

തിരുവനന്തപുരം : ജീവനക്കാര്‍ക്കു മുന്നില്‍ തബല കൊട്ടി, കെഎസ്ആര്‍ടിസി എംഡിയായി ടോമിന്‍ തച്ചങ്കരി ചുമതലയേറ്റു. ജീവനക്കാരെയെല്ലാം വിളിച്ചുകൂട്ടി പൊതുചടങ്ങ് സംഘടിപ്പിച്ച് തബല വായിച്ചായിരുന്നു കെഎസ്ആർടിസിയുടെ ചരിത്രത്തിലെ വേറിട്ട സ്ഥാനമേൽക്കൽ. തബല വായിക്കാൻ പഠിപ്പിച്ച മുൻ കെഎസ്ആർടിസി ജീവനക്കാരനായ ജനാർദനന്റെ സാന്നിധ്യത്തിലായിരുന്നു തച്ചങ്കരിയുടെ തബല വായന.
ജീവിതത്തിലൊരിക്കലും കെഎസ്ആർടിസി ബസിൽ കയറിയിട്ടില്ലാത്ത തന്നെ, ഈ കോർപ്പറേഷനുമായി ബന്ധിപ്പിച്ചത് ജനാർദനൻ സാറാണ്. കെഎസ്ആർടിസിയെ നയിക്കാൻ അവസരം ലഭിച്ചപ്പോൾ അദ്ദേഹത്തെ ആദരിച്ച് തുടങ്ങുന്നു എന്ന് മാത്രം. കെഎസ്ആർടിസിക്ക് ഗുരുത്വവും താളബോധവും നഷ്ടമാകുന്നു എന്ന് ഓർമ്മിപ്പിക്കാനാണ് തബലയുമായെത്തിയത്. ഇതുരണ്ടും ഉണ്ടെങ്കിൽ സ്ഥാപനം നഷ്ടത്തിൽ നിന്ന് കരകയറുമെന്ന് തച്ചങ്കരി പറഞ്ഞു.
കെഎസ്ആർടിസിയെ അപഹാസ്യതയിൽ നിന്ന് അഭിനന്ദനത്തിന്റെ വഴികളിലേക്ക് നടത്തിക്കും. കോർപ്പറേഷനെ മിന്നൽ പിണറായി ലാഭത്തിലേക്ക് കുതിപ്പിക്കുമെന്നും തച്ചങ്കരി പറഞ്ഞു. കെഎസ്ആർടിസിയുടെ ഗുണവും നന്മയും മാത്രമാണ് തന്റെ ലക്ഷ്യം. നിലവിൽ കെഎസ്ആർടിസി ഗുരുതര പ്രതിസന്ധി നേരിടുന്നുണ്ട്. ഇൗ അസുഖത്തിന് വലിയ ശസ്ത്രക്രിയതന്നെ വേണ്ടിവരും. ഇതിൽ ജീവനക്കാർക്ക് ബുദ്ധിമുട്ടുകളൊക്കെ ഉണ്ടായേക്കാം.
ജീവനക്കാർ സ്വാതന്ത്ര്യത്തിലും അവകാശങ്ങളിലുമൊക്കെ ചില വിട്ടുവീഴ്ച ചെയ്യേണ്ടിവരും. എന്നാൽ, കൃത്യസമയത്ത് ശമ്പളവും പെൻഷനും നൽകുന്ന ഉത്തരവാദിത്തം താൻ ഏറ്റെടുക്കും. അല്ലെങ്കിൽ ജീവനക്കാരോ യൂനിയനോ സ്ഥാപനത്തെ ഏറ്റെടുത്ത് ശമ്പളവും പെൻഷനും കൃത്യമായി നൽകാമെന്ന് ഉറപ്പു നൽകിയാൽ അവർ പറയുന്നിടത്ത് ഒപ്പിടാൻ തയാറാണ്. യൂണിയനുകൾ നിയമവിരുദ്ധ കാര്യങ്ങൾ ആവശ്യപ്പെടാൻ പാടില്ല.
ജോലി സമയത്ത് താൻ കർക്കശക്കാരനായ എം.ഡിയായിരിക്കും. അല്ലാത്തപ്പോൾ നിങ്ങളുടെ സുഹൃത്തും. സ്ഥാപനമാണ് ഒന്നാമത്. തന്റെ പരിഗണനയിൽ പിന്നെയേ തൊഴിലാളിയുള്ളൂ. മൂന്നാമത് പെൻഷൻകാരും. കെഎസ്ആർടിസിയെ ലാഭത്തിലാക്കാൻ ചിവ വജ്രായുധങ്ങൾ തന്റെ കൈവശമുണ്ട്. അത് പ്രയോഗിക്കുമ്പോൾ ചില ജീവനക്കാർ പിണങ്ങരുതെന്ന് തച്ചങ്കരി പറഞ്ഞു. പ്രസംഗത്തിനൊടുവിൽ ജീവനക്കാരെക്കൊണ്ട് ‘ജയ് കെഎസ്ആർടിസി’ എന്ന മുദ്രാവാക്യം വിളിപ്പിച്ച ശേഷമാണ് അദ്ദേഹം സംസാരമവസാനിപ്പിച്ചത്. ഡിജിപി എ ഹേമചന്ദ്രനിൽ നിന്നാണ് ടോമിൻ തച്ചങ്കരി കെഎസ്ആർടിസി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായി ചുമതലയേറ്റത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates