'ഉമ്മാ, എനിക്ക് ഒന്നൂല്ല, ഉപ്പാന്റെ കൂടെ ആശുപത്രീല് പോയിട്ട് വരാ'

ആശുപത്രിയിലേക്ക് പോകുമ്പോൾ ബാ​ഗിനെക്കുറിച്ചും ചെരുപ്പിനെക്കുറിച്ചുമൊക്കെയാണ് മകൾ പറഞ്ഞുകൊണ്ടിരുന്നതെന്ന് പിതാവ് അബ്ദുൽ അസീസ് ഓർത്തു
'ഉമ്മാ, എനിക്ക് ഒന്നൂല്ല, ഉപ്പാന്റെ കൂടെ ആശുപത്രീല് പോയിട്ട് വരാ'
Updated on
2 min read

ശുപത്രിയിലേക്ക് പോകും വഴി ഷഹ്‌ല ഉമ്മയെ വിളിച്ച് പറഞ്ഞത്- 'ഉമ്മ, എനിക്ക് ഒന്നൂല്ല, ഉപ്പാന്റെ കൂടെ ആശുപത്രീല് പോയിട്ട് വരാ' എന്നായിരുന്നു. എന്നാൽ തിരിച്ചെത്തിയത് ഷെഹ്‌ലയുടെ നീലിച്ച, ചേതനയറ്റ ശരീരമായിരുന്നു. 

ആശുപത്രിയിലേക്ക് പോകുമ്പോൾ ബാ​ഗിനെക്കുറിച്ചും ചെരുപ്പിനെക്കുറിച്ചുമൊക്കെയാണ് മകൾ പറഞ്ഞുകൊണ്ടിരുന്നതെന്ന് പിതാവ് അബ്ദുൽ അസീസ് ഓർത്തു. ആശുപത്രിയിൽ വച്ച് ഡോക്ടർമാർ പരിശോധിക്കുമ്പോഴും ഷഹ്‌ല ബാ​ഗിന്റേയും ചെരുപ്പിന്റേയും കാര്യം വീണ്ടും പറയുന്നുണ്ടായിരുന്നു. 

ഇളയ കുട്ടിയുടെ മുടി കെട്ടിക്കൊടുക്കുന്നത് കണ്ട് രാവിലെ മുടി കെട്ടിക്കൊടുക്കാൻ പറഞ്ഞപ്പോ 'നീ വല്യ കുട്ടി ആയില്ലേ, ഇനി ഒറ്റയ്ക്ക് കെട്ടിപ്പഠിക്ക്' എന്നു പറഞ്ഞ് സ്കൂളിൽ പറഞ്ഞയച്ച മകൾക്ക് മൃതദേഹം കുളിപ്പിച്ച് കഴിഞ്ഞ് മുടി കെട്ടിക്കൊടുക്കുമ്പോൾ 'ന്റെ കുട്ടി ഇത് അറിയുന്നില്ലല്ലോ പടച്ചോനെ' എന്നു പറഞ്ഞു കരഞ്ഞ ഉമ്മയെ എന്തു പറഞ്ഞാണ് സമാധാനിപ്പിക്കുക എന്നറിയാതെ നിൽക്കുകയായിരുന്നു ചുറ്റുമുള്ളവർ. 

'ഓള് കുറെ പ്രാവശ്യം പറഞ്ഞതാ, എന്തോ കടിച്ചു, വയ്യാതാവുന്ന്ണ്ട്ന്ന്. കുറച്ചു കഴിഞ്ഞ് ടീച്ചർ പുറത്തേക്ക് വിളിച്ച് കൊണ്ടോയി. പിന്നെ വേറെക്കുറേ ടീച്ചർമാരും വന്നു. വെള്ളം കൊണ്ട് കാല് കഴുകി. ന്നിട്ടും ചോര വരുന്നുണ്ടായിരുന്ന്. പാമ്പ് കടിച്ച്ന്ന് പറഞ്ഞിട്ട് ആദ്യം കാലിൽ കെട്ടുകെട്ടി. പിന്നെ അത് അഴിച്ച് കളഞ്ഞ്. പിന്നെ ഓളെ ഉപ്പ വന്നിട്ട് ക്ലാസ് പോയി പൊത്ത് കണ്ടേനേഷാണ് അസ്പത്രീലേക്ക് കൊണ്ടോയത്. ഇല്ലെങ്കില് ഓൾക്കൊന്നും പറ്റൂലായിരുന്നു'- സ്വന്തം അമ്മാവന്റെ മകൾ, ക്ലാസിൽ എപ്പോഴും തൊട്ടടുത്ത് ചേർന്നിരിക്കുന്നവൾ, എന്തിനും കൂടെയുള്ളവൾ.... പ്രിയ കൂട്ടുകാരിയുടെ മരണത്തിന്റെ ​​ഗൗരവം അറിഞ്ഞിട്ടാവില്ല നെസ്‌ല ഇതൊക്കെ പറഞ്ഞത്. 

'ഓളെ കാല് കറുച്ച നിറത്തിലാവുന്നത് ഞങ്ങള് കണ്ടതാ. ടീച്ചർമാരോട് പറയുകേം ചെയ്തു. ഓരാരും കാര്യായി എടുത്തില്ല'- ഇന്നലെ വരെ ഊണിലും ഉറക്കത്തിലും എന്ന പോലെ ഷഹ്‌ലയുടെ നിഴലായി കൂടെയുണ്ടായിരുന്ന ഒൻപത് വയസുകാരി ഇത് പറയുമ്പോൾ കണ്ണ് നിറ‍ഞ്ഞ് തുളുമ്പുന്നുണ്ടായിരുന്നു. 

ഷഹ്‌ലയേക്കാൾ ഉയരമുള്ള കുട്ടിയാണ് നെസ്‌ല. ക്ലാസിലെ ഏറ്റവും പിന്നിലാണ് അതുകൊണ്ടു തന്നെ നെസ്‌ല ഇരിക്കുന്നത്. ഉയരം കുറഞ്ഞ ഷഹ്‌ലയെ ടീച്ചർമാർ മുൻ ബെഞ്ചിലിരുത്തുമ്പോൾ അവൾ ഏറ്റവും പിന്നിൽ നെസ്‌ലയുടെ കൂടെയിരിക്കാനാണ് ഏറ്റവും അധികം ഇഷ്ടപ്പെട്ടത്. ഇരുവരും തമ്മിൽ അത്രയും അടുപ്പവും സ്നേഹവുമായിരുന്നുവെന്ന് ക്ലാസ് ടീച്ചർ മേരി കുട്ടി പറയുന്നു. 

മലയാളം ക്ലാസിൽ ഇരിക്കുമ്പോഴാണ് ഷഹ്‌ല പെട്ടെന്ന് പുളഞ്ഞതെന്ന് നെസ്‌ല പറഞ്ഞു. ഒറ്റക്കരച്ചിലോടെ കാലിൽ എന്തോ കടിച്ചെന്നു പറഞ്ഞ് കരയുകയായിരുന്നു. 'ടീച്ചറേ, ഓളെ കാലിൽ എന്തോ കടിച്ച്, ചോര വര്ണ് ണ്ട്' എന്ന് തൊട്ടു മുന്നിലുരുന്ന ആൺകുട്ടിയും വിളിച്ചു പറഞ്ഞിരുന്നു. ഷഹ്‌ല കാൽ വച്ചതിനെ താഴെ ഒരു മാളമുണ്ടായിരുന്നു. പാമ്പാണ് കടിച്ചതെന്ന് കുട്ടികളിൽ പലരും പറയുന്നുണ്ടായിരുന്നു. അഭിഭാഷകനായ ഉപ്പ കോടതിയിൽ നിന്ന് എത്തുന്നത് വരെ കുട്ടിയെ സ്കൂളിൽ നിർത്തുകയായിരുന്നു. അതിന് ശേഷമാണ് ആശുപത്രിയിലേക്ക് കൊണ്ടു പോയത്. 

ഷഹ്‌ല നട്ടു വളർത്തിയ റോസാച്ചെടികൾ മുഴുവൻ പൂത്തുലഞ്ഞ് നിൽക്കുന്നുണ്ട്. ചെടി വളർത്തുന്നതും പൂവുണ്ടാകുന്നതുമൊക്കെ അവൾക്ക് വലിയ ഇഷ്ടമായിരുന്നുവെന്ന് മാതൃ സഹോദരി ഹസ്ന ഓർക്കുന്നു. ഇത്താത്തയുടെ ശരീരം ഖബറടക്കാൻ കൊണ്ടു പോയപ്പോൾ ക്ലാസിൽ പഠിക്കുന്ന ഇളയ സഹോ​​ദരി ഒന്നാം  അമീ​ഗ ഉറക്കെ കരഞ്ഞു. അടുത്ത നിമിഷം കൂട്ടുകാർക്കൊപ്പം കളിക്കാനിറങ്ങി. സംഭവിക്കുന്നത് എന്താണെന്ന് അവൾ അറിഞ്ഞിട്ടില്ല. ഇത്താത്ത എവിടെയോ പോയതാണെന്ന ഭാവമായിരുന്നു ആ കുഞ്ഞു മുഖത്ത്. 

തറവാടിനടുത്ത് പുതിയതായി പണിത വീട്ടിൽ നിന്ന് ഷഹ്‌ല പടിയിറങ്ങിയപ്പോൾ മൂന്ന് വയസുള്ള അനിയനൊപ്പം ഇത്താത്തയുണ്ടാക്കിയ പൂവുകൾ പറിച്ച് ഉപ്പയ്ക്കായി സർപ്രൈസ് ബൊക്ക തയ്യാറാക്കുന്ന തിരക്കിലായിരുന്നു അനിയനും അനിയത്തിയും. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com