ഇന്ത്യയിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന പൗരൻമാർക്ക് നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടുകൾ ഒഴിവാക്കപ്പെടേണ്ടതാണ്. ഇന്ത്യയിലേക്ക് എത്തുമ്പോൾ തന്നെ അവരെ പരിശോധിച്ച് ആവശ്യമെങ്കിൽ ക്വാറന്റൈൻ ചെയ്യാനുള്ള സംവിധാനവും നമ്മുടെ രാജ്യത്തുണ്ട്.
ഈ സർക്കുലർ പിൻവലിക്കുന്നതിനുള്ള നടപടികൾ അടിയന്തരമായി സ്വീകരിക്കണമെന്നും ഇറ്റലിയിലെ എയർപോർട്ടുകളിൽ കുടുങ്ങിക്കിടക്കുന്ന പൗരന്മാരെ തിരികെ നാട്ടിലെത്തിക്കാനുള്ള സൗകര്യം ഒരുക്കണമെന്നും അഭ്യർത്ഥിക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates