കൃഷ്ണൻ പറയുന്നു... മോദി വീണ്ടും വരും
കൊച്ചി: നരേന്ദ്ര മോദി സർക്കാർ വീണ്ടും അധികാരത്തിൽ വരുമെന്ന് മുൻ എംപിയും നടനുമായ നിതീഷ് ഭരദ്വാജ്. പ്രശസ്തമായ മഹാഭാരതം സീരിയലിൽ ശ്രീകൃഷ്ണനായും പത്മരാജന്റെ ഞാൻ ഗന്ധർവൻ സിനിമയിൽ ഗന്ധർവനായും സ്ക്രീനിലെത്തിയ നിതീഷ് മലയാളികൾക്ക് ഏറെ പരിചിതനാണ്.
മോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ ചെയ്ത നിരവധി വികസന പ്രവർത്തനങ്ങൾ പൂർണതയിലെത്താൻ അഞ്ച് വർഷം പോര. അതിനായി അദ്ദേഹം വീണ്ടും അധികാരത്തിൽ വരും. വികസന തുടർച്ച ഉണ്ടാകുമെന്നും നിതീഷ് പറഞ്ഞു.
കോൺഗ്രസിന്റെ ദീർഘകാലം നീണ്ടുനിന്ന ഭരണത്തിൽ നിന്ന് ലഭിക്കാത്ത വികസന പ്രവർത്തനങ്ങൾ മോദി സർക്കാർ അഞ്ച് വർഷം കൊണ്ട് കാണിച്ചു തന്നു. ഞാൻ ഗന്ധർവൻ സിനിമയുടെ ചിത്രീകരണത്തിനായി കേരളത്തിലെത്തിയപ്പോൾ കൊച്ചിയിൽ നിന്ന് തൃശ്ശൂർക്ക് പോയിരുന്നു. അതിൽ നിന്ന് എത്രയോ വലിയ മാറ്റമാണിന്നുണ്ടായിരിക്കുന്നത്. അടിസ്ഥാന സൗകര്യങ്ങൾ അത്രത്തോളം മാറി. താൻ താമസിക്കുന്ന മുംബൈയിലും ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിലും ഈ മാറ്റം കാണാം.
നമ്മുടെ രാജ്യത്തിന് വേണ്ടത് ഇത്തരത്തിൽ വേഗത്തിലുള്ള വികസനമാണ്. ചൈന വളരുന്നു, ജപ്പാൻ വളരുന്നു എന്ന് നമ്മൾ പറയാറുണ്ട്. എന്നാൽ ഇന്ത്യയിൽ ഒരു സർക്കാരും എല്ലാ രംഗത്തും ഇത്ര വേഗത്തിലുള്ള വളർച്ച കൊണ്ടു വന്നിട്ടില്ല. മോദിയും അദ്ദേഹത്തിന്റെ സർക്കാരും അതിവേഗത്തിലുള്ള വികസനമാണ് കൊണ്ടുവന്നത്. അദ്ദേഹത്തിന്റെ ഭരണം ഇന്ത്യക്കിനും ആവശ്യമാണെന്നും നിതീഷ് പറഞ്ഞു.
തെരഞ്ഞെടുപ്പ് തന്നെ രാജ്യത്തിന് വലിയ ചെലവാണ്. സ്ഥിരതയുള്ള ഭരണം ഉണ്ടാകണം. ഇടക്കാല തെരഞ്ഞെടുപ്പിന്റെ ചെലവുകൾ മറ്റുള്ള വികസന പ്രവർത്തനങ്ങൾക്കായി മാറ്റി വയ്ക്കണം. വരുന്ന തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാകാൻ ഇല്ലെന്നും നിതീഷ് വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
