എറണാകുളത്ത് 3000 ഓട്ടോകള്‍ക്കു കൂടി പെര്‍മിറ്റ്; മീറ്റര്‍ നിര്‍ബന്ധം; വാടക ചാര്‍ട്ട് പ്രദര്‍ശിപ്പിക്കണം

എറണാകുളത്ത് 3000 ഓട്ടോകള്‍ക്കു കൂടി പെര്‍മിറ്റ്; മീറ്റര്‍ നിര്‍ബന്ധം; വാടക ചാര്‍ട്ട് പ്രദര്‍ശിപ്പിക്കണം
എറണാകുളത്ത് 3000 ഓട്ടോകള്‍ക്കു കൂടി പെര്‍മിറ്റ്; മീറ്റര്‍ നിര്‍ബന്ധം; വാടക ചാര്‍ട്ട് പ്രദര്‍ശിപ്പിക്കണം
Updated on
1 min read

കൊച്ചി: എറണാകുളം നഗരത്തില്‍ ഇലക്ട്രിക്ക്, സി.എന്‍.ജി, എല്‍.എന്‍.ജി, എല്‍.പി.ജി ഇന്ധനങ്ങള്‍ ഉപയോഗിക്കുന്ന 3000 ഓട്ടോറിക്ഷകള്‍ക്ക് പെര്‍മിറ്റ് അനുവദിക്കാന്‍ തീരുമാനിച്ചു.  റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിട്ടിയുടെ നിര്‍ദ്ദേശപ്രകാരം നിബന്ധനകള്‍ക്ക് വിധേയമായാണ് പെര്‍മിറ്റ് അനുവദിക്കുന്നത്. 

ഓട്ടോറിക്ഷകള്‍ക്കായുള്ള അപേക്ഷകര്‍ കൊച്ചി കോര്‍പ്പറേഷനിലെ സ്ഥിര താമസക്കാരനായിരിക്കണം. ഒരു വ്യക്തിയുടെ പേരില്‍ ഒരു സിറ്റി പെര്‍മിറ്റ് മാത്രമേ അനുവദിക്കുകയുള്ളൂ. അപേക്ഷകന്‍ സ്ഥിരതാമസ മേല്‍വിലാസം തെളിയിക്കുന്നതിനായി രണ്ടു തെളിവുകള്‍ ഹാജരാക്കണം. സിറ്റി പെര്‍മിറ്റ് വാഹനങ്ങളുടെ കാലപ്പഴക്കം 10 വര്‍ഷമായി നിജപ്പെടുത്തിയിരിക്കുന്നു. 2011 നവംബറിന് ശേഷം രജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍ക്ക് മുന്‍ഗണന നല്‍കും. സിറ്റി പെര്‍മിറ്റിന്റെ കൈമാറ്റം കൊച്ചി കോര്‍പ്പറേഷനിലെ സ്ഥിരതാമസക്കാര്‍ തമ്മില്‍ മാത്രമേ അനുവദിക്കുകയുള്ളൂ.

ബോണറ്റ് നമ്പര്‍ വാഹനത്തിന്റെ മുന്‍ ഭാഗത്തും പിന്‍ഭാഗത്തും വലതു വശത്തായി പ്രദര്‍ശ്ശിപ്പിക്കണം. ക്രീം അല്ലെങ്കില്‍ യെല്ലോ കളര്‍ മുന്‍ഭാഗത്ത് പെയിന്റ് ചെയ്യണം. ഇലക്ട്രിക്ക് വാഹനത്തിലടക്കം നിയമപ്രകാരം രെജിസ്‌ട്രേഷന്‍ നമ്പര്‍ പ്രദര്‍ശ്ശിപ്പിക്കണം. ഇതിനുപുറമേ പ്രത്യേക ചിഹ്നമോ അടയാളമോ നിഷ്‌കര്‍ഷിക്കുകയാണെങ്കില്‍  അതുകൂടി പ്രദര്‍ശ്ശിപ്പിക്കണം. കൊച്ചി കോര്‍പ്പറേഷനിലെ സ്ഥിരതാമസക്കാരായ അപേക്ഷകരുടെ ഓട്ടോറിക്ഷ ഓടിച്ചുള്ള മുന്‍പരിചയം പെര്‍മിറ്റ് അനുവദിക്കുന്നതിനുള്ള മുന്‍ഗണനാക്രമത്തിന് പരിഗണിക്കും. 

നിലവില്‍ സിറ്റി പെര്‍മിറ്റ് ഇല്ലാതെ സിറ്റിയില്‍ സര്‍വ്വീസ് നടത്തുന്ന ഓട്ടോറിക്ഷ ഉടമകള്‍ പെര്‍മിറ്റ് വേരിയേഷന് അപേക്ഷിക്കേണ്ടതാണ്. ലീഗല്‍ മെട്രോളജി അംഗീകരിച്ച ഇലക്ട്രോണിക്‌സ് ഫെയര്‍ മീറ്റര്‍, മോട്ടോര്‍ വാഹനവകുപ്പ് അംഗീകരിച്ച വാടക ചാര്‍ട്ട് എന്നിവ ഓട്ടോറിക്ഷയില്‍ ഉണ്ടാകണം. െ്രെഡവര്‍ നിര്‍ബന്ധമായും നെയിം പ്ലേറ്റ് പ്രദര്‍ശിപ്പിക്കേണ്ടതും തിരിച്ചറിയല്‍ കാര്‍ഡ് സൂക്ഷിക്കേണ്ടതുമാണ്. 

നിബന്ധനകള്‍ക്ക് വിധേയമായി സിറ്റി പെര്‍മിറ്റിന് അപേക്ഷിക്കുവാന്‍ താല്പര്യമുള്ളവര്‍ വെളള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ, മേല്‍വിലാസം തെളിയിക്കുന്നതിനുള്ള രണ്ട് രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ വാഹനത്തിന്റെ രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ എന്നിവ സഹിതം ഈ മാസം 12നകം എറണാകുളം റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസിലെ നോഡല്‍ ഓഫീസര്‍മാരായി നിയമിക്കപ്പെട്ട അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കള്‍സ് ഇന്‍സ്‌പെക്ടര്‍മാര്‍ മുമ്പാകെ സമര്‍പ്പിക്കണം. തെരഞ്ഞെടുക്കപ്പെടുന്ന അപേക്ഷകര്‍ മോട്ടോര്‍ വാഹന നിയമപ്രകാരമുള്ള അപേക്ഷ നിശ്ചിത ഫീസ് അടച്ച് പിന്നീട് സമര്‍പ്പിക്കണം. സബ് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസിന്റെ അധികാര പരിധിയില്‍ വരുന്ന അപേക്ഷകര്‍ ജോയിന്റ് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസ് മട്ടാഞ്ചേരിയില്‍ അപേക്ഷ സമര്‍പ്പിക്കേണ്ടാതണെന്നും എറണാകുളം റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com