കനത്ത തിരിച്ചടി കിട്ടിയിട്ടും മന്ത്രിസ്ഥാനം ലക്ഷ്യമിട്ട് കേരളത്തിലെ ബിജെപി നേതാക്കള്‍

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി നേരിട്ടും കേന്ദ്രമന്ത്രി സ്ഥാനം സ്വപ്‌നം കണ്ട് കേരളത്തിലെ ബിജെപി നേതാക്കളും
കനത്ത തിരിച്ചടി കിട്ടിയിട്ടും മന്ത്രിസ്ഥാനം ലക്ഷ്യമിട്ട് കേരളത്തിലെ ബിജെപി നേതാക്കള്‍
Updated on
1 min read

തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി നേരിട്ടും കേന്ദ്രമന്ത്രി സ്ഥാനം സ്വപ്‌നം കണ്ട് കേരളത്തിലെ ബിജെപി നേതാക്കളും. നിലവില്‍ രാജ്യസഭാഗംമായ വി മുരളീധരനും ഗവര്‍ണര്‍ സ്ഥാനമൊഴിഞ്ഞ കുമ്മനം രാജശേഖരനും സാധ്യതാപട്ടികയിലുണ്ടെന്നാണ് വിവരങ്ങള്‍. 

കഴിഞ്ഞ മന്ത്രിസഭയില്‍ അംഗമായിരുന്ന അല്‍ഫോണ്‍സ് കണ്ണന്താനത്തെ നിലനിര്‍ത്തിയേക്കും. കേരളത്തില്‍ നിന്ന് മറ്റൊരാള്‍ക്ക് കൂടി അവസരമുണ്ടാകും. കുമ്മനത്തെ മന്ത്രിയാക്കാനാണ് സംസ്ഥാന ആര്‍എസ്എസ് ഘടകത്തിന് താത്പര്യം. ആദ്യഘട്ടത്തില്‍ കേരളത്തില്‍ നിന്ന് ആരേയും പരിഗണിക്കാന്‍ സാധ്യതയില്ലെന്നും ഒരുവിഭാഗം വിലയിരുത്തുന്നു. 

അതേസമയം, ശബരിമലയുള്‍പ്പെടെയുള്ള അവസരങ്ങള്‍ കൃത്യമായി ഉപയോഗിക്കാത്തതില്‍ സംസ്ഥാന പ്രസിഡന്റ് ശ്രീധരന്‍പിള്ളയ്ക്ക് എതിരെ ഒരുവിഭാഗം അമര്‍ഷം കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട് എന്നാണ് വിവരങ്ങള്‍. സംസ്ഥാന സമിതി പുനഃസംഘടനയാണ് ഇവരുടെ ആവശ്യം.  

എന്‍ഡിഎയ്ക്ക് കേരളത്തിലേറ്റ കനത്ത തിരിച്ചടി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ നേരിട്ട് അന്വേഷിക്കും എന്നാണ് വിവരം. രാജ്യത്താകെ വീശിയടിച്ച ബിജെപി തരംഗത്തിലും ഒരുസീറ്റുപോലും നേടാനാകാതെ കനത്ത മാനക്കേടാണ് സംസ്ഥാന നേതൃത്വം ഉണ്ടാക്കിയത് എന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. ശബരിമല വിഷയം കത്തിച്ചിട്ടും കുമ്മനത്തെയും സുരേന്ദ്രനെയും വിജയിപ്പിക്കാന്‍ കഴിയാത്തതില്‍ അമിത് ഷായ്ക്ക് രൂക്ഷമായ അതൃപ്തിയുണ്ട്.

അനുകൂല സാഹചര്യങ്ങള്‍ പ്രയോജനപ്പെടുത്താന്‍ കഴിയാതിരുന്നതിന് ഒഴിവുകഴിവുകള്‍ കേള്‍ക്കാന്‍ ഷാ തയാറല്ല. മോദിപ്രഭാവം അവഗണിച്ച് പ്രചാരണത്തില്‍ ശബരിമല വിഷയത്തിനു മാത്രം പ്രാധാന്യം നല്‍കിയതിനു സംസ്ഥാന നേതൃത്വം മറുപടി പറയേണ്ടിവരും. സ്വകാര്യ ഏജന്‍സിയെക്കൊണ്ട് വിശദമായ പഠനവും സര്‍വേയും നടത്തിയതിനു ശേഷമാണു മിസോറം ഗവര്‍ണര്‍ പദവി രാജിവയ്പിച്ച് കുമ്മനം രാജശേഖരനെ അമിത് ഷാ തിരുവനന്തപുരത്തേക്കയച്ചത്.

തിരുവനന്തപുരത്തും പത്തനംതിട്ടയിലും വിജയം, സംസ്ഥാനത്ത് 20 ശതമാനം വോട്ട്, പത്തു നിയമസഭാ മണ്ഡലങ്ങളില്‍ ഒന്നാം സ്ഥാനം എന്നിങ്ങനെയായിരുന്നു അമിത് ഷായ്ക്കു കിട്ടിയ റിപ്പോര്‍ട്ട്. ചില ജില്ലാ, സംസ്ഥാന നേതാക്കള്‍ കെ സുരേന്ദ്രനെതിരേ രംഗത്തുവന്നതു ഗൗരവമായെടുക്കും. ശക്തമായ വേരോട്ടമുള്ള അടൂരിലും കോന്നിയിലും ആറന്മുളയിലും ഒന്നാം സ്ഥാനം ലഭിക്കാതെ പോയതും അന്വേഷിക്കും.

തൃശൂരില്‍ സുരേഷ് ഗോപിയും ആറ്റിങ്ങലില്‍ ശോഭാ സുരേന്ദ്രനും മികച്ച പ്രകടനം കാഴ്ചവച്ചതും സംസ്ഥാനത്തു പൊതുവേ വോട്ട് വര്‍ധിച്ചതും മാത്രമാണ് നേട്ടത്തിന്റെ പട്ടികയില്‍ പെടുത്താവുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com