

തിരുവനന്തപുരം: കനത്ത നാശനഷ്ടം വിതച്ച ഓഖി ചുഴലിക്കാറ്റ് കേരളം വിട്ടു. ലക്ഷദ്വീപിലേക്ക് നീങ്ങുന്ന കാറ്റിന്റെ കേന്ദ്രം തിരുവനന്തപുരത്ത് നിന്ന് 150 കിലോമീറ്റര്‍ അകലെയാണെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇതിന്റെ ഭാഗമായി കേരളതീരങ്ങളില്‍ 80- 100 കിലോമീറ്റര്‍ വേഗതയില്‍ കാറ്റുവീശും. ഇതിനെതുടര്‍ന്ന് തെക്കന്‍ ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കി. മത്സ്യ തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ് നല്‍കി. തിരുവനന്തപുരം , കൊല്ലം ജില്ലകളില്‍ കടല്‍ക്ഷോഭം രൂക്ഷമാണ്. സംസ്ഥാനത്തിന്റെ മധ്യമേഖലയിലും കനത്ത മഴ അനുഭവപ്പെടുമെന്ന്് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.
അതേസമയം തിരുവനന്തപുരം പൂന്തുറയില്‍ നിന്നും മത്സ്യബന്ധത്തിന് പോയി കാണാതായ മത്സ്യതൊഴിലാളികളെ കുറിച്ച് ഇപ്പോഴും വിവരം ഒന്നുമില്ല. ഒരു ദിവസം പിന്നിട്ടിട്ടും 100ല്‍ അധികം മത്സ്യതൊഴിലാളികളെകുറിച്ച് വിവരം ഒന്നും ലഭിക്കാതെ വന്നതോടെ ബന്ധുക്കളുടെ ആശങ്ക തുടരുകയാണ്. സര്‍ക്കാര്‍ വിവരങ്ങള്‍ കൃത്യമായി നല്‍കാത്തതില്‍ പുന്തൂറ മേഖലയില്‍ പ്രതിഷേധവും കനക്കുകയാണ്. തെരച്ചിലിന് തൊഴിലാളികളെയും ഉള്‍പ്പെടുത്തണമെന്നതാണ് ഇവരുടെ മുഖ്യ ആവശ്യം. നിത്യവും കടലില്‍ മത്സ്യബന്ധത്തിന് പോകുന്നതിനാല്‍ കാണാതായവര്‍ കുടുങ്ങിക്കിടക്കാന്‍ സാധ്യതയുളള ദിശയെകുറിച്ച് വിവരം നല്‍കാന്‍ കഴിയുമെന്ന് മത്സ്യതൊഴിലാളികള്‍ പറയുന്നു. അതേസമയം നാവികസേനയുടെയും വ്യോമസേനയുടെയും തെരച്ചില്‍ തുടരുകയാണ്.
ഇതിനിടെ കനത്തമഴയില്‍ ഇടുക്കി മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ആറ് അടി ഉയര്‍ന്നു. 127 അടിയായിട്ടാണ് ജലനിരപ്പ് ഉയര്‍ന്നത് എന്ന് അധികൃതര്‍ വ്യക്തമാക്കി.
കേരളത്തില്‍ ഇന്നലെ ആഞ്ഞടിച്ച ഓഖി ചുഴലിക്കാറ്റിലും തുടര്‍ന്നുണ്ടായ കനത്ത മഴയിലും നാലുപേരാണ് മരിച്ചത്. കനത്ത നാശനഷ്ടമാണ് തിരുവനന്തപുരം, ഇടുക്കി, കൊല്ലം ജില്ലകളില്‍ ഉണ്ടായത്. മരങ്ങള്‍ കടപുഴകിയും , വൈദ്യൂതി ലൈനുകള്‍ പൊട്ടിവീണും മണിക്കൂറുകളോളം വൈദ്യൂതി ബന്ധം വിച്ഛേദിക്കപ്പെട്ടു. കണക്കെടുപ്പ് പൂര്‍ത്തിയായാലെ നാശനഷ്ടങ്ങളുടെ തീവ്രത വ്യക്തമാകുകയുളളു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates