

ബാലക്കോട്ട ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെയും പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാനെയും ചേര്‍ത്തുവരച്ച ഗോപികൃഷ്ണന്റെ കാര്‍ട്ടൂണ്‍ ഏറെ ചര്‍ച്ചയായിരുന്നു. ചില കോണുകളില്‍ നിന്ന് വലിയ വിമര്‍ശനവും ഉയര്‍ന്നിരുന്നു. എന്നാല്‍ വിമര്‍ശനങ്ങള്‍ നടക്കട്ടെ, തെറി വിളി വേണ്ട. ഞാന്‍ വര നിര്‍ത്താനും പോകുന്നില്ലെന്ന് ഗോപി കൃഷ്ണന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
കാര്‍ട്ടൂണ്‍ വന്നതിന് പിന്നാലെ ഒരു കല്യാണച്ചടങ്ങില്‍ വെച്ച് കോടിയേരി കണ്ടുമുട്ടിയപ്പോള്‍ കാര്‍ട്ടൂണൊക്കെ കാണുന്നുണ്ട്. പക്ഷെ എനിക്കൊരു കാര്യം പറയാനുണ്ട് എന്നെ വരയ്ക്കുമ്പോള്‍.. 'എന്താ സാര്‍? ഞാന്‍ ചോദിച്ചു. എനിക്ക് അത്ര വയറില്ല കേട്ടോ, ഇനി വരക്കുമ്പോള്‍ ശ്രദ്ധിക്കണം.' 'അതെ. അത്ര വയറില്ല ' അദ്ദേഹത്തിന്റെ ഭാര്യയും ശരിവെച്ചു. ഞാന്‍ വാക്കു പറഞ്ഞിട്ടുണ്ടെന്ന് ഗോപികൃഷ്ണന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു
പോസ്റ്റിന്റെ പൂര്‍ണരൂപം
സണ്‍ഡേ സ്‌ട്രോക്കിന്റെ പേരില്‍ എന്തു വരയ്ക്കണമെന്ന ഉപദേശവും ശകാരവും നില്‍ക്കുന്നില്ല. പണ്ട് ദേശാഭിമാനിയില്‍ ജോലി നല്‍കാത്തതിന്റെ പകയാണെന്ന് വി.എസിന്റെ സെക്രട്ടറിയായിരുന്ന സുരേഷും കൊയിലാണ്ടിയിലെ എന്‍.വി.ബാലകൃഷ്ണനും. പുരോഗമന ഗ്രൂപ്പില്‍ നീ ഉണ്ടാവില്ല എന്ന് പഴയ സഹപാഠി ഇന്‍ബോക്‌സില്‍. ബാലകൃഷ്ണന്‍ (കോടിയേരിയല്ല )ഒരു പടി കൂടി കടന്ന് ``ഈയുള്ളവനൊപ്പമാണ് ഗോപീകൃഷ്ണന്‍ പണ്ട് ദേശാഭിമാനിയുടെ പടികേറിയതെന്ന്`` പച്ചക്കള്ളം തട്ടിവിടുന്നു . കാര്‍ട്ടൂണുമായി ഒറ്റയ്ക്കാണ് സാര്‍ ഞാന്‍ പോയത്. നിങ്ങള്‍ പറയുന്ന പോലെ അന്ന് അവിടെ ആരും എന്നെ അപമാനിച്ചിട്ടില്ല. കാര്‍ട്ടൂണ്‍ കൊടുത്തില്ല എന്നത് നേരാണ് .അത് അന്നു തന്നെ എനിക്ക് മനസ്സിലാക്കാവുന്നതേ ഉള്ളൂ. ഏത് കാര്‍ട്ടൂണിസ്റ്റിനുമുണ്ടാകും അതുപോലുള്ള അനുഭവങ്ങള്‍. ആദ്യകാലത്ത് കേരളകൗമുദിയില്‍ എന്‍. പി .മുഹമ്മദ് റസിഡണ്ട് എഡിറ്റര്‍ ആയിരുന്ന കാലം .അന്ന് പ ത്ത് കാര്‍ട്ടൂണ്‍ തള്ളിയാല്‍ ഒന്നാണ് പ്രസിദ്ധീകരിക്കുക.. ദേശാഭിമാനിയിലെ ഒരു സബ് എഡിറ്റര്‍ അന്ന് യേശുദാസനെ പോലെ ഗഫൂറിനെ പോലെ ഒക്കെ വരയ്ക്കണമെന്ന് ഉപദേശിച്ചതോര്‍ക്കുന്നു. അതൊക്കെ സ്വാഭാവികം. പക്ഷെ അന്ന് അവരെ പോലെ ഞാന്‍ വരച്ചില്ല. എന്റെ ശൈലിയില്‍ മാത്രം വരച്ചു.ഇന്ന് ദേശാഭിമാനിയിലെ കാര്‍ട്ടൂണിസ്റ്റിന്റെ വര കണ്ടാല്‍ ഞാനാണോ വരച്ചതെന്ന് എനിക്കു തന്നെ തോന്നാറുണ്ട്.
പഴയ വി എസ് പക്ഷക്കാരായ സുരേഷിനും എന്‍ വി ബാലകൃഷ്ണനുമൊക്കെ ഇതുകൊണ്ടൊരു മെച്ചമുണ്ടാകുമെന്നാണ് ഞാന്‍ വിചാരിക്കുന്നത്. എന്റെ കാര്‍ട്ടൂണ്‍ ഉപ്പുമാങ്ങ പരുവമായി എന്ന് പണ്ട് പാര്‍ടി പത്രത്തില്‍ എഴുതിയിരുന്നു അശോകന്‍ ചെരിവില്‍. ഇപ്പോ ചെരിവില്‍ ആരായി! അപ്പോള്‍ പറഞ്ഞു വന്നത്. വിമര്‍ശനങ്ങള്‍നടക്കട്ടെ ....തെറി വിളി വേണ്ട. ഞാന്‍ വര നിര്‍ത്താനും പോകുന്നില്ല. ഒരു കാര്യം കൂടി പറഞ്ഞു നിര്‍ത്തുന്നു..
കഴിഞ്ഞ മാസം തലശ്ശേരി ടൗണ്‍ ഹാളില്‍ ഒരു കല്യാണത്തിന് പോയി. എന്റെ അച്ഛന്റെ അനന്തരവന്റെ മകളാണ് വധു.വധുവിന്റെ അമ്മയുടെ അമ്മാവനെ നിങ്ങളറിയും.ശ്രീ .കോടിയേരി ബാലകൃഷ്ണന്‍. നിന്നെ കോടിയേരി അന്വേഷിച്ചെന്ന് എന്റെ ഏട്ടന്‍ പറഞ്ഞപ്പോള്‍ ഞാന്‍ അടുത്തു പോയി. ചിരിച്ചു കൊണ്ട് കൈ തന്നിട്ട് കോടിയേരി പറഞ്ഞു ' കാര്‍ട്ടൂണൊക്കെ കാണുന്നുണ്ട്. പക്ഷെ എനിക്കൊരു കാര്യം പറയാനുണ്ട് എന്നെ വരയ്ക്കുമ്പോള്‍.. '
എന്താ സാര്‍? ഞാന്‍ ചോദിച്ചു.
എനിക്ക് അത്ര വയറില്ല കേട്ടോ ഇനി വരക്കുമ്പോള്‍ ശ്രദ്ധിക്കണം.' 'അതെ. അത്ര വയറില്ല ' അദ്ദേഹത്തിന്റെ ഭാര്യയും ശരിവെച്ചു. ഞാന്‍ വാക്കു പറഞ്ഞിട്ടുണ്ട്. ഒറ്റ സ്‌ട്രെച്ചിന് വയറു കുറയ്ക്കാന്‍ പറ്റുമെന്ന് തോന്നുന്നില്ല.... പറ്റുമായിരിക്കും....
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates