

►ലിംഗാരാധനയുടെ നാട്ടില്‍ ലിംഗത്താല്‍ മുറിവേറ്റവരെ ദൈനംദിനം കണ്ടും കേട്ടുമിരിക്കുകയാണ്. കാലം കീഴ്‌മേല്‍ മറിഞ്ഞുവെന്ന് എല്ലാവരും പറയുന്നു. തിരുവനന്തപുരം പേട്ടയിലെ പെണ്‍കുട്ടി സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു. ഇതില്‍ അത്ഭുതപ്പെടാത്ത ഒരു കൂട്ടം ആളുകളുണ്ട് തൃശ്ശൂര്‍ ജില്ലയിലെ തൃപ്രയാറില്‍. അവര്‍ ഇപ്പോഴും ഓര്‍ക്കുന്നുണ്ട് നമുക്കാര്‍ക്കും അറിയാത്ത ആ സന്ന്യാസിനിയെ! മുപ്പതുവര്‍ഷം മുന്‍പാണ്.
പടിഞ്ഞാറെ ക്ഷേത്രനടയിലെ വിഷക്കാവിലെ വടവൃക്ഷവേരിടര്‍പ്പില്‍ കിടന്നുറങ്ങി ജീവിച്ച അവരെ വാപൊത്തി കാറിലേക്കെടുത്തു വച്ച മൂവര്‍ സംഘത്തിലെ ആദ്യ ഊഴം ആവേശിച്ച ചെറുപ്പക്കാരനെ ബേ്‌ളഡിനാല്‍ അരിഞ്ഞും വരഞ്ഞും മുറിവേല്‍പ്പിച്ച അത്രയൊന്നും പ്രായമേറാത്ത ആ സ്ത്രീയെ ഓര്‍ത്തെടുക്കുകയാണ്.
മുറിവേറ്റയാള്‍ക്കു ശരീരത്തില്‍ മറ്റെങ്ങും പരിക്കുണ്ടായില്ല!
അത്രമേല്‍ കൃത്യവും ദൃഢവുമായിരുന്നു അവരുടെ പ്രതിരോധവും ആത്മരക്ഷയും. അവര്‍ പിന്നെയും കുറച്ചിട ആ വൃക്ഷക്കൂട്ടങ്ങളുടെ ചുവട്ടില്‍ താമസിച്ചു. മുന്‍പെന്നത്തേക്കാളും സുരക്ഷയോടെ. കാടുപിടിച്ചയിടത്തില്‍ കഴിഞ്ഞതിനാല്‍ കൂടിയാകണം പലര്‍ക്കും അവള്‍ 'കാട്ടുറാണി'യായി. കൗമാര ഫലിതങ്ങളില്‍ അവര്‍ 'ബേ്‌ളഡമ്മായി'യുമായി. പക്ഷേ, പിന്നീടൊരിക്കലും ആ ക്ഷേത്രക്കാവിന്‍ പരിസരത്ത് ഒരു കാമലിംഗത്തിനുമുയരാന്‍ ധൈര്യം വന്നില്ല.
പുരുഷലിംഗം മുറിച്ചുതൂക്കിയ യുവതിയുടെ സമകാലിക ധീരതയെ വാഴ്ത്തുന്നവര്‍ ഒരുപക്ഷേ, വിശ്വസിച്ചേക്കാനിടയില്ല ഈ തൃപ്രയാര്‍ കഥ. രാമക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയില്‍ വിഷനാഗങ്ങളെ ഭയക്കാതെ രാപാര്‍ക്കവേ സ്ത്രീ ശരീരത്തിന്റെ ചരടുകള്‍ അഴിയാതിരിക്കാന്‍ അവര്‍ എടുത്ത ആയുധം തുരുമ്പടര്‍ത്തിയ ഒരു ബേ്‌ളഡ് ആയിരുന്നു.
മാനഭംഗശ്രമം പിടിക്കപ്പെടുകയും മൂന്നുപേര്‍ വിചാരണ നേരിടുകയും കുറ്റം തെളിയാത്തതിനാല്‍ നിരുപാധികം വിട്ടയയ്ക്കപ്പെടുകയും ചെയ്തപ്പോഴേയ്ക്കും അവര്‍ തന്നെ താവളം കുട്ടികളുടെ കളിക്കൂട്ടങ്ങള്‍ മേയുന്ന ഒരു സ്‌കൂള്‍ പരിസരത്തേക്കു പറിച്ചുനട്ടിരുന്നു.
അക്കാലത്തെ പ്രാദേശിക വാര്‍ത്താക്കോളങ്ങളില്‍ കൗതുകവാര്‍ത്ത മാത്രമായിപ്പോയി ആ സംഭവം. അവരിലേക്കുള്ള വഴി എളുപ്പമല്ലെന്നായിരുന്നു കേട്ടത്. പക്ഷേ, തൃപ്രയാറുകാര്‍ എന്നും അങ്ങനെയാണ്; തേവരെ തൊഴാന്‍ വരുന്നവര്‍ക്ക് ഗുരുവായൂരപ്പനിലേക്കു കൂടി വഴിനീട്ടും. ആ സ്ത്രീ ഇപ്പോള്‍ ഗുരുവായൂരില്‍ ഉണ്ട്. ഗുരുവായൂര്‍ കിഴക്കേ നടയിലെ സര്‍ക്കാര്‍ പള്ളിക്കൂടത്തിനു മുന്‍പിലെ വലിയ പേരാലിന്‍ ചുവട്ടില്‍ ജഡ തിങ്ങിയ കളിമണ്‍ മുടിപ്പടര്‍പ്പില്‍ മയില്‍പ്പീലി കുത്തിവെച്ചു ഘനഗംഭീരഭാവത്തില്‍-വരൂ പുരുഷ കേസരീ ഇപ്പീലിക്കെട്ടഴിച്ചൊതുക്കയെന്നു കുസൃതിയോടെയോ അല്ലെങ്കില്‍ മയിലാടും കണ്ണനെ കാണാന്‍ അവിടെന്തിനു കാത്തുനിന്നുവെന്ന ധാര്‍ഷ്ഠ്യത്തോടെയോ അവരെ നിങ്ങള്‍ക്കു കാണാം. മനസ്സിന്റെ പെരുക്കം തെറ്റിയ അവര്‍ക്കു നഷ്ടപ്പെട്ടത് അന്നത്തെ മുഖ്യമന്ത്രിയുടെ അഭിനന്ദനമായിരുന്നഉ എന്നെങ്കിലും അവര്‍ അറിയുന്നുണ്ടാകുമോ?
ഗുരുവായൂരില്‍ ഇപ്പോഴത്തെ അഭയസ്ഥാനം
അവര്‍ക്കരികിലൂടെ കടന്നുപോകുന്ന ആരെയും അവര്‍ ശ്രദ്ധിക്കില്ല. ആലിന് അഭിമുഖമായി ഒരു കസേരയിലിരുന്നു കൈയിലെ വെള്ള പേപ്പറില്‍ കുനിഞ്ഞിരുന്നെന്തൊക്കെയോ എഴുതിക്കൊണ്ടേയിരിക്കുന്നു. മരത്തില്‍ തൂക്കിയിട്ട ഇംഗ്‌ളീഷിലും മലയാളത്തിലും അവര്‍ തന്നെ എഴുതിയ ബോര്‍ഡുകള്‍ അവരുടെ പരസ്യചിത്രങ്ങളാണ്. സ്വയം ഋഷീശ്വരിയും ജ്യോതിഷിയുമാണവര്‍. ജ്യോതിഷിയുടെ വാക്കുകള്‍ കേള്‍ക്കാന്‍ ചെന്നു ദക്ഷിണ വച്ചതിനാല്‍ അവര്‍ ഭാവിയും ഭൂതവുമൊക്കെ ഒരു പേപ്പറില്‍ കുറിപ്പാക്കാന്‍ തുടങ്ങി. ഇടയ്ക്കാണ് അവര്‍ എഴുതിവച്ചിരിക്കുന്ന കത്തുകള്‍ ശ്രദ്ധയില്‍ പെട്ടത്. യാദൃച്ഛികമായി തിരുവനന്തപുരത്തെ ഹരിസ്വാമിയെക്കുറിച്ചും അവര്‍ പറയാനാരംഭിച്ചു.
സ്വാമിയെ ആറു മാസത്തേക്ക് ആശുപത്രിയില്‍നിന്നും വിടാന്‍ പാടില്ലത്രേ! ദേഹ മാനസിക പീഡനം മൂലം സ്വാമിയുടെ മുറിവുകള്‍ ഉണങ്ങാതെ പഴുക്കാനിടയുണ്ട്. ഋഷീശ്വരിയുടെ അഭിപ്രായത്തില്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്കു പരാതിയില്ലാത്തതിനാല്‍ അവര്‍ ഒത്തുതീരുകയാണെങ്കില്‍ അതായിരിക്കും ശരി. ഓര്‍മ്മകള്‍ പഴയ തൃപ്രയാര്‍ ക്ഷേത്രക്കടവിലേക്കു പോയിരിക്കുമോ? മുറിവേറ്റയാള്‍ക്കെതിരെ ബലാല്‍ക്കാര ശ്രമത്തിനു കേസെടുക്കാന്‍ വന്ന പൊലീസുകാരോടു പരാതിപറയാന്‍ കൂട്ടാക്കാതെ തൃപ്രയാര്‍ വിട്ട ദുരിതകാലം!
വീണ്ടും ഗംഗേശാനന്ദ സ്വാമിയിലേക്ക് അവര്‍ വാചാലയാകുന്നു. ശിവനു പാര്‍വ്വതിയെ കന്യാദാനം നല്‍കിയതാണല്ലോ.
ഇവിടെ സ്വാമിക്കു ദാനം കിട്ടിയതാകണം. സ്വാമിക്കും പരാതിയില്ലാത്തതു കണക്കിലെടുക്കണം. ഇതൊക്കെ താന്‍ തലേന്നു തന്നെ ഗുരുവായൂര്‍ എ.സി.പിയോടു പറഞ്ഞിരുന്നുവെന്നും കൂട്ടിച്ചേര്‍ത്തു. ലിംഗമുറി വിഷയത്തില്‍ ഋഷീശ്വരി അഭിപ്രായം പറയുക മാത്രമല്ല, അതു സ്വന്തം ഫോട്ടോ പതിച്ച ലൈറ്റര്‍ ഹെഡില്‍ എഴുതി അയയ്ക്കുക കൂടി ചെയ്തുവെന്ന് ഉറപ്പിക്കാന്‍ ഒരു കത്തിന്റെ പകര്‍പ്പും കൈമാറി. The Medical officer , medical college Thiruvananthapuram എന്ന് അഭിസംബോധന ചെയ്ത കത്തില്‍ നല്ല ഭംഗിയുള്ള അക്ഷരങ്ങളില്‍ തന്റെ നിര്‍ദ്ദേശങ്ങള്‍ ഇംഗ്‌ളീഷിലും മലയാളത്തിലുമായി അവര്‍ വ്യക്തമാക്കുന്നു.
ഇടയ്ക്കു എന്നാലും പെണ്‍കുട്ടികള്‍ ഇങ്ങനെയൊക്കെ ചെയ്യാമോ എന്ന് അവരെ ഓര്‍മ്മപ്പെടുത്താന്‍ ശ്രമിച്ചാലും മറുപടി ഒരു ഗൂഢസ്മിതം മാത്രം. ആളുകള്‍ പൊക്കിയെടുത്തുകൊണ്ടുപോകുകയാണെങ്കില്‍ പിന്നെ രക്ഷപ്പെടണ്ടേ എന്ന കൂട്ടിച്ചേര്‍ക്കലും. അതേ, അവരുടെ ന്യായം അങ്ങനെയൊക്കെ പറയാനേ അവര്‍ക്കറിയൂ. ഇടയ്ക്കിടെ നിലതെറ്റുന്ന മനസ്സിനെ അവര്‍ ആലിന്‍ചുവട്ടിലെ ഋഷീപീഠത്തിലിരുന്നു സ്വയം ഡിസൈന്‍ ചെയ്ത ലെറ്റര്‍ പാഡില്‍ എഴുതിയെഴുതി വീണ്ടെടുക്കും. സമകാലിക വിഷയങ്ങളില്‍ അവര്‍ക്കു 'വേണ്ടപ്പെട്ടവര്‍ക്ക്' അതു പോസ്റ്റ് ചെയ്ത് ആല്‍ച്ചുവട്ടില്‍ തൂക്കിയിടും. അവരുടെ പോസ്റ്റുകള്‍ ഒരു ലൈക്കും കമന്റും കിട്ടാതെ അങ്ങനെ മെമ്മറി മാത്രമാകും.
തിരുവനന്തപുരം മെഡിക്കല്‍ കോളജ് മെഡിക്കല്‍ ഓഫിസര്‍ക്ക് അയച്ച കത്ത്
അവര്‍ ഉച്ചയൂണിനുള്ള വട്ടത്തിലാണ്. തന്റെ 'വിലപിടിപ്പുള്ള' രണ്ടു നീളന്‍ സഞ്ചികള്‍ അടച്ചിട്ട സ്‌കൂള്‍ ഗേറ്റില്‍ ചരടുകൊണ്ടു കെട്ടി ഭദ്രമാക്കി നടന്നുപോകുമ്പോള്‍ ആലോചിച്ചു, എവിടെയാകും മൂന്നു പതിറ്റാണ്ടിനും മുന്‍പേ ഇവരാല്‍ മുറിവേറ്റ യൗവ്വനങ്ങള്‍. ഒരുപക്ഷേ, ഫേസ്ബുക്കിലോ വാട്‌സ്ആപ്പിലോ പേട്ടയിലെ പെണ്‍കുട്ടിയെ അഭിനന്ദിച്ചവരുടെയൊക്കെ കൂട്ടത്തില്‍ അവരുമുണ്ടായേക്കാം.
അതേ, 'വെട്ടി പട്ടിക്കിട്ടുകൊടുക്കണം' എന്നൊക്കെയുള്ള ആക്രോശങ്ങളും ആഹ്വാനങ്ങളുമൊക്കെയായി സകലരും ആദര്‍ശലിംഗങ്ങളാകുന്ന നവമാധ്യമ സമകാലികതയില്‍ പഴയ എക്‌സ്പ്രസ്സ് മലയാളപത്രത്തിലെ പ്രാദേശിക കോളത്തില്‍ കൗതുകം മാത്രമായിപ്പോയ ആദ്യത്തെ ഔദ്യോഗിക ലിംഗമുറിയുടെ ന്യായം എന്തായിരുന്നുവെന്ന് ഉത്തരം കിട്ടണമെങ്കില്‍ ഋഷീശ്വരിയുടെ ലെറ്റര്‍ പാഡിലെ ഈ പരസ്യവാചകം വായിച്ചാല്‍ മതിയാകും:
'ചക്രവര്‍ത്തിക്കു മീതെ ദൈവത്തിന്റെ ജോലികള്‍ പ്രൈവറ്റായി എടുക്കുന്നു ഉത്തരവാദിത്വപൂര്‍വ്വം.'
വിസര്‍ജ്ജനത്തിനും ലൈംഗികതയ്ക്കും സൃഷ്ടിപ്രക്രിയയ്ക്കും വേണ്ടി ഉപയോഗിക്കുന്ന മഹത്തായ മനുഷ്യാവയവങ്ങളെ അഭിസംബോധന ചെയ്തുകൊണ്ടാണ് ലോകമെങ്ങും ഭാഷയിലെ തെറിവാക്കുകള്‍ ഉണ്ടായിട്ടുള്ളത്. ലൈംഗികാതിക്രമം ചെറുക്കുന്നതിനിടയില്‍ അക്രമിയുടെ പുല്ലിംഗം ഇര മുറിച്ചുവെന്നു വിശേഷിപ്പിക്കാവുന്ന ഒരു കേസ്, അതുണ്ടാക്കിയ ലൈംഗിക സെന്‍സേഷനലിസവും ഒളിനോട്ടവാര്‍ത്തകളോടുള്ള നമ്മില്‍ ചിലരുടെ ഗാഢാഭിനിവേശവും കൊണ്ടുകൂടിയാകാം ദിവസങ്ങളോളം വാര്‍ത്താശീര്‍ഷകങ്ങളുടെ കിരീടങ്ങളായത്.
ഒപ്പം അതു സമാന്തരമായി ഉല്‍പ്പാദിപ്പിച്ച സ്ത്രീശക്തിയുടെ ധീരതയെന്നു വിശേഷിപ്പിക്കാവുന്ന ഘടകങ്ങള്‍കൊണ്ടും. പക്ഷേ, ആ യുവതിക്കുമേല്‍ സ്വന്തം അമ്മതന്നെ മാനസികാസ്വാസ്ഥ്യത്തിന്റേയും പ്രണയവൈരാഗ്യങ്ങളുടേയും മറുകത്തിമുനകള്‍കൊണ്ടു ചോര പൊടിയിക്കുമ്പോള്‍, (അഥവാ അങ്ങനെ ചെയ്യാന്‍ നിര്‍ബന്ധിതയാകുമ്പോള്‍) ചരിത്രം ആവര്‍ത്തിക്കുന്നതിന്റെ ഒരു ദുരന്തസാധ്യത ഭയമുണ്ടാക്കുന്നു.
മനോനില തെറ്റിയ പഴയ ധൈര്യശാലിനിയുടെ മുഖം അതുകൊണ്ടുതന്നെ ഒരു പാഠമാണ്. അതാതു ദിവസത്തെ അതിഭാവുകത്വങ്ങള്‍ക്കു പിറകേ മാധ്യമങ്ങള്‍ അശ്വമേധയാത്രകള്‍ തുടരുമ്പോള്‍, പുതിയ ധൈര്യശാലിനി മറവിയിലേക്കു പോയാലും അവര്‍ക്കൊപ്പം മനസ്സിനും ഉടലിനും കരുത്തേകാന്‍ ഇന്നത്തെ വാഴ്ത്തുകാരില്‍ എത്ര പേരുണ്ടാകും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates