

കണ്ണൂര്‍: രാഷ്ട്രീയം മാറ്റിനിര്‍ത്തി ചരിത്രത്തെക്കുറിച്ച് ചര്‍ച്ചചെയ്യാനാവില്ലെന്ന് ചരിത്രകാരന്‍ പ്രൊഫ. ഇര്‍ഫാന്‍ ഹബീബ്. ഇന്ത്യന്‍ ചരിത്രകോണ്‍ഗ്രസ് വേദിയില്‍ ഗവര്‍ണറുടെ വിവാദപ്രസംഗത്തെതുടര്‍ന്നുണ്ടായ പ്രതിനിധികളുടെ പ്രതിഷേധത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇത് രാഷ്ട്രീയത്തിനുള്ള വേദിയല്ലെന്ന് പറഞ്ഞ് പ്രസംഗം തുടങ്ങിയ ഗവര്‍ണര്‍ പ്രസംഗത്തിലുടനീളം അദ്ദേഹത്തിന്റെ രാഷ്ട്രീയമാണ് പറഞ്ഞത്. കശ്മീരിലേതുപോലെ എല്ലായിടത്തും ജനാധിപത്യത്തെയും ഭരണഘടനയെയും ഇല്ലാതാക്കാനാണ് ശ്രമം. അതാണ് ബിജെപിയുടെ നയം.ഇന്ത്യയുടെ ജനാധിപത്യത്തെ ഇല്ലാതാക്കാനുള്ള ശ്രമത്തിനെതിരെ ഇന്ത്യന്‍ ചരിത്ര കോണ്‍ഗ്രസില്‍ പ്രതിഷേധിക്കുന്നതില്‍ എന്താണ് തെറ്റ്. ഇവിടെയല്ലാതെ മറ്റെവിടെ പ്രതിഷേധിക്കുമെന്നും അദ്ദേഹം ചോദിച്ചു.
ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള ഏറ്റവും ശക്തമായ പ്രക്ഷോഭമാണ് രാജ്യത്ത് നടക്കുന്നതെന്ന് മുഖ്യഭാഷണത്തിലും ഇര്‍ഫാന്‍ ഹബീബ് പറഞ്ഞു. ചരിത്രപ്രാധാന്യമുള്ള കശ്മീര്‍ സംസ്ഥാനം കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കപ്പെട്ടുകഴിഞ്ഞു. ആയിരക്കണക്കിനാളുകളെ വിചാരണ കൂടാതെ ജയിലിലടച്ചിരിക്കുകയാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മാസങ്ങളായി അടച്ചിട്ടിരിക്കുകയാണ്. രാഷ്ട്രീയ നേതാക്കളെ വീട്ടുതടങ്കലിലിട്ടിരിക്കുകയാണ്. ഇന്റര്‍നെറ്റ് സംവിധാനങ്ങള്‍ പൂര്‍ണമായി നിര്‍ത്തലാക്കി. അക്കാദമിക് മേഖലയും നിശ്ചലമായി.
ഹിന്ദുത്വ രേഖകളെ നശിപ്പിക്കുന്ന ചിതലുകളെയാണ് തിരയുന്നതെന്നാണ് അവര്‍ പറയുന്നത്. അതിന്റെപേരില്‍ രാജ്യത്ത് നടക്കുന്ന അതിക്രമങ്ങള്‍ക്ക് അതിരുകളില്ല. സര്‍വകലാശാലകളില്‍ വിദ്യാര്‍ഥികള്‍ കൊടിയ മര്‍ദനങ്ങള്‍ക്ക് ഇരയാവുകയാണ്. അടിയന്തരാവസ്ഥയ്‌ക്കെതിരെ പ്രതികരിച്ച ഏക അക്കാദമിക് ബോഡി ഇന്ത്യന്‍ ചരിത്ര കോണ്‍ഗ്രസാണെന്നും പ്രതിനിധികളുടെ കരഘോഷത്തിനിടെ ഇര്‍ഫാന്‍ ഹബീബ് ഓര്‍മപ്പെടുത്തി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates