കീഴാറ്റൂർ സമരത്തിന് പിന്നിലെ അജണ്ട ജനം തിരിച്ചറിഞ്ഞു; ആറ് വരിപ്പാത വരുമെന്നും എംവി ​ഗോവിന്ദൻ

കീഴാറ്റൂർ സമരത്തിന് പിന്നിലെ അജണ്ട ജനം തിരിച്ചറിഞ്ഞു; ആറ് വരിപ്പാത വരുമെന്നും എംവി ​ഗോവിന്ദൻ

ന്യൂനപക്ഷത്തിനു വേണ്ടി ഒരു വലിയ വികസന പ്രവര്‍ത്തനത്തെ ഇല്ലാതാക്കാനും സമ്മതിക്കില്ല. കേരളത്തില്‍ ആറ് വരിപ്പാതയും നാല് വരിപ്പാതയും ഉണ്ടാക്കുക തന്നെ ചെയ്യും
Published on

തളിപ്പറമ്പ്: കീഴാറ്റൂര്‍ സമരത്തിന് പിന്നില്‍ വര്‍ഗീയ തീവ്രവാദ സംഘടനകളാണെന്ന് സിപിഎം. ആളെ പറ്റിക്കാനുള്ള പ്രചാരണ വേലയാണ് കീഴാറ്റൂരില്‍ നടക്കുന്നത്. ഇത്തരം പ്രചാരണ തന്ത്രത്തിന് കീഴടങ്ങാന്‍ കീഴാറ്റൂരിലെ ജനങ്ങള്‍ക്ക് മനസില്ലെന്ന് അത്തരക്കാര്‍ മനസിലാക്കണമെന്നും എം വി ​ഗോവിന്ദൻ  പറഞ്ഞു. തളിപ്പറമ്പില്‍ സി.പി.എമ്മിന്റെ നേതൃത്വത്തില്‍ നടന്ന ജനകീയ സംരക്ഷണ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നെല്‍വയലുകള്‍ നശിപ്പിക്കാന്‍ പാടില്ല എന്ന് തന്നെയാണ് സി.പി.എം നിലപാട്. നെല്‍വയല്‍ സംരക്ഷിക്കാന്‍ വെട്ടി നിരത്തില്‍ സമരത്തിനടക്കം നേതൃത്വം നല്‍കിയവരാണ് സി.പി.എം. കീഴാറ്റൂര്‍ ബൈപ്പാസ് നിര്‍മ്മിക്കുമ്പോള്‍ വയലുകള്‍ക്ക് ഒരു കോട്ടവും  സംഭവിക്കില്ലെന്ന് വയല്‍കിളികള്‍ക്കകം അറിയാം. എന്നിട്ടും സമരം നടത്തുന്നത് ചില പ്രത്യേക അജണ്ടകള്‍ നടപ്പാക്കാനാണ്. ഇത് ജനങ്ങള്‍ തിരിച്ചറിഞ്ഞു കഴിഞ്ഞുവെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു. 

ബൈപ്പാസ് റോഡ് നിര്‍മിക്കുന്നത് ഭൂമാഫിയകളെ സഹായിക്കാനാണെന്നാണ് മറ്റൊരു പ്രചാരണം. കുന്നിടിച്ച് റോഡ് നികത്താനുള്ള പദ്ധതിയുണ്ടെന്നും ആക്ഷേപം ഉന്നയിക്കുന്നു. എന്നാല്‍ ഒരു കുന്നും മലയും നികത്താന്‍ സി.പി.എം അനുവദിക്കില്ലെന്നും റോഡ് നിര്‍മാണത്തിനുള്ള മണ്ണ് ബൈപ്പാസ് വികസിപ്പിക്കുമ്പോള്‍ തന്നെ ആവശ്യത്തിലധികം ലഭിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അര്‍ഹമായ നഷ്ടപരിഹാരം ലഭിക്കാതെ ഒരു വയലും  തൊടാന്‍ സമ്മതിക്കില്ല. എന്നാല്‍ ന്യൂനപക്ഷത്തിനു വേണ്ടി ഒരു വലിയ വികസന പ്രവര്‍ത്തനത്തെ ഇല്ലാതാക്കാനും സമ്മതിക്കില്ല. കേരളത്തില്‍ ആറ് വരിപ്പാതയും നാല് വരിപ്പാതയും ഉണ്ടാക്കുക തന്നെ ചെയ്യും. ഇതിന് ഏത് തരത്തിലുള്ള ചര്‍ച്ചയ്ക്കും തയ്യാറാണെന്നും അദ്ദഹം പറഞ്ഞു. 

നാളെ വയല്‍കിളികളുടെ രണ്ടാംഘട്ട സമരത്തിന് തുടക്കമിടുന്ന സാഹചര്യത്തിലാണ് കീഴാറ്റൂര്‍ ജനകീയ സംരക്ഷണ സമിതി രൂപവത്കരിച്ച് സി.പി.എം വലിയൊരു പ്രതിഷേധ പരിപാടിക്ക് തുടക്കം കുറിച്ചത്. കീഴാറ്റൂര്‍ വയലില്‍ റോഡിനായി അടയാളപ്പെടുത്തിയ 45 മീറ്ററില്‍ കൊടികളും ബോര്‍ഡുകളും സ്ഥാപിച്ചായിരുന്നു ജനകീയ സംരക്ഷണ സമരത്തിന് തുടക്കം കുറിച്ചത്. വയലില്‍ ഭൂമി വിട്ടുകൊടുക്കാന്‍ തങ്ങള്‍ തയ്യറാണ് എന്നെഴുതിയ ബോര്‍ഡുകളും പ്രവര്‍ത്തകര്‍ സ്ഥാപിച്ചു. നാളെ ഉച്ചയോടെയാണ് കേരളം കീഴാറ്റൂരിലേക്ക് എന്ന പേരില്‍ വയല്‍കിളികളുടെ രണ്ടാഘട്ട സമരത്തിന് തുടക്കം  കുറിക്കുന്നത്. നാളത്തെ സമരത്തില്‍ കേരളത്തിന്റെ പല ഭാഗത്തു നിന്നുള്ള പരിസ്ഥിതി പ്രവര്‍ത്തകരെയും സാമൂഹ്യ പ്രവര്‍ത്തകര്‍ അടക്കമുള്ളവരെയും പങ്കെടുപ്പിക്കാന്‍ സമരക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com