

മലപ്പുറം: പിതൃസഹോദരപുത്രന്‍ കെടി അദീബിനെ മൈനോറിറ്റി ഡവലപ്പ്‌മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷനില്‍ ജനറല്‍ മാനേജരായി നിയമിച്ചെന്ന യൂത്ത് ലീഗിന്റെ ആരോപണം നിഷേധിച്ച് കെടി ജലീല്‍. നിയമനം താത്കാലികം മാത്രമാണ്.നല്ലൊരു ജോലിയില്‍ നിന്ന് അനാകര്‍ഷണീയമായ മറ്റൊരു പദവിയിലേക്ക്, മൈനോരിറ്റി ധനകാര്യ കോര്‍പ്പറേഷന്റെ മെച്ചപ്പെട്ട പ്രവര്‍ത്തനം മാത്രം ലാക്കാക്കി യോഗ്യതയും പരിചയ സമ്പത്തുമുള്ള ഒരാള്‍ക്ക് ഡപ്യൂട്ടേഷനില്‍ നിയമനം നല്‍കിയതിനെയാണ് മഹാപരാധമായി യൂത്ത് ലീഗ്
ചൂണ്ടിക്കാണിക്കുന്നതെന്ന് കെടി ജലീല്‍ ഫെയ്‌സ് ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.
ജലീല്‍ വിരോധം കൊണ്ട് മാത്രം രക്ഷപ്പെടുന്ന കാലം ലീഗില്‍ കഴിഞ്ഞുവെന്നത് ഇനിയെങ്കിലും മനസ്സിലാക്കിയാല്‍ ഫിറോസിന് നന്നു. അപവാദങ്ങള്‍ക്കും കുപ്രചരണങ്ങള്‍ക്കും അല്‍പായുസ്സേ ഉണ്ടാകൂ. സത്യമേ ശാശ്വതമായി ജയിക്കൂ. ആ വിശ്വാസം ഉള്ളതുകൊണ്ടുതന്നെയാവണം ഇതിലൊന്നും ഒരു ഭയവും തോന്നുന്നില്ലെന്നും ജലീല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
2018 ഒക്ടോബര്‍ എട്ടിന് പൊതുഭരണ ഉത്തരവ് പ്രകാരം അപേക്ഷ ക്ഷണിക്കുകയോ ഇന്റര്‍വ്യൂ നടത്തുകയോ ചെയ്യാതെ മന്ത്രി ബന്ധുവിന് നേരിട്ട് നിയമനം നല്‍കിയെന്നയിരുന്നു യൂത്ത് ലീഗിന്റെ പരാതി. സ്വജനപക്ഷപാതം നടത്തിയ മന്ത്രി ജലീലും ജനറല്‍ മാനേജരും രാജിവെക്കണമെന്നായിരുന്നു യൂത്ത് ലീഗിന്റെ ആവശ്യം.
കെടി ജലീലിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ബന്ധു നിയമനമെന്ന യൂത്ത് ലീഗിന്റെ ഉണ്ടയില്ലാ വെടി
എന്റെ ബന്ധുവിനെ കേരള സംസ്ഥാന ന്യൂനപക്ഷ ധനകാര്യ കോര്‍പ്പറേഷനില്‍ ജനറല്‍ മോനേജരായി നിയമിച്ചുവെന്ന യൂത്ത് ലീഗിന്റെ ആരോപണം വസ്തുതക്കള്‍ക്ക് നിരക്കാത്തതാണ്. ഒരു ധനകാര്യ സ്ഥാപനമെന്ന നിലയില്‍ മറേറതെങ്കിലും മെച്ചപ്പെട്ടൊരു ധനകാര്യ സ്ഥാപനത്തില്‍ പ്രവൃത്തി പരിചയവും നിലവില്‍ ജോലി ചെയ്ത് വരുന്നതുമായ ഒരാളെ ജനറല്‍ മാനേജരായി ഡെപ്യൂട്ടേഷനില്‍ നിയമിക്കാന്‍ വേണ്ടിയാണ് 2016 സെപ്തംബര്‍ 17 ന് ശനിയാഴ്ച കേരളത്തിലെ പ്രമുഖ പത്രങ്ങളില്‍ കോര്‍പ്പറേഷന്‍ പരസ്യം നല്‍കി അപേക്ഷ ക്ഷണിച്ചത്. യോഗ്യതയായി പറഞ്ഞത് ങആഅ അല്ലെങ്കില്‍ BTech with PGDBA/ CS/ CA/ ICWAI യും മൂന്നുവര്‍ഷ പരിചയവുമായിരുന്നു. അതനുസരിച്ച് ഏഴു പേരാണ് അപേക്ഷിച്ചത്.
ഇതടിസ്ഥാനത്തില്‍ 26.10.2016 ന് നടന്ന ഇന്റര്‍വ്യൂവില്‍ മൂന്നു പേര്‍ ഹാജരായി. നിശ്ചിത യോഗ്യത ഇല്ലാത്തവരായിരുന്നു മൂന്നു പേരുമെന്നതിനാല്‍ ആരെയും നിയമിച്ചില്ല. പരിചയസമ്പന്നനായ ഒരാളുടെ സേവനം ന്യൂനപക്ഷ കോര്‍പ്പറേഷന് ആവശ്യമായി വന്നതിനാല്‍ നേരത്തെ നല്‍കിയ ഏഴു അപേക്ഷകള്‍ പരിശോധിച്ച സ്ഥാപനത്തിന്റെ ചെയര്‍മാന്‍ പ്രൊഫ. എ.പി. അബ്ദുല്‍ വഹാബും എം.ഡി റിട്ടയേഡ് എസ്.പി അക്ബറും അവരില്‍ യോഗ്യതയുണ്ടായിരുന്ന ഒരേ ഒരാളെ ബന്ധപ്പെടുകയും കാര്യങ്ങള്‍ അന്വേഷിക്കുകയും ചെയ്തു.
കഥാപുരുഷനായ അദീപ് നിലവില്‍ സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ കോഴിക്കോട് ഓഫീസില്‍ സീനിയര്‍ മാനേജരായി ജോലി ചെയ്യുകയാണെന്നും തനിക്ക് ന്യൂനപക്ഷ കോര്‍പ്പറേഷനിലേക്ക് വരാന്‍ താല്‍പര്യമില്ലാത്തത് കൊണ്ടാണ് ഇന്റര്‍വ്യൂവിന് വരാതിരുന്നതെന്നും അറിയിച്ചു. മൈനോറിറ്റി ധനകാര്യ കോര്‍പ്പറേഷന് ധനകാര്യ സ്ഥാപനങ്ങളില്‍ പരിചയ സമ്പത്തുള്ള ഒരാളുടെ സേവനം അത്യാവശ്യമാണെന്നും കേന്ദ്ര ധനകാര്യ കോര്‍പ്പറേഷനില്‍ നിന്ന് പുതിയ പ്രൊജക്ടുകള്‍ സമര്‍പ്പിച്ച് ഫണ്ട് വാങ്ങിയെടുക്കുന്നതിന് വേറെ ഒരാളെ കിട്ടുന്നത് വരെ തല്‍ക്കാലത്തേക്കെങ്കിലും ഡപ്യൂട്ടേഷനില്‍ വരണമെന്നും അഭ്യര്‍ത്ഥിച്ചതനുസരിച്ചാണ് അദീപ് സൗത്ത് ഇന്‍ഡ്യന്‍ ബാങ്കില്‍ നിന്നുള്ള ചഛഇ ഉള്‍പ്പടെ അനുബന്ധമായി ചേര്‍ത്ത് അപേക്ഷ നല്‍കുന്നത്. പ്രസ്തുത അപേക്ഷ എം.ഡി 11.9. 2018 ന് സര്‍ക്കാരിലേക്ക് ശുപാര്‍ശ ചെയ്തയച്ചു. ഇക്കാര്യങ്ങള്‍ വിശദമായി പരിശോധിച്ച് KS & SSR 1958 ലെ റൂള്‍ 9ആ പ്രകാരം ഇദ്ദേഹത്തിന് സൗത്ത് ഇന്ത്യന്‍ ബാങ്കിലെ സീനിയര്‍ മാനേജര്‍ എന്ന തസ്തികയില്‍ ലഭ്യമാകുന്ന അതേ ശമ്പളവും അലവന്‍സും അടിസ്ഥാനത്തില്‍ കോര്‍പ്പറേഷനില്‍ ഒരു വര്‍ഷത്തേക്ക് നിയമനം നല്‍കി ഉത്തരവാവുകയും ചെയ്തു. മേല്‍ നിയമപ്രകാരം സര്‍ക്കാരിന് യോഗ്യതയും പരിചയ സമ്പത്തുമുള്ള ഏതൊരു വ്യക്തിയേയും ഡപ്യൂട്ടേഷനില്‍ നിയമിക്കാന്‍ അധികാരമുണ്ട് താനും.
നല്ലൊരു ജോലിയില്‍ നിന്ന് അനാകര്‍ഷണീയമായ മറ്റൊരു പദവിയിലേക്ക്, മൈനോരിറ്റി ധനകാര്യ കോര്‍പ്പറേഷന്റെ മെച്ചപ്പെട്ട പ്രവര്‍ത്തനം മാത്രം ലാക്കാക്കി യോഗ്യതയും പരിചയ സമ്പത്തുമുള്ള ഒരാള്‍ക്ക് ഡപ്യൂട്ടേഷനില്‍ നിയമനം നല്‍കിയതിനെയാണ് മഹാപരാധമായി ഫിറോസ് അവതരിപ്പിക്കുന്നത്. മുമ്പ് കുടുംബശ്രീ നിയമനത്തില്‍ ഞാന്‍ അഴിമതി കാണിച്ചു എന്നും പറഞ്ഞ് കൊടിയും വടിയുമെടുത്ത് ഇങ്ങേരും സില്‍ബന്തികളും അരയും തലയും മുറുക്കി ഇറങ്ങിയിരുന്നു. വാര്‍ത്താ സമ്മേളനം നടത്തി മാലോകരെ അറിയിക്കുകയും ചെയ്തു. അരിശം തീരാഞ്ഞ് വിജിലന്‍സ് കോടതിയില്‍ കേസും കൊടുത്തു. അതിന്റെയൊക്കെ പരിണിതി എന്തായി എന്ന് പിന്നീടാരും അറിഞ്ഞില്ല. അതുകൂടെ ഇതോട് ചേര്‍ത്തൊന്ന് പറഞ്ഞാല്‍ നന്നായിരിക്കും. എന്നെക്കൊണ്ട് ലീഗില്‍ ജീവിച്ചു പോകുന്ന ചിലരെങ്കിലും ഇപ്പോഴുമുണ്ട്. അതില്‍ ഒരാളാണ് എന്റെ അനുജ സഹോദരന്‍ ഫിറോസ്. ജലീല്‍ വിരോധം കൊണ്ട് മാത്രം രക്ഷപ്പെടുന്ന കാലം ലീഗില്‍ കഴിഞ്ഞുവെന്നത് ഇനിയെങ്കിലും മനസ്സിലാക്കിയാല്‍ ഫിറോസിന് നന്നു. അപവാദങ്ങള്‍ക്കും കുപ്രചരണങ്ങള്‍ക്കും അല്‍പായുസ്സേ ഉണ്ടാകൂ. സത്യമേ ശാശ്വതമായി ജയിക്കൂ. ആ വിശ്വാസം ഉള്ളതുകൊണ്ടുതന്നെയാവണം ഇതിലൊന്നും ഒരു ഭയവും തോന്നുന്നില്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates