

തിരുവനന്തപുരം: കൊറോണ വൈറസ് ബാധ ഭേദമായ ആളുടെ പ്ലാസ്മ ഗുരുതരാവസ്ഥയിലുള്ള രോഗിക്കു നൽകുന്ന ചികിത്സാ രീതി കേരളത്തിൽ നടപ്പാക്കാൻ ഒരുങ്ങുന്നു. ഇതിനായി രക്തത്തിലെ ആന്റിബോഡിയുടെ അളവ് കണ്ടെത്താനുള്ള ഐജിജി എലൈസ ടെസ്റ്റ് സംവിധാനം രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയിൽ ഒരാഴ്ചയ്ക്കുള്ളിൽ സജ്ജമാക്കും.
കോവിഡ് ഭേദമായ വ്യക്തിയുടെ രക്തത്തിലെ ആന്റിബോഡി ഗുരുതരാവസ്ഥയിലുള്ള രോഗിക്ക് നൽകുന്ന ചികിത്സാ രീതിയാണിത്. ന്യൂട്രലൈസേഷൻ പരിശോധനയാണ് പ്ലാസ്മ രീതിക്ക് വേണ്ടതെങ്കിലും നിലവിലെ സാഹചര്യത്തിൽ ഇത് പ്രായോഗികമല്ല. ഉയർന്ന സുരക്ഷാ നിലവാരമുള്ള വൈറോളജി ലാബുകളിൽ വൈറസ് കൾച്ചർ ഉപയോഗിച്ച് മാത്രമേ ഇത് ചെയ്യാനാകൂ. അതിനാൽ ഐജിജി എലൈസ ടെസ്റ്റ് നടത്താനാണ് തീരുമാനിച്ചിട്ടുള്ളത്.
ജർമനിയിൽ നിന്ന് കിറ്റുകൾ കൊണ്ടുവരുന്നത് സാധ്യമല്ലാത്തതിനാൽ രാജീവ് ഗാന്ധി സെന്ററിൽ തന്നെ ഇത് സജ്ജമാക്കും. പ്ലാസ്മ ചികിത്സയ്ക്കായി രോഗം ഭേദമായ 55 കിലോയെങ്കിലും തൂക്കമുള്ള വ്യക്തിയുടെ സമ്മതത്തോടെ 800 മില്ലിലീറ്റർ രക്തമാകും ഒരു തവണ എടുക്കുക. നിശ്ചിത ഇടവേളയിൽ ഒരാളിൽ നിന്ന് 2 തവണ രക്തമെടുക്കാനായാൽ 8 പേർക്ക് ഉപകരിക്കുമെന്നാണ് കണക്ക്. രക്തദാനത്തിലെ നിലവിലുള്ള മാനദണ്ഡങ്ങളിൽ ഇളവ് നൽകണമെന്ന് ആവശ്യപ്പെട്ട് ഡ്രഗ് കൺട്രോളർ ഓഫ് ഇന്ത്യയെ സംസ്ഥാന സർക്കാർ സമീപിച്ചിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates