തിരുവനന്തപുരം: ചാര്‍ട്ടേഡ് വിമാനങ്ങളിലും വന്ദേഭാരത് മിഷനിലൂടെ വരുന്നവര്‍ക്കും കോവിഡ് പരിശോധന വേണമെന്നാണ് സംസ്ഥാനത്തിന്റെ നിലപാടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രോഗം ഉള്ളവരെയും ഇല്ലാത്തവരെയും ഇടകലര്‍ത്തി ഒരേ വിമാനത്തില്‍ കൊണ്ടുവരാന്‍ കഴിയില്ല. കോവിഡ് പരിശോധനാസൗകര്യം ഇല്ലാത്തിടത്ത് എംബസികള്‍ വഴി കേന്ദ്ര സര്‍ക്കാര്‍ ക്രമീകരണം ഏര്‍പ്പെടുത്തണം എന്നാണ് പ്രധാനമന്ത്രിയോട് സംസ്ഥാനം ആവശ്യപ്പെട്ടത്.
യാത്ര ആരംഭിക്കുന്ന വിമാനത്താവളങ്ങളില്‍ കോവിഡ് പരിശോധനയ്ക്ക് കേന്ദ്രം പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തണം. സാമ്പത്തിക പ്രയാസമുള്ളവര്‍ക്ക് സൗജന്യ ടെസ്റ്റിങ് നടത്താനുള്ള സൗകര്യമുണ്ടാകണം. രോഗമുള്ളവരെയും സ്വീകരിക്കുമെന്നാണ് സംസ്ഥാനത്തിന്റെ നിലപാടെന്ന് മുഖ്യമന്ത്രി പറഞ്ഞു. രോഗം ഉള്ളവര്‍ ഒരുമിച്ച് വരണം. അങ്ങനെ വന്നാല്‍ രണ്ടു കയ്യും നീട്ടി സ്വീകരിക്കാന്‍ തയാറാണ്. അവര്‍ക്ക് ചികിത്സ നല്‍കും. രോഗമുള്ളവര്‍ മറ്റുള്ള രാജ്യങ്ങളില്‍ കഴിയട്ടെ എന്ന നിലപാട് ഒരു ഘട്ടത്തിലും സ്വീകരിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
ഇവിടേക്കു വരുന്ന യാത്രക്കാര്‍ക്ക് പരിശോധന നടത്തണമെന്നാണ് സംസ്ഥാനം പറയുന്നത്. അതിനെ മറ്റു തരത്തില്‍ വ്യാഖ്യാനിക്കുന്നത് ശരിയല്ല. പിസിആര്‍ ടെസ്റ്റ് നടത്തുന്നതിന് പല രാജ്യങ്ങളിലും പ്രയാസം നേരിടുന്നതായി പ്രവാസി സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു. അത്തരം സ്ഥലങ്ങളില്‍ ആന്റി ബോഡി ടെസ്റ്റ് നടത്തിയാല്‍ ഫലം വേഗത്തില്‍ ലഭിക്കും. ട്രൂനാറ്റ് ടെസ്റ്റിന് കുറഞ്ഞ ചെലവേ വരൂ. പരിശോധനാ സൗകര്യം ഇല്ലാത്തിടത്ത് എംബസികള്‍ വഴി ഇന്ത്യാ സര്‍ക്കാര്‍ ക്രമീകരണം ഏര്‍പ്പെടുത്തണം.
ഖത്തറില്‍ പുറത്തിറങ്ങുന്ന എല്ലാവര്‍ക്കും അവര്‍ അവതരിപ്പിച്ച മൊൈബല്‍ ആപ് നിര്‍ബന്ധമാണ്. അതില്‍ ഗ്രീന്‍ സ്റ്റാറ്റസുള്ളവര്‍ക്കേ പൊതു ഇടങ്ങളില്‍ പ്രവേശനമുള്ളൂ. ഖത്തറില്‍ നിന്നു വരുന്നവര്‍ക്ക് ഈ നിബന്ധന മതിയാകും. യുഎഇ വിമാനത്താവളത്തില്‍ നടത്തുന്ന റാപ്പിഡ് ടെസ്റ്റ് ഫലപ്രദമാണ്. മറ്റു ഗള്‍ഫ് രാജ്യങ്ങളിലും വിമാന കമ്പനികള്‍ ആരോഗ്യമന്ത്രാലയവുമായി ചേര്‍ന്ന് ടെസ്റ്റിങ് നടത്തണം. യാത്രക്കാര്‍ വര്‍ധിക്കുമ്പോള്‍ രോഗികളുടെ എണ്ണം വര്‍ധിക്കാനിടയുള്ളതിനാലാണ് പരിശോധന വേണമെന്ന് സര്‍ക്കാര്‍ പറയുന്നതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
വിദേശത്തുനിന്ന് വരുന്നവരില്‍ ഒന്നരശതമാനം ആളുകള്‍ക്ക് ഇപ്പോള്‍ കോവിഡ് പോസിറ്റീവാകുന്നുണ്ട്. രണ്ടു ലക്ഷത്തോളം പ്രവാസികള്‍ കേരളത്തിലേക്ക് വരാനിടയുണ്ട്. അവരില്‍ 2% പോസിറ്റീവായാല്‍ അതിന്റെ ഭാഗമായിതന്നെ വിദേശത്തുനിന്നു വരുന്നവരില്‍ 4000 പേര്‍ പോസിറ്റീവാകും. സമ്പര്‍ക്കംമൂലം കൂടുതല്‍ ആളുകളിലേക്കു രോഗം വ്യാപിക്കും. സമൂഹവ്യാപനമെന്ന വിപത്ത് സംഭവിച്ചേക്കാം. വന്ദേഭാരത് മിഷനിലൂടെ 179 വിമാനവും 124 ചാര്‍ട്ടേഡ് വിമാനങ്ങളുമാണ് ഇതുവരെ കേരളത്തിലെത്തിയത്. ജൂണ്‍ 24വരെ 149 വിമാനം ചാര്‍ട്ട് ചെയ്തിട്ടുണ്ട്. വന്ദേഭാരത് മിഷന്റെ ഭാഗമായി 171 വിമാനം വരാനുണ്ട്.
സ്‌പൈസ് ജെറ്റിന്റെ 100 വിമാനംകൂടി കണക്കിലെടുത്താല്‍ 420 വിമാനം മൊത്തം വരാനുണ്ട്. ഇന്നലെവരെ സംസ്ഥാനത്ത് 1366 പോസിറ്റീവ് കേസാണുള്ളത്. ഇതില്‍ 1246 എണ്ണം വിദേശത്തുനിന്നും മറ്റു സംസ്ഥാനത്തുനിന്നും വന്നവരാണ്. വിദേശത്തുനിന്ന് വന്ന് രോഗം സ്ഥിരീകരിച്ചവര്‍ 713 പേരാണ്. മൊത്തം കേസിന്റെ 52.19 ശതമാനമാണിത്. സ്‌പൈസ് ജെറ്റിന്റെ 300 ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്ക് അനുമതി നല്‍കിയ ഘട്ടത്തില്‍ കോവിഡ് ടെസ്റ്റ് നടത്തി നെഗറ്റീവായവരെ കൊണ്ടുവരുമെന്നാണ് കമ്പനി അറിയിച്ചത്. ചില സംഘടനകള്‍ ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്ക് അനുമതി തേടിയപ്പോള്‍ നല്‍കി. അവരോടും സ്‌പൈസ് ജെറ്റ് ചെയ്യുന്നതുപോലെ കോവിഡ് പരിശോധന വേണമെന്ന് അറിയിച്ചു. സ്‌പൈസ് ജെറ്റിനു പറ്റുമെങ്കില്‍ ആര്‍ക്കും പറ്റുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
 
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates