

തിരുവനന്തപുരം: സ്‌കൂള്‍ വിദ്യാഭ്യാസ രംഗത്തെ മികവില്‍ തുടര്‍ച്ചയായി രണ്ടാം വര്‍ഷവും കേരളം രാജ്യത്ത് ഒന്നാമതെത്തിയ സാഹചര്യത്തില്‍ അക്കാദമിക് രംഗം കൂടുതല്‍ മെച്ചപ്പെടുത്താന്‍ ലോകബാങ്ക് സഹായത്തോടെ കേന്ദ്രം നടപ്പാക്കുന്ന പദ്ധതിയും സംസ്ഥാനത്തിനു ലഭിക്കും. കേരളം ഉള്‍പ്പെടെ, നിതി ആയോഗ് റാങ്കിങ്ങില്‍ ഏറ്റവും മികവു കാട്ടിയ 6 സംസ്ഥാനങ്ങള്‍ക്കാണു പദ്ധതിക്ക് അര്‍ഹത. നിലവില്‍ സമഗ്രശിക്ഷ പദ്ധതിക്കു കേന്ദ്രം പണം നല്‍കുന്നുണ്ട്. ഇതിന് പുറമേ അക്കാദമിക് രംഗത്തു കൂടുതല്‍ നേട്ടങ്ങള്‍ കൈവരിക്കുന്നതിനാണു 3 വര്‍ഷം നീളുന്ന സ്റ്റാഴ്‌സ് പദ്ധതി. കേന്ദ്ര മാനവശേഷി മന്ത്രാലയമാണു പദ്ധതി അനുവദിക്കുക.
പദ്ധതിത്തുകയുടെ 60 % കേന്ദ്രവും 40 % സംസ്ഥാനവുമാണു വഹിക്കേണ്ടത്. ഒന്നാം സ്ഥാനത്താണെങ്കിലും കേരളത്തിനു 100 തികയ്ക്കാന്‍ 18 പോയിന്റിന്റെ കുറവുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഭരണരംഗത്താണു പുരോഗതി ഉണ്ടാകേണ്ടത്. നിലവില്‍ അധ്യാപകര്‍ സ്‌കൂള്‍ മേധാവികളാകുമ്പോള്‍ പലര്‍ക്കും മികവു കാട്ടാനാകുന്നില്ലെന്നാണ് ആക്ഷേപം.
വിദ്യാഭ്യാസ നിലവാരത്തില്‍ രാജ്യത്തെ സംസ്ഥാനങ്ങള്‍ തമ്മില്‍ വലിയ അന്തരമുണ്ടന്നാണ് നീതി ആയോഗ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. 76.6 ശതമാനത്തോടെയാണ് കേരളം പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തിയത്. അവസാന സ്ഥാനത്തുള്ള ഉത്തര്‍പ്രദേശിന് 36.4 ശതമാനം മാത്രമേ നേടാനായൂള്ളു.
2016-17 വര്‍ഷത്തെ പ്രകടനം അനുസരിച്ചാണ് ഇപ്പോഴത്തെ ഗുണനിലവാര സൂചിക തയ്യാറാക്കിയത്. ഇതിനായി പഠന സാഹചര്യങ്ങള്‍ പ്രകടനം അടക്കം മുപ്പത് ഘടകങ്ങള്‍ നീതി ആയോഗ് പരിഗണിച്ചു. ചെറിയ സംസ്ഥാനങ്ങളില്‍ മണിപൂരും കേന്ദ്രഭരണപ്രദേശങ്ങളില്‍ ചണ്ഢീഗഡും ഒന്നാം സ്ഥാനത്തെത്തിയിട്ടുണ്ട്. ഹരിയാന അസാം സംസ്ഥാനങ്ങള്‍ വിദ്യാഭ്യാസ നിലവാരം മികച്ച രീതിയില്‍ മെച്ചപ്പെടുത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ നീതി ആയോഗ്വ്യക്തമാക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates