കേന്ദ്ര ഘടകം പ്രേതാലയമെന്ന് രാജാജി, പിരിച്ചുവിടണമെന്ന് സുനില്‍ കുമാര്‍, നേതാക്കള്‍ പ്രസംഗം മത്സരം നടത്തുന്നെന്ന് മഹേഷ് കക്കത്ത്

കോണ്‍ഗ്രസ് ബന്ധത്തെച്ചൊല്ലി കേരള ഘടകത്തിലുള്ള ഭിന്നതയും പാര്‍ട്ടി കോണ്‍ഗ്രസില്‍ മറ നീക്കി
കേന്ദ്ര ഘടകം പ്രേതാലയമെന്ന് രാജാജി, പിരിച്ചുവിടണമെന്ന് സുനില്‍ കുമാര്‍, നേതാക്കള്‍ പ്രസംഗം മത്സരം നടത്തുന്നെന്ന് മഹേഷ് കക്കത്ത്
Updated on: 
1 min read

കൊല്ലം: സിപിഐ പാര്‍ട്ടി കോണ്‍ഗ്രസില്‍ കേന്ദ്ര നേതൃത്വത്തിന് കേരളത്തില്‍നിന്നുള്ള പ്രതിനിധികളുടെ രൂക്ഷ വിമര്‍ശനം. കേന്ദ്ര ഘടകം തീര്‍ത്തും നിര്‍ജീവമായി മാറിയിരിക്കുകയാണെന്ന് പ്രതിനിധികള്‍ കുറ്റപ്പെടുത്തി. വിഎസ് സുനില്‍കുമാര്‍, രാജാജി മാത്യു തോമസ്, മഹേഷ് കക്കത്ത് തുടങ്ങിയവരാണ് നേതൃത്വത്തിനെതിരെ ആഞ്ഞടിച്ചത്. കോണ്‍ഗ്രസ് ബന്ധത്തിലും കേരളത്തില്‍നിന്നുള്ള ഒരു വിഭാഗം പ്രതിനിധികള്‍ ഭിന്നാഭിപ്രായം മുന്നോട്ടുവച്ചു.

സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നേതൃത്വത്തില്‍ നടന്ന  കേരള ഗ്രൂപ്പ് ചര്‍ച്ചയിലാണ് പ്രതിനിധികള്‍ കേന്ദ്ര നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്. നിര്‍ജീവമായി മാറിയ കേന്ദ്ര സെക്രട്ടേറിയറ്റ് പിരിച്ചുവിടുകയാണ് വേണ്ടതെന്ന് വിഎസ് സുനില്‍ കുമാര്‍ കുറ്റപ്പെടുത്തി. കേന്ദ്ര ഘടകം പ്രേതാലയമായി മാറിയെന്ന് രാജാജി മാത്യു തോമസ് പറഞ്ഞു.  നേതാക്കള്‍ക്കു പ്രസംഗങ്ങള്‍ നടത്താന്‍ മാത്രമാണ് ശ്രദ്ധയെന്നും പാര്‍ട്ടി പ്രവര്‍ത്തനം പ്രസംഗ മത്സരമായി മാറിയെന്നും മഹേഷ് കക്കത്ത് കുറ്റപ്പെടുത്തി.

കോണ്‍ഗ്രസ് ബന്ധത്തെച്ചൊല്ലി കേരള ഘടകത്തിലുള്ള ഭിന്നതയും പാര്‍ട്ടി കോണ്‍ഗ്രസില്‍ മറ നീക്കി. ഇടത് ഐക്യം ശക്തിപ്പെടുത്തുകയാണ് കാലഘട്ടത്തിന്റെ ആവശ്യമെന്ന് വിഎസ് സുനില്‍ കുമാറും ആര്‍ ലതാദേവിയും അഭിപ്രായപ്പെട്ടു. രാഷ്ട്രീയ റിപ്പോര്‍ട്ടില്‍ കോണ്‍ഗ്രസ് ബന്ധത്തെക്കുറിച്ച് പരാമര്‍ശിക്കാതിരിക്കുന്നതാണ് നല്ലതെന്ന് ഇവര്‍ ചൂ്ണ്ടിക്കാട്ടി. എന്നാല്‍ കോണ്‍ഗ്രസ് ബന്ധം മറയില്ലാതെ പ്രഖ്യാപിക്കണമെന്ന് പി പ്രസാദ് അഭിപ്രായപ്പെട്ടു. രാഷ്ട്രീയ റിപ്പോര്‍ട്ടില്‍ ഇക്കാര്യം ഉള്‍പ്പെടുത്തണമെന്നും ഒരു വിഭാഗം നേതാക്കള്‍ ആവശ്യപ്പെട്ടു. 

രാഷ്ട്രീയ അവലോകന റിപ്പോര്‍ട്ട് പ്രതിനിധികള്‍ക്കു നല്‍കാത്തതിലും ചര്‍ച്ചയില്‍ വിമര്‍ശനം ഉയര്‍ന്നു. ഒരു സംസ്ഥാന ഘടകത്തിന് ഒരു റിപ്പോര്‍ട്ട് മാത്രമാണ് നല്‍കിയിട്ടുള്ളത്. ഇതിനെതിരെയാണ് പ്രതിനിധികള്‍ രംഗത്തുവന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com