

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കേരളത്തിലെ ഏഴ് ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർക്കോട് ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്.
തിരുവനന്തപുരം ജില്ലയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്.
ആന്ധ്ര- ഒഡിഷ തീരത്തിന് സമീപം ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദം രൂപപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്. കേരളത്തിലും തമിഴ്നാട്ടിലും ഇന്ന് അതിതീവ്ര മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്.
മലയോര മേഖലകളിൽ കനത്ത മേഘ സാന്നിധ്യമുണ്ട്. ഇവിടങ്ങളിൽ ശക്തമായ മഴയുണ്ടാകും. മാഹിയിലും മഴ കൂടുതൽ ശക്തി പ്രാപിക്കും. മലയോര മേഖലയിൽ ജാഗ്രത പാലിക്കാനും നിർദ്ദേശമുണ്ട്.
എട്ട് അണക്കെട്ടുകളിൽ ഇന്ന് റെഡ് അലർട്ടാണ്. ശക്തമായ മഴയിൽ വിവിധ അണക്കെട്ടുകളിൽ ജലനിരപ്പുയരുകയാണ്. വയനാട്, ഇടുക്കി, പത്തനംതിട്ട, പാലക്കാട്, കോഴിക്കോട് ജില്ലകൾ വെള്ളപ്പൊക്ക ബാധിതമെന്നാണ് കേന്ദ്ര ജല കമ്മീഷൻ ശനിയാഴ്ച നൽകിയിരിക്കുന്ന അറിയിപ്പ്. മഴ തുടരുന്ന പശ്ചാത്തലത്തിൽ പെരിയാർ, ഭാരതപ്പുഴ, പമ്പ, കബനി, വളപട്ടണം, കുറ്റിയാടി നദികളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശമുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates