ഒരാഴ്ചയ്ക്കകം ലൈസന്‍സ്, മുതല്‍ മുടക്കിന് 'സ്റ്റാര്‍ റേറ്റിങ്', ലോജിസ്റ്റിക്‌സ് പാര്‍ക്കുകള്‍ ; വ്യവസായ ലോകത്തെ ക്ഷണിച്ച് കേരള സര്‍ക്കാര്‍
തിരുവനന്തപുരം : കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധിക്കിടെ വ്യവസായ ലോകത്തെ കേരളത്തിലേക്ക് ക്ഷണിച്ച് സംസ്ഥാന സര്‍ക്കാര്‍. കോവിഡ് 19 മഹാമാരി തീര്‍ച്ചയായും കേരളത്തിന് വിവിധമേഖലകളില്‍ പുതിയ അവസരങ്ങള്‍ തുറക്കുന്നുണ്ട്. കോവിഡ് നേരിടുന്നതില്‍ കേരളജനത കൈവരിച്ച അസാധാരണമായ നേട്ടം, നമ്മുടെ സംസ്ഥാനത്തെ ലോകത്തെ ഏറ്റവും പ്രിയപ്പെട്ടതും സുരക്ഷിതവുമായ വ്യവസായ നിക്ഷേപ കേന്ദ്രങ്ങളില്‍ ഒന്നായി മാറ്റിയിരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വ്യവസായനിക്ഷേപം വര്‍ധിപ്പിക്കാന്‍ മുഖ്യമന്ത്രി വിവിധ പദ്ധതികളും പ്രഖ്യാപിച്ചു.
ലോകത്തിന്റെ നാനാഭാഗങ്ങളിലുള്ള നിക്ഷേപകരിലും സംരംഭകരിലും കേരളത്തെക്കുറിച്ച് വലിയ താല്‍പര്യമുളവായിട്ടുണ്ട്. നമുക്ക് ഈ രംഗത്ത് ധാരാളം അന്വേഷണങ്ങള്‍ ലഭിച്ചുകൊണ്ടിരിക്കുകയാണ്. പ്രതിസന്ധികളില്‍നിന്ന് പുതിയ അവസരങ്ങളുയര്‍ന്നുവരും, അവ പ്രയോജനപ്പെടുത്തുകയാണ് സര്‍ക്കാര്‍ നിലപാടെന്നും മുഖ്യമന്ത്രി ഫെയ്‌സ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.
നിക്ഷേപം, തൊഴില്‍ തുടങ്ങിയവ അടിസ്ഥാനമാക്കി വ്യവസായങ്ങള്‍ക്ക് സ്റ്റാര്‍ റേറ്റിങ് ഏര്‍പ്പെടുത്തും. ഗോള്‍ഡ്, സില്‍വര്‍, ബ്രോണ്‍സ് എന്നിങ്ങനെ ഗ്രേഡ് തിരിക്കും. ഇത് പരിഗണിച്ചാകും സര്‍ക്കാര്‍ ആനുകൂല്യങ്ങളും ഇളവും.
വ്യവസായം തുടങ്ങാനുള്ള അപേക്ഷയില്‍ ഒരാഴ്ചയ്ക്കകം ഉപാധികളോടെ ലൈസന്‍സ് അനുവദിക്കും. കയറ്റുമതിഇറക്കുമതി സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ലോജിസ്റ്റിക്‌സ് പാര്‍ക്കുകള്‍ ആരംഭിക്കും. തുടങ്ങിയ പദ്ധതികളും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം :
ഏതു പ്രതിസന്ധിയില്‍ നിന്നും പുതിയ അവസരങ്ങള്‍ ഉയര്‍ന്നു വരുമെന്ന് നമുക്കറിയാം. അത്തരം അവസരങ്ങള്‍ പ്രയോജനപ്പെടുത്തിയാല്‍ മാത്രമേ പ്രതിസന്ധികളില്‍ നിന്ന് നമുക്ക് മുന്നേറാന്‍ കഴിയൂ.
കോവിഡ് 19 മഹാമാരി തീര്‍ച്ചയായും കേരളത്തിന് വിവിധമേഖലകളില്‍ പുതിയ അവസരങ്ങള്‍ തുറക്കുന്നുണ്ട്. കോവിഡ് 19 നേരിടുന്നതില്‍ കേരളജനത കൈവരിച്ച അസാധാരണമായ നേട്ടം, നമ്മുടെ സംസ്ഥാനത്തെ ലോകത്തെ ഏറ്റവും പ്രിയപ്പെട്ടതും സുരക്ഷിതവുമായ വ്യവസായ നിക്ഷേപ കേന്ദ്രങ്ങളില്‍ ഒന്നായി മാറ്റിയിരിക്കുകയാണ്.
ലോകത്തിന്റെ നാനാഭാഗങ്ങളിലുള്ള നിക്ഷേപകരിലും സംരംഭകരിലും കേരളത്തെക്കുറിച്ച് വലിയ താല്‍പര്യമുളവായിട്ടുണ്ട്. നമുക്ക് ഈ രംഗത്ത് ധാരാളം അന്വേഷണങ്ങള്‍ ലഭിച്ചുകൊണ്ടിരിക്കുകയാണ്. യഥാര്‍ത്ഥത്തില്‍ നമ്മുടെ ശക്തി, ഇവിടുത്തെ മനുഷ്യശേഷി തന്നെയാണ്.
ഏതു വ്യവസായവും നിലനില്‍ക്കാനും വളരാനും മനുഷ്യവിഭവശേഷി പ്രധാനമാണ്. നമ്മുടെ മനുഷ്യവിഭവശേഷി ലോകത്തെ ഏതു വികസിത രാഷ്ട്രത്തോടും കിടപിടിക്കുന്നതാണെന്ന് ഈ മഹാമാരിക്കിടയില്‍ നാം ഒന്നുകൂടി തെളിയിച്ചു. ഈ ഘടകങ്ങളെല്ലാം കണക്കിലെടുത്ത് കേരളത്തിലേക്ക് വ്യവസായ മുതല്‍മുടക്ക് കൊണ്ടുവരുന്നതിന് ചില തീരുമാനങ്ങള്‍ സര്‍ക്കാര്‍ എടുക്കുകയാണ്.
1. എല്ലാ വ്യവസായ ലൈസന്‍സുകളും അനുമതികളും അപേക്ഷിച്ച് ഒരാഴ്ചയ്ക്കകം നല്‍കും. ഉപാധികളോടെയാണ് അനുമതി നല്‍കുക. ഒരുവര്‍ഷത്തിനകം സംരംഭകന്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കണം. എന്തെങ്കിലും പോരായ്മയുണ്ടെങ്കില്‍ അതു തിരുത്താന്‍ ഒരവസരം നല്‍കാനും സര്‍ക്കാര്‍ തയ്യാറാകും.
2. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ വിമാനത്താവളം, തുറമുഖം, റെയില്‍, റോഡ് എന്നിവ ബന്ധപ്പെടുത്തി ബഹുതല ലോജിസ്റ്റിക്‌സ് അടിസ്ഥാന സൗകര്യം ഏര്‍പ്പെടുത്തും. അന്താരാഷ്ട്ര വ്യാപാരത്തിലും വാണിജ്യത്തിലും ഇതു കേരളത്തെ പ്രധാന ശക്തിയാക്കും.
3. കയറ്റുമതിഇറക്കുമതി സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ലോജിസ്റ്റിക്‌സ് പാര്‍ക്കുകള്‍ ആരംഭിക്കും.
4. ഉത്തര കേരളത്തിന്റെ ആവശ്യം മുന്‍നിര്‍ത്തി അഴീക്കല്‍ തുറമുഖം വികസിപ്പിക്കും. വലിയതോതില്‍ ചരക്ക് കൈകാര്യം ചെയ്യാന്‍ തുറമുഖത്തെ സജ്ജമാക്കും.
5. കാര്‍ഷിക മേഖലയില്‍ മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ വലിയ തോതില്‍ പ്രോത്സാഹിപ്പിക്കും. പാലക്കാട് മെഗാ ഫുഡ് പാര്‍ക്കിലെ ഭൂമി കാര്‍ഷികോല്‍പന്നങ്ങളുടെ മൂല്യവര്‍ധനവിനു വേണ്ടി വ്യവസായികള്‍ക്ക് പാട്ടത്തിന് നല്‍കും.
6. മൂല്യവര്‍ധനവിന് ഊന്നല്‍ നല്‍കി ഉത്തരകേരളത്തില്‍ നാളികേര പാര്‍ക്ക് സ്ഥാപിക്കും.
7. കേരളത്തെ മികച്ച വ്യവസായ കേന്ദ്രമാക്കുന്നതിനുള്ള നടപടികള്‍ക്ക് ഉപദേശകസമിതി രൂപീകരിക്കും. വ്യവസായ നിക്ഷേപകര്‍, നയരൂപീകരണ വിദഗ്ധര്‍, വ്യവസായ പ്രമുഖര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന കമ്മിറ്റി. 'ചീഫ് മിനിസ്‌റ്റേഴ്‌സ് ഇന്‍വെസ്റ്റ്‌മെന്റ് അഡ്വൈസറി കമ്മിറ്റി' എന്നായിരിക്കും ഇതിന്റെ പേര്.
8. വ്യവസായ മുതല്‍ മുടക്കിന് 'സ്റ്റാര്‍ റേറ്റിങ്' സമ്പ്രദായം ഏര്‍പ്പെടുത്തും. മുതല്‍മുടക്ക്, അതിന്റെ ഭാഗമായി ഉണ്ടാവുന്ന തൊഴില്‍ എന്നിവ കണക്കിലെടുത്ത് ഗോള്‍ഡ്, സില്‍വര്‍, ബ്രോണ്‍സ് എന്നീ സ്ഥാനങ്ങള്‍ നല്‍കും. സര്‍ക്കാര്‍ നല്‍കുന്ന ആനുകൂല്യങ്ങളും ഇളവുകളും ഈ റാങ്കിങ് കൂടി പരിഗണിച്ചായിരിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

