കേരളത്തിലും നില ഭദ്രമല്ല; കോണ്‍ഗ്രസ്സിനെ ബിജെപി ലേലംകൊണ്ടതാണ് തോല്‍വിക്ക് കാരണമെന്നു പറയരുത്

കേരളത്തിലും നില തീരേ ഭദ്രമല്ല.ഹിന്ദുത്വ രാഷ്ട്രീയത്തിന് അനുകൂലമാംവിധം മാറിമറിഞ്ഞ പൊതുബോധമാണ് നില നില്‍ക്കുന്നത്. 
കേരളത്തിലും നില ഭദ്രമല്ല; കോണ്‍ഗ്രസ്സിനെ ബിജെപി ലേലംകൊണ്ടതാണ് തോല്‍വിക്ക് കാരണമെന്നു പറയരുത്
Updated on
2 min read

കൊച്ചി: ത്രിപുരയിലെ ബി ജെ പി വിജയം ഇന്ത്യന്‍ ഇടതുപക്ഷത്തിന് കനത്ത ആഘാതമെന്നല്ല, നിര്‍ബന്ധ പാഠം എന്നാണ് കരുതേണ്ടതെന്ന് ഇടതുനിരീക്ഷകന്‍ ഡോ. ആസാദ്. എവിടെയാണ് ബിജെപി പരിവാര രാഷ്ട്രീയത്തിന്റെ മൂലവേരുകള്‍ ഇഴഞ്ഞിഴപടര്‍ത്തി ആശ്ലേഷിക്കുന്നതെന്നും എന്തുകൊണ്ടാണ് വര്‍ഗരാഷ്ട്രീയത്തിന്റെ ബദലുകള്‍ വീര്യമറ്റ് വിനീതമായതെന്നും ആ വേഴ്ച്ചയുടെ പ്രഹരശേഷി എത്ര മാരകമെന്നും ആലോചിക്കാന്‍ ഒരവസരമായെന്നും ആസാദ് പറയുന്നു

ഹിന്ദുത്വ രാഷ്ട്രീയം ഫാഷിസമായോ എന്ന് ഇപ്പോഴും പാകംനോക്കിയിരിക്കുന്ന നേതൃത്വം ഇല്ലാത്ത സ്വന്തം വര്‍ഗശുദ്ധികൊണ്ടേ ഏതു ഘട്ടത്തെയും നേരിടൂ എന്ന വാശിയിലാണ്. ആ വര്‍ഗവീര്യം ഉണ്ടായിരുന്നുവെങ്കില്‍ നേരത്തേ ബംഗാള്‍ നഷ്ടപ്പെടുമായിരുന്നില്ല. രാജ്യത്തെ സാമൂഹിക ഇടതുപക്ഷ സമരങ്ങളെ തള്ളിപ്പറയുമായിരുന്നില്ല. ഭരണവും സമരവും എന്ന ദ്വിമുഖ പോരാട്ടം നിലയ്ക്കുമായിരുന്നില്ലെന്ന് ആസാദ് പറഞ്ഞു.

കോണ്‍ഗ്രസ്സിനെ ലേലത്തില്‍ പിടിച്ചാണ് ബിജെപി ത്രിപുരയില്‍ വിജയം കണ്ടതെന്ന് സമാധാനിക്കുന്ന സി പി എം ബുദ്ധിജീവികളെ കണ്ടു. അഹോ കഷ്ടമെന്ന് ആരും വിലപിച്ചുപോവും. സ്വന്തം ചിന്താവൈകല്യത്തെ പാര്‍ട്ടിച്ചുമരില്‍ ഒട്ടിക്കുന്ന ധൈര്യം കൊള്ളാം. കാല്‍ നൂറ്റാണ്ട് ത്രിപുരയില്‍ ഭരണം നടത്തിയിട്ടും രാഷ്ട്രീയബലാബലം മാറുന്നില്ല. വലതു സ്വാധീനം കൂടുന്നേയുള്ളു. ബിജെപിയായോ കോണ്‍ഗ്രസ്സായോ വിഘടന പ്രസ്ഥാനങ്ങളായോ വലതുപക്ഷം പലതായോ ഒന്നിച്ചോ നില്‍ക്കട്ടെ. ഇടതുപക്ഷം അതു നേരിടാനുള്ള ശക്തി ആര്‍ജ്ജിക്കേണ്ടിയിരുന്നു. അതുണ്ടായില്ല. അതിന്റെ കാരണമാണ് തേടേണ്ടത്. ബദല്‍ ജനങ്ങളുടെ ജീവിതത്തിന്റെ ഭാഗമായില്ല. ദൈനംദിന സമരങ്ങളില്‍ അതു പ്രതിഫലിച്ചില്ല. അതു തിരിച്ചറിയുന്നതിനു പകരം കോണ്‍ഗ്രസ്സിനെ ബിജെപി ലേലംകൊണ്ടതാണ് തോല്‍ക്കാന്‍ കാരണമെന്ന് കണ്ടുപിടിക്കുന്നത് ദുരുദ്ദേശപരമാണ്. ആ പ്രസ്താവം യഥാര്‍ത്ഥത്തില്‍ സിപിഎം സെക്രട്ടറി യെച്ചൂരിക്കെതിരായ ഒളിയമ്പോ പിറകില്‍നിന്നുള്ള വെട്ടോ ആണ്. കോണ്‍ഗ്രസ്സാണ് ത്രിപുരയിലെ തോല്‍വിയ്ക്കു കാരണമെന്നു പറയുക, ബിജെപി ജയിച്ചാലും തരക്കേടില്ല കോണ്‍ഗ്രസ്സിനെ സഹിച്ചുകൂടാ എന്നു തീര്‍പ്പു കല്‍പ്പിക്കുക, ബിജെപിയ്‌ക്കെതിരെ ജനാധിപത്യ മതേതര വോട്ടുകള്‍ പരമാവധി സമാഹരിക്കണമെന്ന യെച്ചൂരി നിര്‍ദ്ദേശിച്ച രാഷ്ട്രീയ അടവുനയത്തെ തള്ളാന്‍ തന്നാലാവുന്നതു ചെയ്യുക അത്രയേ വേണ്ടൂ, കേരള നേതൃ ഭക്തര്‍ക്കെന്നും ആസാദ് പറയുന്നു

ത്രിപുരയില്‍ വലിയ ഇടിവൊന്നും ഇടതുപക്ഷത്തിനുണ്ടായിട്ടില്ല. ഭരണമേ പോയിട്ടുള്ളു. ബംഗാളില്‍നിന്നു വ്യത്യസ്തമായി ചെറുത്തു നില്‍ക്കാനുള്ള ശേഷി അവിടെ ബാക്കി നില്‍ക്കുന്നു. അതിനി നിര്‍വ്വീര്യമാവാതെ ജ്വലിച്ചു നില്‍ക്കാന്‍ സമരശേഷി ഉണരണം. വലതുപക്ഷ ഭരണം ജനങ്ങളെ കൂടുതല്‍കൂടുതല്‍ ഭിന്നിപ്പിച്ചുകൊണ്ടിരിക്കും. അതു നേരിടാനാവണം. അതിന് ത്രിപുരയില്‍ മാത്രമല്ല, രാജ്യത്താകെ ഇടതുപക്ഷ നേതൃത്വത്തില്‍ ജനകീയ സമരപ്രസ്ഥാനം വളര്‍ന്നു വരണം. അതുണ്ടാവാന്‍ തക്ക നിലപാടുകളിലേയ്ക്ക് സി പി എം നീങ്ങുമോ എന്നാണ് അറിയാനുള്ളത്.

കേരളത്തിലും നില തീരേ ഭദ്രമല്ല.ഹിന്ദുത്വ രാഷ്ട്രീയത്തിന് അനുകൂലമാംവിധം മാറിമറിഞ്ഞ പൊതുബോധമാണ് നില നില്‍ക്കുന്നത്. അതു രൂപപ്പെടുത്താന്‍ സ്വന്തം രാഷ്ട്രീയ ദര്‍ശനമായ മാര്‍ക്‌സിസത്തിന്റെ അന്തസത്ത പണയംവച്ച പ്രസ്ഥാനമാണ് ഇവിടെയുള്ളത്. ഭൗതികവാദമോ വൈരുദ്ധ്യാത്മക ഭൗതികവാദമോ സ്വാംശീകരിച്ചവര്‍ വളരെ കുറവ്. വര്‍ഗസമരമെന്തെന്ന് അറിയാനുള്ള വിവേചന ശേഷിയും നഷ്ടപ്പെടുന്നു. ആചാരങ്ങളും അനുഷ്ഠാനങ്ങളും ഉള്‍പ്പെടെ സകല ആശയവാദ ധാരകളും അണിഞ്ഞവരാണേറെ. അവരുടെ സ്വാഭാവിക തെരഞ്ഞെടുപ്പ് വലതുപക്ഷ രാഷ്ട്രീയമാകും. പുറംതള്ളല്‍ വികസനത്തിന്റെയും കോര്‍പറേറ്റ് ആഭിമുഖ്യത്തിന്റെയും വഴിയെ പോകുന്ന നേതൃത്വം വലതുബോധത്തെയും രാഷ്ട്രീയത്തെയുമാണ് പാലൂട്ടി വളര്‍ത്തുന്നത്. സ്വാഭാവികമായും ആ പ്രവര്‍ത്തനത്തിന് യോജിച്ച വലതുപക്ഷ രാഷ്ട്രീയം വളരുകയേയുള്ളു. അങ്ങനെയെങ്കില്‍ കേരളത്തിലും ഈ ദുരന്തം ആവര്‍ത്തിക്കാതിരിക്കുന്നതെങ്ങനെ? ഇടതുരാഷ്ട്രീയം അതിന്റെ ഊര്‍ജ്ജം വീണ്ടെടുക്കണം. ജനകീയ സമരമുഖത്ത് മുന്നണി രൂപപ്പെടുത്തണം. ഇടതുമുഖമുള്ള വലതു രാഷ്ട്രീയത്തെക്കാള്‍ വലതുമുഖമുള്ള വലതു രാഷ്ട്രീയമാണ് ഭേദമെന്ന് കേരളീയര്‍ക്ക് തോന്നാന്‍ ഇടവരരുത്, സഖാക്കളെയെന്ന് ആസാദ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com