

തിരുവനന്തപുരം: ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കുന്നതുമായി ബന്ധപ്പെട്ട് ചാനല്‍ ചര്‍ച്ചകളില്‍ ഉന്നയിക്കപ്പെടുന്നത് മണ്ടത്തരങ്ങളാണെന്ന് എഴുത്തുകാരിയും ഗവേഷകയുമായ ലക്ഷ്മി രാജീവ്. ബ്രിട്ടീഷുകാര്‍ നല്‍കിയ സാങ്കല്‍പ്പിക പദവികളും പേറി നടന്ന തിരുവിതാംകൂര്‍ രാജാക്കന്മാര്‍ എന്നും പണത്തിനായി വിലപേശിയിരുന്നത് പദ്മനാഭ ദാസന്മാര്‍ എന്ന പേരിലായിരുന്നുവെന്ന് പദ്മനാഭസ്വാമി ക്ഷേത്രത്തെക്കുറിച്ചു ഗവേഷണം നടത്തുന്ന ലക്ഷ്മി രാജീവ് ഫെയ്‌സ്ബുക്ക് കുറിപ്പില്‍ ചൂണ്ടിക്കാട്ടുന്നു. ഹാര്‍പ്പര്‍ കോളിന് പ്രസിദ്ധീകരിച്ച ആറ്റുകാല്‍ അമ്മ എന്ന പുസ്തകത്തിന്റെ രചയിതാവാണ് ലക്ഷ്മി രാജീവ്.
ചാനല്‍ ചര്‍ച്ചകളില്‍ ഇക്കാര്യത്തില്‍ ആധികാരിക ഭാവത്തോടെ അഭിപ്രായം പറയുന്ന രാഹുല്‍ ഈശ്വറിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിക്കുന്ന ലക്ഷ്മി രാജീവീന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം:
രാഹുല്‍ ഈശ്വര്‍ എന്ന കൊച്ചുമകനെ കണ്ഠരര് മഹേശ്വരര് എന്തിനാണ് ഈ പണിക്കു ഇറക്കി വിടുന്നത് ? ടി വി കാണാത്ത ഞാന്‍ ഇന്ന് പലരും വിളിച്ചു പറഞ്ഞതുകൊണ്ട് പദ്മനാഭസ്വാമി ക്ഷേത്രത്തെ ക്കുറിച്ചുള്ള ചര്‍ച്ച കാണാനിടയായി. ചര്‍ച്ച നടക്കുന്നു.
രാഹുല്‍ ഈശ്വര്‍ പറഞ്ഞ മണ്ടത്തരങ്ങള്‍ എല്ലാം വിശദീകരിക്കാന്‍ എന്റെ സമയം തികയില്ല. എന്നാലും ഒന്ന് രണ്ടു കാര്യങ്ങള്‍ പറഞ്ഞു കൊള്ളട്ടെ. പദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ അവകാശത്തെക്കുറിച്ചു ശ്രീ ചിത്തിര തിരുനാള്‍ അദ്ദേഹത്തിന്റെ വില്‍പത്രത്തില്‍ എന്താണ് എഴുതിയിട്ടുള്ളത് ?
അത് സ്‌റ്റേറ്റിന് അവകാശപ്പെട്ടതാണ്. ഈ മണ്ണിന് .
ആറ്റുകാല്‍ അമ്പലം എങ്ങനെ സ്‌റ്റേറ്റിന്റേതു അല്ലാതെ ഇരിക്കുന്നു അതുപോലെ പദ്മനാഭസ്വാമി ക്ഷേത്രം സ്‌റ്റേറ്റിന്റേതു അല്ല എന്നും കൂടി അലറി വിളിക്കുന്നുണ്ട്. ആറ്റുകാല്‍ അമ്പലം സ്‌റ്റേറ്റ് ന്റേതാക്കാന്‍ എനിക്ക് പോലും താല്പര്യമില്ലായിരുന്നു. കുറച്ചുപേര്‍ കൈയടക്കി വച്ചതാണെന്നു പകല്‍ പോലെ അറിയാമായിട്ടും.
രാഹുല്‍ ഈശ്വറിനെക്കാള്‍ വിവരം മണക്കാട് ചന്ദ്രന്‍കുട്ടിക്കു ഉണ്ട്.
1889 ല്‍ പദമനാഭസ്വാമി ക്ഷേത്രത്തിലെ ഉള്ളറകളില്‍ എല്ലാം കയറി പരിശോധിച്ച് തിരുവിതാംകൂര്‍ സ്‌റ്റേറ്റ് മാന്വലില്‍ നാഗമയ്യാ രേഖപ്പെടുത്തിയിട്ടുണ്ട്. പദ്മനാഭ വിഗ്രഹത്തിനടിയിലും ഒറ്റക്കല്‍ മണ്ഡപത്തിനടിയിലും രത്‌നങ്ങളുടെ കൂമ്പാരം ഉണ്ടെന്നു നാഗമയ്യ രേഖപ്പെടുത്തിയിട്ടുണ്ട്. 2017 ല്‍ അതിനകത്തു പാമ്പ് മാത്രമായി. വാവ സുരേഷിനെ കൂടെ കൂട്ടിയാല്‍ മതിയല്ലോ.നിലവറ തുറക്കുമ്പോള്‍. ?
ലക്ഷ്മി രാജീവ് /ചിത്രം: ഫെയ്‌സ്ബുക്ക്
ബ്രിട്ടീഷുകാര്‍ നല്‍കിയ ചില സാങ്കല്‍പ്പിക പദവികളും പേറി നടന്ന തിരുവിതാംകൂര്‍ രാജാക്കന്മാര്‍ എന്നും പണത്തിനായി വിലപേശിയിരുന്നത് പദ്മനാഭ ദാസന്മാര്‍ എന്ന പേരിലായിരുന്നല്ലോ.
പലകോടികളുടെ വസ്തുക്കള്‍ക്കു പുറമെ പദ്മനാഭദാസനായിരുന്ന ചിത്തിരതിരുനാള്‍ മഹാരാജാവിനു വന്‍പിച്ച ആഭരശേഖരം സ്വന്തമായി ഉണ്ടായിരുന്നു. ഇവയില്‍ ഏതെങ്കിലും ദാസന്‍ പദ്മനാഭന് നടക്കു വച്ചതായി രേഖകളില്ല. സര്‍ക്കാര്‍ രേഖകളിലുള്ള ഈ വന്‍ ആഭരണ ശേഖരം പോലും രാജസ്ഥാനം ഒഴിഞ്ഞപ്പോള്‍ തമ്പുരാന്‍ എന്ത് ചെയ്തു എന്ന് രേഖകളില്ല.
അതീവ സമ്പന്നരാണ് ഇപ്പോഴുള്ള രാജകുടുംബത്തിന്റെ.പിന്തലമുറക്കാര്‍.ഇനിയുമൊരു ആയിരം വര്‍ഷം പണിയെടുക്കാതെ ജീവിക്കാനുള്ള സമ്പത്തു അമ്മാവന്‍മാര്‍ തന്നിട്ടുണ്ട് . അതില്‍ ശ്രീമതി അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മിഭായി ഒഴികെ മറ്റാര്‍ക്കും മികച്ച വായനയോ, പാണ്ഡിത്യമോ ഉള്ളതായി അറിവില്ല. രാജഭരണം തീര്‍ന്നു എന്നും അതിന്റെ ശേഷിപ്പായി കിട്ടിയ സ്വന്തമായി അധ്വാനിക്കാതെ കൈവന്ന കോടികളുടെ ആസ്തിയും സ്വകാര്യ സ്വര്‍ണ വജ്ര ശേഖരങ്ങളും മതിയെന്ന് വയ്ക്കാനും ഉള്ള മഹാമനസ്‌കത തിരുവിതാംകൂര്‍ രാജകുടുംബത്തിന് ഉണ്ടാകണം. അടുത്താണല്ലോ, റീജിയണല്‍ കാന്‍സര്‍ സെന്റര്‍ സന്ദര്‍ശിക്കാന്‍ എങ്കിലും ഉള്ള സന്മനസ്സും ഈ രാജാക്കന്മാര്‍ കാണിക്കണം.ഒരുപാട് അര്‍ദ്ധപട്ടിണിക്കാര്‍ സംതൃപ്തിയോടെ നിങ്ങളുടെ ചുറ്റും ഈ നഗരത്തില്‍ ജീവിക്കുന്നുണ്ട്. അവര്‍ക്കുള്ള നന്ദിയെങ്കിലും ജീവിതത്തോട് പദ്മനാഭനോട് നിങ്ങള്‍ പ്രകടിപ്പിക്കണം. നിങ്ങള്‍ക്ക് സമനായി ഒരു ദൈവം. അല്ലെങ്കില്‍ ദൈവത്തിനു സമനായി നിങ്ങള്‍. അതൊരു കാലം. അതുമാത്രമാണ് ഈ ക്ഷേത്രവുമായി നിങ്ങള്‍ക്കുള്ള ബന്ധം. പദ്മനാഭ ദാസനായ രാജാവിന് കിട്ടിയ ദൈവീക പരിവേഷം. ക്ഷേത്രവുമായി കുറച്ചു നാളത്തെ അടുപ്പം കൊണ്ട് എനിക്ക് മനസിലായത് അവിടെ ദാസന്‍ പദ്മനാഭ സ്വാമിയായിരുന്നു. നിങ്ങളായിരുന്നില്ല.
രാഹുല്‍ ഈശ്വര്‍ ആയിരം പേജുള്ള വിനോദ്‌റായി റിപ്പോര്‍ട്ട് ഒന്ന് വായിക്കണം. കുറഞ്ഞപക്ഷം ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുമ്പോള്‍ വിവരക്കേട് മാത്രം വിളിച്ചു പറയാതിരിക്കാന്‍ എന്തെങ്കിലും മന്ത്രം ഓതി തരാന്‍ മുത്തച്ഛനോട് പറയണം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates