കൊച്ചി: കല്ലട ബസിൽ മൂന്ന് യുവാക്കൾക്കു മർദനമേറ്റ കേസിൽ അറസ്റ്റിലായ ഏഴ് പേരുടെ കസ്റ്റഡി അപേക്ഷ മജിസ്‌ട്രേട്ട് കോടതി ഇന്നു പരിഗണിക്കും. കല്ലട ബസിലെ ജീവനക്കാരുടെ മർദനത്തിനെതിരെ കൂടുതൽ പരാതികൾ കേരളത്തിന്റെ പല ഭാഗങ്ങളിലും ഉയരുന്നുണ്ട്. ലോക്കൽ പൊലീസ് സ്റ്റേഷനുകളിൽ പരാതി ലഭിച്ചാൽ കേസ് റജിസ്റ്റർ ചെയ്യാനാണ് നീക്കം.
കല്ലട ബസുകളിൽ ആയുധം സൂക്ഷിക്കുന്നതായി യാത്രക്കാരുടെ മൊഴിയുണ്ടെങ്കിലും അതു കണ്ടെത്തണമെങ്കിൽ പ്രതികളെ കൂടുതൽ ചോദ്യം ചെയ്യണം. ഒരു യാത്രക്കാരന്റെ നഷ്ടപ്പെട്ട ലാപ്‌ടോപ്പും തിരികെ കിട്ടാനുണ്ട്. സംഭവങ്ങളെക്കുറിച്ചുള്ള പ്രതികളുടെ ആദ്യ മൊഴികളിൽ വൈരുധ്യമുണ്ട്. ഇതേത്തുടർന്നാണ് പൊലീസ് കസ്റ്റഡിയിൽ ആവശ്യപ്പെട്ടത്. മരട് പൊലീസ് അറസ്റ്റ് ചെയ്ത പ്രതികളെ ചൊവ്വാഴ്ചയാണ് റിമാൻഡ് ചെയ്തത്.
ബസ് ഉടമ കെആർ സുരേഷ് കുമാറിനു സംഭവവുമായി നേരിട്ടു ബന്ധമുണ്ടോ എന്നതിനു തെളിവു കിട്ടിയിട്ടില്ല. സംഭവത്തിനു മുൻപും പിൻപുമുള്ള ഇയാളുടെ ഫോൺ വിളികളുടെ രേഖകൾ പരിശോധിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ തൃക്കാക്കര അസി. കമ്മിഷണർ സ്റ്റ്യുവർട്ട് കീലർ പറഞ്ഞു. വ്യാഴാഴ്ച വൈകിട്ട് നാലിന് ആരംഭിച്ച ചോദ്യം ചെയ്യൽ രാത്രി വൈകിയാണ് അവസാനിച്ചത്.
കഴിഞ്ഞ ശനിയാഴ്ച തിരുവനന്തപുരത്തു നിന്നു ബംഗളൂരുവിലേക്കു പുറപ്പെട്ട ബസിലെ യാത്രക്കാരായ ആലപ്പുഴ സ്വദേശി അജയഘോഷ്, സേലത്തെ സ്വാശ്രയ എൻജിനീയറിങ് കോളജിൽ വിദ്യാർഥികളും മലയാളികളുമായ സച്ചിൻ, അഷ്കർ എന്നിവർക്കാണ് വൈറ്റിലയിൽ ഞായറാഴ്ച പുലർച്ചെ മർദനമേറ്റത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates