

തിരുവനന്തപുരം : പ്രളയക്കെടുതിയിൽ തകർന്ന കേരളത്തിന്‍റെ പുനർനിർമ്മാണ പ്രവർത്തനങ്ങൾക്കുള്ള വിഭവ സമാഹരണത്തിനായി ക്രൗഡ് ഫണ്ടിംഗ് മോഡലിന്‍റെ രൂപരേഖയ്ക്ക് മന്ത്രിസഭ യോഗം അംഗീകാരം നൽകി. പുനർനിർമ്മാണ പ്രവർത്തനങ്ങൾക്കായി വ്യക്തികൾ, സ്ഥാപനങ്ങൾ, സംഘടനകൾ, എൻ.ആർ.ഐ ഉൾപ്പെടെയുള്ളവരിൽ നിന്നും പണസമാഹരണത്തിനുള്ള രൂപരേഖയാണ് ക്രൗഡ് ഫണ്ടിംഗ്.
മുൻഗണനേതര വിഭാഗങ്ങൾക്ക് കൂടുതൽ അരി നൽകാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇൗ മാസം 5 കിലോ അരിയും അടുത്തമാസം 10 കിലോ അരി വീതം നൽകാനുമാണ് തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയന്റെ അഭാവത്തിൽ വ്യവസായമന്ത്രി ഇ പി ജയരാജന്റെ അധ്യക്ഷതയിലാണ് യോഗം ചേർന്നത്. അമേരിക്കയിലെ ചികിത്സയ്ക്ക് ശേഷം തിരിച്ചെത്തുന്ന മുഖ്യമന്ത്രി പങ്കെടുക്കുന്ന മന്ത്രിസഭാ യോഗം ഇൗ മാസം 27ന് ചേരും.
കഴിഞ്ഞ മാസം മുപ്പതാം തിയതിയായിരുന്നു അവസാനമായി സംസ്ഥാന മന്ത്രിസഭായോഗം ചേര്‍ന്നത്. മന്ത്രിസഭ യോഗത്തില്‍ അധ്യക്ഷനാകാനുള്ള ചുമതല മന്ത്രി ഇ പി ജയരാജന് നല്‍കിയിരുന്നെങ്കിലും രണ്ടാഴ്ച്ചയായി യോഗം ചേരാത്തത് വലിയ വിവാദമായിരുന്നു. സംസ്ഥാനത്ത് ഭരണസ്തംഭനമുണ്ടെന്ന് പ്രതിപക്ഷം ആരോപിച്ച സാഹചര്യത്തിൽ മന്ത്രിസഭായോഗം വിളിച്ചുചേര്‍ക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിക്കുകയായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates