

ഷൊര്‍ണ്ണൂര്‍: ''എന്റെ മോളു പോയി. മോളെ കൊന്ന ഗോവിന്ദച്ചാമിയുടെ മരണം കാണണമെന്നായിരുന്നു ആഗ്രഹം. പക്ഷെ...'' സൗമ്യയുടെ അമ്മ വിതുമ്പിക്കൊണ്ടായിരുന്നു ഇത് പറഞ്ഞത്. സൗമ്യകേസില്‍ വധശിക്ഷ നല്‍കാത്ത സുപ്രീംകോടതി വിധി തിരുത്തണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ തിരുത്തല്‍ ഹര്‍ജി സുപ്രീംകോടതി തള്ളിയതോടെ കേസിലെ തുടര്‍നടപടികളെല്ലാം അവസാനിച്ചിരിക്കുകയാണ്. സൗമ്യയുടെ അമ്മ സുമതി ഈ വാര്‍ത്ത കണ്ണീരോടെയാണ് കേട്ടത്. മകളെ കൊന്നവന് വധശിക്ഷയില്‍ കുറഞ്ഞ ഒരു ശിക്ഷയും ഈ അമ്മയുടെ മനസ്സിലില്ല. ''ഒരേയൊരു മോളല്ലേ എനിക്കുള്ളു. എന്റെ കുട്ടിയെയല്ലേ അവന്‍ ഇല്ലാണ്ടാക്കിയത്. ഇനി എനിക്ക് മറ്റെന്ത് കിട്ടിയിട്ടെന്താ കാര്യം, എന്റെ മോളെ അവന്‍ കൊന്നില്ലേ? അവന്റെ മരണം കാണണമെന്നാണ് എന്റെ ആഗ്രഹം. അതിന് ഞാന്‍ ഏത് കോടതിവരെയും പോകും.'' ഇതായിരുന്നു സുമതി എപ്പോഴും പറഞ്ഞിരുന്ന വാക്കുകള്‍. പക്ഷെ, സുപ്രീംകോടതി തിരുത്താന്‍ സാധ്യകളില്ലാത്ത അവസാന വിധിയെഴുത്ത് നടത്തിക്കഴിഞ്ഞു: ഗോവിന്ദച്ചാമിയ്ക്ക് വധശിക്ഷയില്ല.
''എല്ലാവരും എന്റെകൂടെയുണ്ടാവും. എന്റെ മകള്‍ക്ക് നീതി കിട്ടാന്‍ ഞാന്‍ ഏതറ്റംവരെയും പോകും'' എന്നുതന്നെയാണ് സുമതിയുടെ വാക്കുകള്‍. കണ്ണീരുണങ്ങാത്ത കണ്ണുകളില്‍ അവസാന പ്രതീക്ഷയും ഇല്ലാതായിരിക്കുന്നു. ''ഇനി എന്തു ചെയ്യണമെന്ന് എനിക്കറിയില്ല.''
പ്രോസിക്യൂഷന്‍ വാദങ്ങളും തെളിവുകളും ഗോവിന്ദച്ചാമി സൗമ്യയെ ട്രെയിനില്‍നിന്നും പുറത്തേക്കിട്ട് കൊലപ്പെടുത്തി എന്ന വാദത്തെ സ്ഥാപിക്കാന്‍ പര്യാപ്തമല്ല. അതുകൊണ്ട് മാനഭംഗപ്പെടുത്തിയെന്നതുമാത്രമേ ഗോവിന്ദച്ചാമിയുടെ പേരിലുള്ള കുറ്റമായി പരിഗണിക്കാനാവൂ. ജീവപര്യന്തം തടവിനല്ലാതെ, വധശിക്ഷയ്ക്കുള്ള കുറ്റമായി ഇത് പരിഗണിക്കാനാവില്ല എന്നതാണ് സുപ്രീംകോടതിയുടെ നിരീക്ഷണം.
സുപ്രീംകോടതി വിധിയ്‌ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ പുനഃപരിശോധന ഹര്‍ജിയായിരുന്നു നല്‍കിയത്. എന്നാല്‍ അത് സുപ്രീംകോടതി ഇതേ വാദമുന്നയിച്ച് തള്ളുകയായിരുന്നു. തുടര്‍ന്ന് അവസാന ശ്രമമെന്ന നിലയില്‍ തിരുത്തല്‍ ഹര്‍ജി നല്‍കി. ഇതും തള്ളിക്കൊണ്ട് തുടര്‍വാദങ്ങള്‍ക്ക് സാധ്യതയില്ലാത്തവിധം കേസ് സുപ്രീംകോടതി അവസാനിപ്പിച്ചു. ജീവപര്യന്തംതടവ് മാത്രമായിരിക്കും ഗോവിന്ദച്ചാമിയ്ക്ക് ലഭിക്കുക.
സര്‍ക്കാര്‍ സാധ്യമായതെല്ലാം സൗമ്യ കേസില്‍ ചെയ്തുവെന്ന് മന്ത്രി എ.കെ. ബാലന്‍ പ്രതികരിച്ചു. തിരുത്തല്‍ ഹര്‍ജി നല്‍കുമ്പോഴും പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ സുപ്രീംകോടതി വിധി മറിച്ചായിപ്പോയി. ഇപ്പോഴത്തെ വിധിപ്രകാരവും പ്രതി ആജീവനാന്തം ജയിലില്‍ത്തന്നെയായിരിക്കും. 14 വര്‍ഷം കഴിഞ്ഞ് സര്‍ക്കാര്‍ എന്തെങ്കിലും തീരുമാനമെടുത്താലല്ലാതെ പുറത്തേക്കിറങ്ങാന്‍ സാധിക്കില്ല. എങ്കിലും വധശിക്ഷതന്നെ കൊടുക്കണമെന്ന് സര്‍ക്കാരിനുമുണ്ടായിരുന്നു. അതുകൊണ്ടാണ് സൗമ്യയുടെ അമ്മയുടെ ആവശ്യപ്രകാരം തിരുത്തല്‍ ഹര്‍ജി നല്‍കിയതെന്നും മന്ത്രി ബാലന്‍ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates