കൂടുതല്‍ പൊലീസുകാര്‍ക്കെതിരെ നടപടി; എഎസ്‌ഐയ്ക്കും ഡ്രൈവര്‍ക്കും സസ്‌പെന്‍ഷന്‍ 

കെവിന്റെ കൊലപാതകത്തില്‍ പൊലീസിന്റെ വീഴ്ചകള്‍ ചൂണ്ടിക്കാണിക്കുന്ന അനീഷിന്റെ വെളിപ്പെടുത്തലും ഐജിയുടെ റിപ്പോര്‍ട്ടും പുറത്ത് വന്ന പശ്ചാത്തലത്തില്‍ എഎസ്‌ഐയ്ക്കും ഡ്രൈവര്‍ക്കും സസ്‌പെന്‍ഷന്‍
കൂടുതല്‍ പൊലീസുകാര്‍ക്കെതിരെ നടപടി; എഎസ്‌ഐയ്ക്കും ഡ്രൈവര്‍ക്കും സസ്‌പെന്‍ഷന്‍ 
Updated on: 
1 min read

കോട്ടയം: കെവിന്റെ കൊലപാതകത്തില്‍ പൊലീസിന്റെ വീഴ്ചകള്‍ ചൂണ്ടിക്കാണിക്കുന്ന അനീഷിന്റെ വെളിപ്പെടുത്തലും ഐജിയുടെ റിപ്പോര്‍ട്ടും പുറത്ത് വന്ന പശ്ചാത്തലത്തില്‍ എഎസ്‌ഐയ്ക്കും ഡ്രൈവര്‍ക്കും സസ്‌പെന്‍ഷന്‍. ഗാന്ധിനഗര്‍ എഎസ്‌ഐ ബിജുവിനെയും പട്രോളിങിനുണ്ടായിരുന്ന പൊലീസ് ജീപ്പ് ഡ്രൈവറെയും ഐജി വിജയ് സാഖറെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

കേസിലെ മുഖ്യപ്രതി ഷാനു ചാക്കോ കെവിനെ തട്ടിക്കൊണ്ടുപോയ വിവരം പൊലീസ് അപ്പോള്‍ തന്നെ അറിഞ്ഞിരുന്നു. ഗാന്ധിനഗര്‍ എ.എസ്.ഐ ബിജുവാണ് ഇക്കാര്യം ഉന്നത ഉദ്യോഗസ്ഥരെ അറിയിക്കാതെ മറച്ചുവച്ചതെന്ന് ഐജിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിന് പുറമേ നീനുവിന്റെ സഹോദരന്‍ ഷാനു ഉള്‍പ്പെടുന്ന ക്വട്ടേഷന്‍ സംഘത്തിന്റെ വാഹനം ഞായറാഴ്ച പുലര്‍ച്ചെ ഗാന്ധി നഗര്‍ പൊലീസ് പരിശോധിച്ചതായി കെവിന്റെ ബന്ധു അനീഷും വെളിപ്പെടുത്തിയിരുന്നു. ഇതു രണ്ടും കണക്കിലെടുത്താണ് ഇരുവര്‍ക്കും സസ്‌പെന്‍ഷന്‍.

കെവിനെ തട്ടിക്കൊണ്ടുപോയത് ഗാന്ധിനഗര്‍ എസ്‌ഐ അറിഞ്ഞത് ഞായറാഴ്ച രാവിലെ ഒന്‍പതുമണിക്ക് മാത്രമാണെന്ന ഐജിയുടെ റിപ്പോര്‍ട്ടിനെ തളളുന്നതായിരുന്നു അനീഷിന്റെ വെളിപ്പെടുത്തല്‍. കെവിനൊടൊപ്പം അനീഷിനെയും നീനുവിന്റെ ബന്ധുക്കള്‍ തട്ടിക്കൊണ്ടുപോയിരുന്നു. തട്ടിക്കൊണ്ടുപോകും വഴി നീനുവിന്റെ സഹോദരന്‍ ഷാനുവും എസ്‌ഐയും ഫോണില്‍ മൂന്നുതവണ സംസാരിച്ചുവെന്ന വെളിപ്പെടുത്തലാണ് അനീഷ് നടത്തിയത്. രണ്ടുതവണ എസ്‌ഐ ഷാനുവിനെ അങ്ങോട്ടുവിളിക്കുകയായിരുന്നു.

തലേദിവസം രാത്രി പട്രോളിങിനിടെ ഷാനുവിനെ എസ്‌ഐ ചോദ്യം ചെയ്തിരുന്നു. തുടര്‍ന്ന് എസ്‌ഐക്ക് 10000 രൂപ നല്‍കിയതായി ഷാനു പറഞ്ഞതായി അനീഷ് പറഞ്ഞു. കെവിനെ തട്ടിക്കൊണ്ടുപോകാന്‍ എത്തിയ സംഘത്തിന്റെ വാഹനം ഞായറാഴ്ച പുലര്‍ച്ചെ ഗാന്ധി നഗര്‍ പൊലീസ് പരിശോധിച്ചതായുളള റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. ഇതിനെ ശരിവെയ്ക്കുന്നതാണ് അനീഷിന്റെ വെളിപ്പെടുത്തല്‍.

പൊലീസ് ചോദിച്ചപ്പോള്‍ മാന്നാനത്ത് ഒരു കല്യാണമുണ്ടെന്നും വീട് അന്വേഷിക്കുകയാണ് എന്നുമായിരുന്നു മറുപടി. നീനുവിനെ അനുനയിപ്പിക്കാനുളള നീക്കം പാളിയതോടെ കെവിന് നേരെ ബലം പ്രയോഗിക്കാനുളള തീരുമാനവുമായി വന്ന തെന്മല സംഘത്തിന്റെ വാഹനമാണ് പൊലീസിന് മുന്നില്‍പ്പെട്ടത്. മൂന്നുകാറുകളിലായി ശനിയാഴ്ച രാത്രി കോട്ടയത്ത് എത്തിയ സംഘം മെഡിക്കല്‍ കോളേജിന് സമീപം മുറിയെടുത്തു. ഞായറാഴ്ച പുലര്‍ച്ചെ 1.35ന് മുറി വിട്ടു മാന്നാനാത്ത് അനീഷിന്റെ വീട് ലക്ഷ്യമാക്കി നീങ്ങി. ഇതിനിടെയാണ് ഗാന്ധിനഗര്‍ പൊലീസിന്റെ പട്രോളിങിന് മുന്നില്‍ പെടുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com