എം.എം. മണിക്ക് പരസ്യശാസന; മണിക്കെതിരെ സി.പി.എം. നടപടി; മണി പാര്‍ട്ടിയുടെ യശസ്സിന് മങ്ങലേല്‍പ്പിച്ചു

തുടര്‍ച്ചയായി പ്രതിപക്ഷത്തിന്റെയും പൊതുജനത്തിന്റെയും വിമര്‍ശനങ്ങള്‍ക്ക് ഇടവരുത്തുന്ന പ്രസംഗങ്ങള്‍ നടത്തുന്ന മണിക്കെതിരെ പരസ്യശാസന
എം.എം. മണിക്ക് പരസ്യശാസന; മണിക്കെതിരെ സി.പി.എം. നടപടി; മണി പാര്‍ട്ടിയുടെ യശസ്സിന് മങ്ങലേല്‍പ്പിച്ചു
Updated on
2 min read

തിരുവനന്തപുരം: മന്ത്രി എം.എം. മണിയെ പരസ്യമായി ശാസിക്കാന്‍ സി.പി.എം. തീരുമാനം. സി.പി.എം. സംസ്ഥാന സമിതിയോഗത്തിലാണ് തീരുമാനം.
പെമ്പിളൈ ഒരുമൈയ്ക്കുനേരെയുള്ള പ്രസംഗത്തിന്റെ പേരില്‍ മാത്രമല്ല മണിയ്‌ക്കെതിരെയുള്ള നടപടി. ദേവികുളം സബ് കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെ ഊളമ്പാറയിലേക്ക് അയക്കണം എന്ന മണിയുടെ പ്രസംഗവും സംസ്ഥാന സമിതിയില്‍ ചര്‍ച്ചയായിരുന്നു. ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനെ ക്കുറിച്ച് മോശമായ രീതിയില്‍ പൊതുപ്രസംഗങ്ങളില്‍ പറയുന്നത് മന്ത്രിയെന്ന നിലയില്‍ ഒട്ടും ചേര്‍ന്നതല്ല എന്നാണ് മണിയുടെ സബ് കളക്ടര്‍ക്കെതിരെയുള്ള പ്രസംഗത്തെക്കുറിച്ച് ചര്‍ച്ചയുണ്ടായത്. ജിഷ്ണു പ്രണോയിയുടെ അമ്മ സമരം നടത്തിയപ്പോഴും മന്ത്രി മണി അവഹേളിക്കുന്നതരത്തില്‍ പ്രസംഗിച്ചിരുന്നു. അതും സംസ്ഥാന സമിതി ചര്‍ച്ചയില്‍ വന്നിരുന്നു. ഇത്തരത്തില്‍ തുടര്‍ച്ചയായി പ്രതിപക്ഷത്തിന്റെയും പൊതുജനത്തിന്റെയും വിമര്‍ശനങ്ങള്‍ക്ക് ഇടവരുത്തുന്ന പ്രസംഗങ്ങള്‍ നടത്തുന്ന മണിക്കെതിരെ പരസ്യശാസനയാണ് നല്‍കേണ്ടത് എന്ന് സംസ്ഥാന സമിതി തീരുമാനിക്കുകയായിരുന്നു.
നേരത്തെ ''വണ്‍ ടു ത്രീ'' പ്രസംഗം എന്നു പേരുകേട്ട മണകാട് പ്രസംഗത്തിനു പിന്നാലെ വിവാദങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ മണിയെ ആറുമാസത്തേക്ക് സംസ്ഥാനസമിതിയില്‍ നിന്നും മാറ്റിനിര്‍ത്തിയിരുന്നു. എന്നാല്‍ തുടര്‍ന്നും ഇതേ മട്ടില്‍ തുടര്‍ച്ചയായ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയ പ്രസംഗങ്ങള്‍ മണിയുടെ ഭാഗത്തുനിന്നുമുണ്ടായി. അതിനെല്ലാംപുറമെ മണി ഇപ്പോള്‍ മന്ത്രിയാണ്. മന്ത്രിസഭയില്‍ രണ്ടാം സ്ഥാനത്തു നില്‍ക്കുന്ന എന്നു പറയാന്‍ പറ്റുന്ന മന്ത്രിയായി മണി മാറിയപ്പോഴെങ്കിലും ഇത്തരം വിവാദ പ്രസംഗങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നു എന്നാണ് സംസ്ഥാന സമിതിയുടെ വിലയിരുത്തല്‍.
തെറ്റുപറ്റിയെന്ന് മണിതന്നെ സംസ്ഥാന സമിതിയില്‍ പറഞ്ഞതായാണ് അറിവ്. മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ മണിയെ ന്യായീകരിച്ചിട്ടുണ്ടായിരുന്നു. അദ്ദേഹത്തിന്റേത് ഗ്രാമീണഭാഷയാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. പെമ്പിളൈ ഒരുമയെക്കുറിച്ച് മണി അവഹേളിക്കുന്നതൊന്നും പറഞ്ഞിട്ടില്ല എന്ന നിലപാടുതന്നെയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്. എന്നാല്‍ തുടര്‍ച്ചയായി മുന്നണി സംവിധാനത്തിന് ഉലച്ചില്‍ സംഭവിക്കുന്നവിധത്തില്‍ പരസ്യമായി മറ്റു പലരേയും വേദനിപ്പിക്കുന്ന തരത്തില്‍ വിളിച്ചുപറയുന്നത് മന്ത്രിയെന്ന നിലയിലും സംസ്ഥാന സമിതിയംഗം എന്ന നിലയിലും ചേര്‍ന്നതല്ല എന്നതുകൊണ്ടാണ് മണിക്കെതിരെയുള്ള നടപടിയില്‍ മുഖ്യമന്ത്രി ഇടപെടാതിരുന്നത് എന്നാണ് അറിയുന്നത്.
ദ്വയാര്‍ത്ഥത്തോടെയും സംസാരത്തിനിടയിലെ ചില ആക്ഷനുകളിലൂടെയും ആക്ഷേപിക്കുന്ന മട്ടിലുള്ള സംഭാഷണശൈലിയോടെയുമായിരുന്നു വിവാദമായ മണിയുടെ പ്രസംഗങ്ങളെല്ലാം. പെമ്പിളൈ ഒരുമൈ എന്ന മൂന്നാറിലെ സംഘടനയ്ക്കുനേരെയായിരുന്നു മണി അവസാനമായി ഇത്തരത്തില്‍ പ്രസംഗിച്ചത്. ഇത് വിവാദമായതോടെ മൂന്നാറില്‍ പെമ്പിളൈ ഒരുമ പ്രവര്‍ത്തകര്‍ ഗോമതിയുടെ നേതൃത്വത്തില്‍ മണി മാപ്പ് പറയണമെന്നാവശ്യപ്പെട്ട് സമരം തുടങ്ങി. ഈ സമരത്തെ പ്രതിപക്ഷവും ബി.ജെ.പി.യും ആംആദ്മി പാര്‍ട്ടിയും ആയുധമാക്കിയെടുക്കുകയും ചെയ്തു. എന്നാല്‍ പെമ്പിളൈ ഒരുമൈയുടെ സമരം കണ്ട് ഭയന്നിട്ടൊന്നുമല്ല സിപിഎം സംസ്ഥാന സമിതിയുടെ ഈ തീരുമാനം. പെമ്പിളൈ ഒരുമൈ ഇപ്പോള്‍ ദുര്‍ബലമാണെന്നും നാലുപേര്‍ മാത്രമാണ് ആ സമരത്തിലുള്ളതെന്നും നേരത്തേതന്നെ മുഖ്യമന്ത്രിയും മണിയും പരസ്യമായി പറഞ്ഞിരുന്നു. എന്നാല്‍ എല്‍.ഡി.എഫില്‍ മണിയുടെ തുടര്‍ച്ചയായ പ്രസംഗവിവാദത്തെത്തുടര്‍ന്ന് അസ്വാരസ്യങ്ങളുണ്ടായിട്ടുണ്ട്. ഇത് എല്‍ഡിഎഫിന്റെ കെട്ടുറപ്പിനെ ബാധിക്കുന്നതായിരുന്നു. ഇത്തരം പ്രസ്താവനകള്‍ ഒഴിവാക്കേണ്ടതുതന്നെയാണ് എന്നതുകൊണ്ടാണ് പരസ്യ ശാസന നല്‍കാന്‍ പാര്‍ട്ടി തീരുമാനിച്ചത്.

Related Article

ലംബോദരന്റെ കമ്പനി സ്‌പൈസസ് ബോര്‍ഡിനു നല്‍കിയത് വ്യാജ വിവരങ്ങള്‍, ആശയവിനിമയത്തില്‍ നടത്തിയത് കള്ളക്കളി

മണിയെ മണിയല്ലാതാക്കി മാറ്റാന്‍ ശ്രമം: മുഖ്യമന്ത്രി, പെമ്പിളൈ ഒരുമൈയുടേത് ജനം തള്ളിയ സമരം

മണിയെ ന്യായീകരിച്ച് മൂന്നാറില്‍ സിപിഎമ്മിന്റെ പ്രകടനവും വിശദീകരണ യോഗവും

എംഎം മണിയ്‌ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി

മണിയുടേത് നാടന്‍ ശൈലിയാണോയെന്ന് ജനങ്ങള്‍ തീരുമാനിക്കട്ടേയെന്ന് കാനം

തന്റേത് നാടന്‍ശൈലിയാണ്; ഇതുതന്നെ തുടരും; പ്രസംഗം മുഴുവന്‍ കേട്ടുനോക്കാന്‍ മണി നിയമസഭയില്‍

മണിയെ ന്യായീകരിച്ച് മുഖ്യമന്ത്രി; മന്ത്രിയുടെ സംസാരം നാട്ടുശൈലിയിലെന്ന് പിണറായി

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com