

കോട്ടയം: കെവിൻ വധക്കേസിന്റെ വിചാരണക്ക് ഇന്ന് തുടക്കം. ജില്ലാ കോടതി (രണ്ട്) പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി മുൻപാകെ ജൂൺ ആറ് വരെ തുടർച്ചയായിട്ടാണ് വിസ്താരം നടക്കുക. രാവിലെ 10 മുതലാണ് വിചാരണ ആരംഭിക്കുന്നത്. 186 സാക്ഷികളെ വിസ്തരിക്കേണ്ടതിനാൽ മധ്യവേനൽ അവധി ഒഴിവാക്കിയാണ് വിചാരണ. പതിവായി 11നാണ് കോടതി ചേരുന്നതെങ്കിലും ഈ കേസിനായി രാവിലെ 10 മുതൽ നടപടി ആരംഭിക്കും. വൈകിട്ട് അഞ്ച് വരെ തുടരും. ഇതിനു ഹൈക്കോടതി പ്രത്യേക അനുമതി നൽകി.
ഒന്നാം സാക്ഷി അനീഷ് സെബാസ്റ്റ്യനെയാണ് ഇന്ന് വിസ്തരിക്കുന്നത്. കെവിന് ഏറ്റ മർദനം സംബന്ധിച്ച് അനീഷാണ് പുറം ലോകത്തെ അറിയിച്ചത്. കൊല്ലപ്പെട്ട കെവിനൊപ്പം താമസിച്ചിരുന്ന ബന്ധുവായ അനീഷിനെയും പ്രതികൾ തട്ടിക്കൊണ്ടു പോയിരുന്നു. പിന്നീട് കോട്ടയത്ത് എത്തിച്ച് മോചിപ്പിക്കുകയായിരുന്നു.
തെന്മല സ്വദേശി നീനുവിനെ വിവാഹം കഴിച്ചതിലുള്ള വിരോധം മൂലം നട്ടാശേരി സ്വദേശി കെവിൻ പി. ജോസഫിനെ നീനുവിന്റെ സഹോദരൻ സാനുവിന്റെ നേതൃത്വത്തിലുള്ള സംഘം തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയെന്നാണു കേസ്. പ്രോസിക്യൂഷൻ സമർപ്പിച്ച കുറ്റപത്രം അംഗീകരിച്ച് കേസിലെ 14 പ്രതികൾക്കു മേലും കൊലക്കുറ്റം ചുമത്തിയിരുന്നു. ഏഴ് പ്രതികൾ ഇപ്പോഴും റിമാൻഡിലാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates