

തൃശ്ശൂർ: ശബരിമല ദർശനം നടത്തിയ അങ്ങാടിപ്പുറം സ്വദേശി കനകദുർഗയെ ബിജെപി, ആർഎസ്എസ് പ്രവർത്തകർ ചേർന്ന് തടയാൻ ശ്രമിച്ചു. വാട്സ്ആപ്പ് കൂട്ടായ്‌മയുടെ കുടുംബസംഗമത്തിനെത്തിയപ്പോഴാണ് സംഭവം. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ ഒടുവിൽ പൊലീസ് ലാത്തിവീശി. സംഘർഷത്തിൽ ഒരു പൊലീസുകാരൻ ഉൾപ്പെടെ മൂന്നുപേർക്ക് പരിക്കേറ്റു.
നന്തിപുലം സഹകരണ ബാങ്ക് ഹാളിൽ ‘മ്മടെ സ്വന്തം എഴ്ത്ത്പെര’ വാട്സ്ആപ്പ് കൂട്ടായ്‌മയുടെ മൂന്നാംവാർഷിക കുടുംബസംഗമത്തിൽ പങ്കെടുക്കാനാണ് കനകദുർഗ എത്തിയത്. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം.
പരിപാടിയിൽ പങ്കെടുക്കാനായി കനകദുർഗ തൃശ്ശൂരിൽനിന്ന് ബസിൽ കയറിയപ്പോഴേ തടയാനായി പ്രവർത്തകർ നന്തിപുലത്ത് കൂടിനിന്നിരുന്നു. നന്തിപുലത്തിന് 200 മീറ്റർ മാറി രണ്ട് പൊലീസുകാരോടൊപ്പം ഇറങ്ങിയ കനകദുർഗയെ കൂടുതൽ സുരക്ഷയിൽ പൊലീസ് ജീപ്പിലാണ് സ്ഥലത്തെത്തിച്ചത്. ഇതറിഞ്ഞ പ്രവർത്തകർ ബാങ്ക് ഹാളിന് ചുറ്റും തടിച്ചുകൂടുകയായിരുന്നു.
പ്രതിഷേധക്കാരോട് പിരിഞ്ഞുപോകാൻ ആവശ്യപ്പെട്ടെങ്കിലും വഴങ്ങാഞ്ഞതിനെ തുടർന്നാണ് ലാത്തിച്ചാർജ് നടത്തിയത്. വരന്തരപ്പിള്ളി പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒ എസ് ജയകൃഷ്ണൻ, ബിജെപി ജില്ലാ കമ്മിറ്റിയംഗം സജീവൻ അമ്പാടത്തിനും മറ്റൊരു പ്രവർത്തകനുമാണ് പരിക്കേറ്റത്. വരന്തരപ്പിള്ളി പഞ്ചായത്തംഗം അരുൺ മാഞ്ഞൂർ ഉൾപ്പെടെ ഒമ്പത് പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവസ്ഥലത്തുനിന്ന് പ്രവർത്തകരെ പൂർണമായും നീക്കിയശേഷം പോലീസ് ജീപ്പിലാണ് കനകദുർഗയെ കൊണ്ടുപോയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates