

കൊച്ചി: ഓണക്കിറ്റില്‍ വിതരണം ചെയ്ത പപ്പടത്തില്‍ ഭക്ഷ്യ സുരക്ഷാ നിയമ പ്രകാരം നിരോധിച്ചിട്ടുളള വസ്തുക്കളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് സപ്ലൈകോയുടെ വിശദീകരണം. വിവിധ ഡിപ്പോകളില്‍ നിന്നും സാമ്പിളെടുത്ത് ക്വാളിറ്റി അഷ്വറന്‍സ് ഓഫീസര്‍മാര്‍ ലാബില്‍ പരിശോധനക്കയച്ച 14 സാമ്പിളില്‍ മൂന്നെണ്ണത്തിന്റെ ഫലം വന്നതില്‍ ഭക്ഷ്യ സുരക്ഷാ നിയമപ്രകാരം നിരോധിച്ചിട്ടുളള രാസവസ്തുക്കളൊന്നും ഇല്ലെന്ന് സപ്ലൈകോ അധികൃതര്‍ അറിയിച്ചു.
ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് 2639 അടിസ്ഥാനമാക്കി തയ്യാറാക്കിയ ഗുണനിലവാര മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് പപ്പടത്തിന്റെ ഗുണനിലവാരം പരിശോധിച്ചിട്ടുളളത്. ലാബ് പരിശോധനാ ഫലത്തില്‍ ഈര്‍പ്പം, ജലാംശത്തിന്റെ പി എച്ച്, ക്ഷാരാംശം എന്നിവ നിശ്ചിത മാനദണ്ഡത്തിനേക്കാള്‍ അല്പം കൂടുതലുളളതായി കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് നിര്‍ദ്ദേശിച്ചിട്ടുളള മാനദണ്ഡ പ്രകാരം പപ്പടം നിര്‍മ്മിക്കുന്ന അസംസ്‌കൃത വസ്തുക്കളില്‍ ഒന്നായ പപ്പടക്കാരത്തിന്റെ അളവ് പ്രസ്തുത ബാച്ചിലെ പപ്പടത്തില്‍ നേരിയ അളവില്‍ കൂടിയതുകൊണ്ടാണ് പി എച്ച് ക്ഷാരാംശം എന്നിവയില്‍ വ്യത്യാസം വന്നിരിക്കുന്നത്. അല്ലാതെ ഭക്ഷ്യസുരക്ഷ നിയമത്തിന് വിരുദ്ധമായ ഒന്നും തന്നെ പപ്പടത്തിലില്ല. കൂടാതെ പപ്പടത്തിന്റെ സാമ്പിളുകള്‍ പരിശോധനയ്ക്കായി സര്‍ക്കാര്‍ അനലിറ്റിക്കല്‍ ലാബിലും അയച്ചിട്ടുണ്ട്.
ജനജീവിതത്തെ ദുഷ്‌കരമാക്കുന്ന ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും സപ്ലൈകോ അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates