എന്തുകൊണ്ട് സ്പ്രിന്‍ക്ലര്‍? വിശ്വാസ്യത എന്ത്? ; ചോദ്യങ്ങളുണ്ട്, എന്നാല്‍ ഇപ്പോള്‍ ഇടപെടുന്നില്ലെന്ന് ഹൈക്കോടതി

കോവിഡ് പോരാട്ടത്തില്‍ കോടതി ഇടപെടുന്നു എന്ന വ്യാഖ്യാനത്തിന് ഇടകൊടുക്കുന്നില്ലെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍
എന്തുകൊണ്ട് സ്പ്രിന്‍ക്ലര്‍? വിശ്വാസ്യത എന്ത്? ; ചോദ്യങ്ങളുണ്ട്, എന്നാല്‍ ഇപ്പോള്‍ ഇടപെടുന്നില്ലെന്ന് ഹൈക്കോടതി
Updated on
2 min read

കൊച്ചി: വ്യക്തികളുടെ സ്വകാര്യത സുരക്ഷിതമാക്കിയതിനു ശേഷമേ വിശകലനത്തിനായി സ്പ്രിന്‍ക്ലറിനു ഡാറ്റ കൈമാറാവൂ എന്ന് ഹൈക്കോടതി. പേരും മറ്റു വ്യക്തിവിവരങ്ങളും മറയ്ക്കുന്നതിനുള്ള അനോണിമൈസേഷന്‍ നടത്തിയ ഡാറ്റ മാത്രമേ സ്പ്രിന്‍ക്ലര്‍ സ്വീകരിക്കാവൂ എന്ന് കോടതി നിര്‍ദേശിച്ചു.

ലഭിക്കുന്ന വിവരങ്ങള്‍ പുറത്തുപോവില്ലെന്ന് സ്പ്രിന്‍ക്ലര്‍ ഉറപ്പാക്കണം. വാണിജ്യാവശ്യത്തിനായി ലോകത്തെവിടെയും ഈ ഡാറ്റ ഉപയോഗിക്കുന്നതില്‍നിന്ന് ഇന്‍ഷക്ഷന്‍ ഉത്തരവിലൂടെ സ്പ്രിന്‍ക്ലറിനെ കോടതി തടഞ്ഞു. സ്പ്രിന്‍ക്ലറിന്റെ പരസ്യങ്ങളില്‍ കേരള സര്‍ക്കാരിന്റെ പേരോ ലോഗോയോ ഉപയോഗിക്കരുതെന്നും ഉത്തരവുണ്ട്.

ശേഖരിക്കുന്ന ഡാറ്റ സ്പ്രിന്‍ക്ലറിനു കൈമാറുമെന്ന് സര്‍ക്കാര്‍ ജനങ്ങളെ അറിയിക്കണം. ഡാറ്റ ശേഖരിക്കും മുമ്പ് ജനങ്ങളുടെ സമ്മതം വാങ്ങണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.

ഡാറ്റ അനാലിസിസിനായി സംസ്ഥാന സര്‍ക്കാര്‍ എങ്ങനെയാണ് സ്പ്രിന്‍ക്ലറിനെ കണ്ടെത്തിയത് എന്ന കാര്യത്തില്‍ വ്യക്തതക്കുറവുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. സ്പ്രിന്‍ക്ലറിന്റെ വിശ്വാസ്യത എന്തെന്ന് സംസ്ഥാന സര്‍ക്കാര്‍ പോലും വിശദീകരിക്കുന്നില്ല. സ്വാഭാവികമായും കോടതി ഇക്കാര്യത്തില്‍ ഇടപെടേണ്ടതാണ്. എന്നാല്‍ കോവിഡിനെതിരായ പ്രതിരോധത്തിന്റെ പശ്ചാത്തലത്തില്‍ കോടതി ഇതില്‍ ഇടപെടുന്നില്ല. സ്പ്രിന്‍ക്ലറെക്കൂടാതെ കോവിഡ് പ്രതിരോധം മുന്നോട്ടുപോവില്ലെന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചത്. കോവിഡ് പോരാട്ടത്തില്‍ കോടതി ഇടപെടുന്നു എന്ന വ്യാഖ്യാനത്തിന് ഇടകൊടുക്കുന്നില്ലെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. കേസ് മൂന്നാഴ്ചയ്ക്കു ശേഷം വീണ്ടും പരിഗണിക്കും.

ആവശ്യമായി സുരക്ഷാ മുന്‍കരുതല്‍ എടുത്താണ് ഡാറ്റാ അനാലിസിനായി സ്പ്രിന്‍ക്ലറിന് വിവരങ്ങള്‍ കൈമാറുന്നതെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഡി ഐഡന്റിഫിക്കേഷന്‍, മാസ്‌കിങ് തുടങ്ങിയ സുരക്ഷാ രീതികള്‍ പിന്‍തുടര്‍ന്നുകൊണ്ടാണ് വിവരങ്ങള്‍ കൈമാറുന്നതെന്ന് സര്‍ക്കാരിനു വേണ്ടി ഹാജരായ എന്‍എസ് നപ്പിനൈ കോടതിയെ അറിയിച്ചു.

അനോണിമൈസേഷന്‍, മാസ്‌കിങ് തുടങ്ങിയ ഡീ ഐഡന്റിഫിക്കേഷന്‍ രീതികള്‍ അവലംബിച്ചു മാത്രമേ മൂന്നാം കക്ഷിക്കു ഡാറ്റ കൈമാറാനാവൂ എന്ന് കേന്ദ്ര സര്‍ക്കാരിന്റെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടിയപ്പോഴാണ് സംസ്ഥാനം ഇക്കാര്യം വിശദീകരിച്ചത്. സ്പ്രിന്‍ക്ലറിന് വ്യക്തികളുടെ പേരുകളോ വിലാസമോ ഇതുവരെ നല്‍കിയിട്ടില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു.

സ്പ്രിന്‍ക്ലര്‍ നല്‍കുന്ന ഏതു സേവനവും നല്‍കാന്‍ എന്‍ഐസി സജ്ജമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. ഇപ്പോള്‍ ആവശ്യപ്പെട്ടാല്‍ പോലും സേവനം നല്‍കാന്‍ എന്‍ഐസിക്കാവും. ഇക്കാര്യം പരിഗണിക്കാനാവുമേയെന്ന് സംസ്ഥാന സര്‍ക്കാരിനോട് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നിര്‍ദേശിച്ചു.  നിയമ നടപടികള്‍ ന്യൂയോര്‍ക്ക് കോടതിയുടെ പരിധിയില്‍ ആക്കിയത് വിവരം നല്‍കുന്ന ജനങ്ങള്‍ക്കിടയില്‍ സംശയത്തിനു കാരണമാവുമെന്ന് കേന്ദ്ര സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. എ്ന്നാല്‍ ജനങ്ങള്‍ക്കു രാജ്യത്തു നിയമ നടപടിയുമായി മുന്നോട്ടുപോവുന്നതിന് ഇതു തടസ്സമല്ലെന്ന് കേന്ദ്ര സര്‍ക്കാരിനു വേണ്ടി ഹാജരായി അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ പറഞ്ഞു.

നേരത്തെ കേസ് പരിഗണനയ്‌ക്കെടുത്തപ്പോള്‍ സംസ്ഥാന സര്‍ക്കാരിനു മുന്നില്‍ കോടതി ഏതാനും ചോദ്യങ്ങള്‍ ഉയര്‍ത്തിയിരുന്നു. നിയമവകുപ്പ് കാണാതെ ഐ.ടി സെക്രട്ടറി എന്തിന് സ്വന്തം നിലയില്‍ തീരുമാനമെടുത്തു, ന്യൂയോര്‍ക്ക് കോടതിയെ എന്തിന് വ്യവഹാരത്തിന് വെച്ചു, സ്വകാര്യതയും വിവര സുരക്ഷയും പ്രധാനമല്ലേ, സ്പ്രിംക്ലറിന്റെ വിശ്വാസ്യതയെക്കുറിച്ച് സര്‍ക്കാര്‍ എന്തുകൊണ്ട് പറയുന്നില്ല തുടങ്ങിയ ചോദ്യങ്ങളാണ് കോടതി ഉയര്‍ത്തിയത്.

വിഡിയോ കോണ്‍ഫറന്‍സിങ് നടക്കുന്ന സൂം ആപ്പില്‍ സാങ്കേതിക തകരാര്‍ സംഭവിച്ചതുകൊണ്ട് അല്‍പ്പനേരം വാദം കേള്‍ക്കല്‍ തടസപ്പെട്ടു.

വിവര സംരക്ഷണം മൗലികാവകാശമാണെന്നും അത് ലംഘിക്കുന്ന കരാര്‍ റദ്ദാക്കണമെന്നും ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടു. ഡേറ്റാ സുരക്ഷയുടെ കാര്യത്തില്‍ സര്‍ക്കാര്‍ വ്യക്തത വരുത്തിയിട്ടില്ല അതിനാല്‍ അരക്ഷിതാവസ്ഥ തുടരുകയാണെന്നും ഹര്‍ജിക്കാര്‍ ആരോപിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com