

കൊച്ചി: കൊച്ചി കപ്പല്‍ശാലയില്‍ നാവികസേനയ്ക്ക് വേണ്ടി നിര്‍മ്മിക്കുന്ന വിമാനവാഹിനികപ്പല്‍ വിക്രാന്തില്‍ നിന്നും മോഷണം പോയത് കപ്പലിന്റെ രൂപരേഖ തന്നെയെന്ന് പൊലീസ് കണ്ടെത്തല്‍. സംഭവം ഗൗരവമേറിയതെന്ന് കാണിച്ച് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ വിജയ് സാഖറെ ഡിജിപിക്ക് റിപ്പോര്‍ട്ട് നല്‍കി. ഗുരുതര സുരക്ഷാ വീഴ്ച ഉണ്ടായതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കപ്പലില്‍ കംപ്യൂട്ടറുകള്‍ സ്ഥാപിച്ചിരിക്കുന്ന സ്ഥലത്തേയ്ക്ക് പ്രവേശനാനുമതിയുളള 52 തൊഴിലാളികളെ കേന്ദ്രീകരിച്ചാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണം പുരോഗമിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
വിക്രാന്തില്‍ സ്ഥാപിച്ചിരിക്കുന്ന കംപ്യൂട്ടറുകളില്‍ നിന്ന് ഹാര്‍ഡ് ഡിസ്്ക്കുകള്‍, റാം ഉള്‍പ്പെടെ കംപ്യൂട്ടറിന്റെ മുഖ്യ ഭാഗങ്ങള്‍ മോഷണം പോയെന്ന് കാണിച്ച് കൊച്ചി കപ്പല്‍ ശാല പൊലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തുവന്നത്. ആഗസ്റ്റ് 29 മുതല്‍ സെപ്റ്റംബര്‍ 12 വരെയുളള കാലയളവിലാണ് മോഷണം നടന്നിരിക്കുന്നതെന്നാണ് പ്രാഥമിക നിഗമനം. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാണിച്ച് സെപ്റ്റംബര്‍ 13നാണ് കപ്പല്‍ശാല പൊലീസില്‍ പരാതി നല്‍കിയത്.
കപ്പലില്‍ സുരക്ഷാക്രമീകരണത്തിന്റെ ഭാഗമായി സ്ഥാപിച്ചിരിക്കുന്ന ഇന്റഗ്രേറ്റഡ് പ്ലാറ്റ്‌ഫോം മാനേജ്‌മെന്റ് സിസ്റ്റം എന്ന അത്യാധുനിക സാങ്കേതികവിദ്യ പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിച്ചപ്പോഴാണ് മോഷണം നടന്ന കാര്യം പുറംലോകമറിഞ്ഞത്.. ഇത് പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍, സിസ്റ്റം പ്രതികരിച്ചില്ല. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രൂപരേഖയും യന്ത്രസാമഗ്രി വിന്യസവും രേഖപ്പെടുത്തിയിരുന്ന അഞ്ച് കംപ്യൂട്ടറിലെ നിര്‍ണായക ഭാഗങ്ങള്‍ മോഷണം പോയതായി കണ്ടെത്തിയത്. നിലവില്‍ 31 കംപ്യൂട്ടറുകളാണ് വിക്രാന്തിലുളളത്.
കപ്പലില്‍ ജോലി ചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. ഇവരെ തിരിച്ചറിയുന്നതിന് വേണ്ടിയുളള ശ്രമമാണ് നടക്കുന്നത്. സ്വകാര്യ ഏജന്‍സി വഴി എത്തിയ ഇവരെ ചോദ്യം ചെയ്യുന്നത് പൊലീസ് തുടരുകയാണ്. അട്ടിമറി സാധ്യത ഉള്‍പ്പെടെയുളള വിഷയങ്ങളും പരിശോധിക്കുന്നുണ്ട്. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് കേന്ദ്ര ഏജന്‍സികളും സമാന്തരമായി അന്വേഷണം നടത്തുന്നുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates