

തിരുവനന്തപുരം: കോവിഡ് വ്യാപനം തുടരുന്ന പശ്ചാത്തലത്തില്‍ ശക്തമായ നിയന്ത്രണങ്ങള്‍ നിലനില്‍ക്കേ, ബസുകള്‍ ഓടിക്കാന്‍ സാധിക്കില്ലെന്ന് സ്വകാര്യ ബസ് ഉടമകള്‍. ഒരു വര്‍ഷത്തേയ്ക്ക് ബസുകള്‍ ഓടിക്കാന്‍ സാധിക്കില്ലെന്ന് കാട്ടി ബസ് ഉടമകള്‍ കൂട്ടത്തോടെ സര്‍ക്കാരിന് അപേക്ഷ നല്‍കി.
കോവിഡ് വ്യാപനം തടയുന്നതിനുളള ലോക്ക്ഡൗണ്‍ സംസ്ഥാനത്ത് പുരോഗമിക്കുകയാണ്. സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം 20 ന് ശേഷം ചില ഇളവുകള്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കോവിഡ് മൂലമുളള സാമ്പത്തിക പ്രത്യാഘാതം മയപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഇളവുകള്‍ അനുവദിച്ചത്. ഇതിന്റെ ചുവടുപിടിച്ച് കോവിഡ് വ്യാപനം തടഞ്ഞുനിര്‍ത്തുന്നതില്‍ ഒരു പരിധി വരെ വിജയിച്ച കേരളം പ്രാദേശിക അടിസ്ഥാനത്തില്‍ ചില ഇളവുകള്‍ പ്രഖ്യാപിക്കാന്‍ ആലോചിച്ചിരുന്നു. അതില്‍ ഒന്നാണ് ഗ്രീന്‍ സോണുകളില്‍ എല്ലാ സുരക്ഷാ ക്രമീകരണങ്ങളോടെ ബസ് ഓടിക്കാനുളള നീക്കം. ഒരു സീറ്റില്‍ ഒരാള്‍ എന്ന നിബന്ധനയോടെ ബസ് ഓടിക്കുന്നതിനുളള സാധ്യതയാണ് സര്‍ക്കാര്‍ പരിശോധിച്ചത്. എന്നാല്‍ പൊതുഗതാഗതം ആരംഭിക്കരുത് എന്ന കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ഈ ആലോചനയില്‍ സര്‍ക്കാര്‍ പിന്മാറി. ഇതിന് പിന്നാലെയാണ് നിലപാട് വ്യക്തമാക്കി ബസ് ഉടമകള്‍ രംഗത്ത് വന്നത്.
ഒരു സീറ്റില്‍ ഒരാള്‍ എന്ന നിര്‍ദേശം കനത്ത നഷ്ടം വരുത്തി വെയ്ക്കുമെന്ന് ബസ് ഉടമകള്‍ പറയുന്നു. അതിനാല്‍ ബസ് ഓടിക്കാന്‍ സാധിക്കില്ല. ഒരു വര്‍ഷത്തേയ്ക്ക് ബസ് ഓടിക്കാന്‍ കഴിയില്ലെന്ന് കാണിച്ച് ബസ് ഉടമകള്‍ സര്‍്ക്കാരിന് അപേക്ഷയും നല്‍കി. സംസ്ഥാനത്ത് ഓടുന്ന 12,600 ബസുകളില്‍ 12000 എണ്ണവും സ്റ്റോപ്പേജിന് അപേക്ഷ നല്‍കി. ബസ് ഉടമകളുടെ വിശദീകരണം ഗൗരവമുളളതാണെന്ന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. ഇവര്‍ ഇതില്‍ നിന്ന് പിന്മാറുമെന്നാണ് കരുതുന്നതെന്നും ശശീന്ദ്രന്‍ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates