പാലക്കാട് : സംസ്ഥാന പൊലീസിലും രാഷ്ട്രീയ പാര്‍ട്ടി നേതാക്കളിലും വിശ്വാസമില്ലെന്ന് വാളയാറില്‍ മരിച്ച പെണ്‍കുട്ടികളുടെ അമ്മ. തന്റെ കുട്ടികള്‍ക്ക് നീതി ലഭിക്കാനായി കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ, പല തവണ കോടതിയില്‍ പോയി മൊഴി നല്‍കി. നീതി ലഭിക്കും എന്നുതന്നെയാണ് വിശ്വസിച്ചിരുന്നത്. എന്നാല്‍ തന്റെ വാക്കുകളെല്ലാം ബധിരകര്‍ണങ്ങളിലാണ് പതിച്ചതെന്ന് വിധിയോടെ ബോധ്യപ്പെട്ടതായി കുട്ടികളുടെ അമ്മ പറഞ്ഞു.
സംസ്ഥാന പൊലീസിന്റെ അന്വേഷണത്തില്‍ വിശ്വാസമില്ല. കോടതിയുടെ മേല്‍നോട്ടത്തില്‍ സ്വതന്ത്ര ഏജന്‍സി അന്വേഷിച്ചാല്‍ മാത്രമേ തന്റെ കുട്ടികള്‍ക്ക് നീതി ലഭിക്കൂ എന്നും അമ്മ ദ ന്യൂ ഇന്‍ഡ്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. തങ്ങളുടെ ഏക ആശ്രയമായ 10 വയസ്സുള്ള മകന്റെ ജീവന് ആപത്തുണ്ടാകുമോ എന്ന് ഇപ്പോള്‍ ഭയമുണ്ടെന്നും അമ്മ വെളിപ്പെടുത്തി.
13 വയസ്സുള്ള മൂത്ത പെണ്‍കുട്ടിയെ 2017 ജനുവരി 13 നും ഒമ്പതു വയസ്സുള്ള ഇളയ പെണ്‍കുട്ടിയെ മാര്‍ച്ച് നാലിനുമാണ് വാളയാറിലെ കുട്ടികളുടെ കുടിലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ട് കുട്ടികളും ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിരുന്നതായി മൃതദേഹ പരിശോധനയില്‍ വ്യക്തമായിരുന്നു. കേസില്‍ പല തവണ കോടതിയില്‍ ഹാജരായിരുന്നുവെങ്കിലും, സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഒരു ഉപദേശവും നല്‍കിയിരുന്നില്ല.
വീട്ടില്‍ കണ്ടകാര്യം പറഞ്ഞാല്‍ മതിയെന്നായിരുന്നു നിര്‍ദേശിച്ചത്. കുട്ടികളെ പീഡിപ്പിക്കുന്നത് കണ്ട കാര്യം താന്‍ കോടതിയില്‍ പറഞ്ഞിരുന്നു. അച്ഛന്റെ ഇളയ സഹോദരന്റെ മകനായ വി മധുവും, സഹോദരി പുത്രനായ എം മധുവും കുട്ടിയെ പീഡിപ്പിക്കുന്നത് താന്‍ കണ്ടതാണ്. ഇക്കാര്യം കോടതിയില്‍ ആവര്‍ത്തിച്ചു. വീട്ടില്‍ വരുന്നതില്‍ നിന്നും ഇവരെ വിലക്കിയിരുന്നു. എന്നാല്‍ കൂലിപ്പണിക്കാരായ താനും ഭര്‍ത്താവും ജോലിക്ക് പോയിക്കഴിഞ്ഞാല്‍ ഇവര്‍ വീട്ടില്‍ വരുമായിരുന്നുവെന്ന് അമ്മ പറഞ്ഞു. ഈ സമയത്ത് കുട്ടികള്‍ക്ക് കൂട്ടായി വൃദ്ധയായ മുത്തശ്ശി മാത്രമാണ് വീട്ടില്‍ ഉണ്ടാകാറുള്ളത്.
ഇളയകുട്ടി മരിക്കുന്നതിന് അഞ്ചുമാസം മുമ്പ് ഇളയച്ഛന്റെ മകനായ മധു വീട്ടില്‍ വന്നിരുന്നു. വീട്ടില്‍ സ്ഥലമില്ലാത്തതിനാല്‍ അയാള്‍ പുറത്താണ് കിടന്നത്. എന്നാല്‍ അര്‍ധരാത്രിയോടെ അയാള്‍ കുടിലിന്റെ കതക് തുറന്ന് അകത്തുകയറി. എന്നാല്‍ പാത്രം തട്ടിമറിഞ്ഞതോടെ ഒച്ചകേട്ട് തങ്ങള്‍ ഉണരുകയും, അയാളെ അടിച്ച് പുറത്താക്കുകയും ചെയ്തിരുന്നു. ഇക്കാര്യം കോടതിയിലും പറഞ്ഞിരുന്നു.
പ്രതികള്‍ക്കെല്ലാം സിപിഎമ്മുമായി ബന്ധമുണ്ട്. പ്രതികളെ പിടികൂടിയതിന് പിന്നാലെ, കുട്ടികളെ ഇവര്‍ പീഡിപ്പിച്ച കാര്യം വാളയാര്‍ പൊലീസ് സ്റ്റേഷനിലെ പൊലീസുകാരോട് പറഞ്ഞിരുന്നു. എന്നാല്‍ അധികം വൈകാതെ പ്രതികള്‍ പുറത്തിറങ്ങി. ഇക്കാര്യം ചോദിച്ചപ്പോള്‍, ഭരണകക്ഷി നേതാക്കള്‍ ഇടപെട്ടതായി അറിയിച്ചെന്നും അമ്മ പറഞ്ഞു. മൂത്ത കുട്ടിയുടെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പോലും തങ്ങളെ കാണിക്കാന്‍ പൊലീസ് തയ്യാറായിരുന്നില്ലെന്നും അമ്മ പറഞ്ഞു. അങ്ങനെയെങ്കില്‍ തങ്ങളുടെ ഇളയകുട്ടിയെയും നഷ്ടപ്പെടില്ലായിരുന്നു.
ഇക്കാര്യം കോടതിയില്‍ പറഞ്ഞപ്പോള്‍, പ്രതിഭാഗം അഭിഭാഷകന്‍ തങ്ങളെ ഭീഷണിപ്പെടുത്തി. തന്നെയും കേസില്‍ പ്രതിയാക്കുമെന്നായിരുന്നു ഭീഷണി. കേസില്‍ പുറത്തുനിന്നുള്ള ആളുകളെയാണ് പൊലീസുകാര്‍ സാക്ഷികളാക്കിയത്. ഇത് എന്തിനാണെന്ന് അറിയില്ലെന്നും അമ്മ പറഞ്ഞു. തന്റെ കുട്ടികളെ കൊന്നതാണെന്ന് പിതാവും ആവര്‍ത്തിച്ച് പറയുന്നു. ഇളയകുട്ടി തൂങ്ങിനില്‍ക്കുന്നത് താന്‍ നേരിട്ട് കണ്ടതാണ്. കുട്ടിയുടെ കഴുത്ത് ഞെരിച്ചശേഷം കെട്ടിതൂക്കിയതാണ് ഇളയകുട്ടിയെ. മൂത്ത കുട്ടി മരിച്ച അന്ന് മുഖംമൂടി ധരിച്ച രണ്ടുപേര്‍ വീട്ടില്‍ നിന്നും ഇറങ്ങിപ്പോകുന്നത് കണ്ടതായി ചെറിയകുട്ടി പൊലീസിനോട് വെളിപ്പെടുത്തിയിരുന്നു. ഇളയകുട്ടിയാണ് സഹോദരിയുടെ മൃതദേഹം ആദ്യം കാണുന്നതും നിലവിളിച്ച് ആളുകളെ അറിയിച്ചതെന്നും പിതാവ് പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates