

തിരുവനന്തപുരം: വെഞ്ഞാറമ്മൂട്ടില്‍ രണ്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി എം. സ്വരാജ് എംഎല്‍എ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് സ്വരാജിന്റെ പ്രതികരണം.
കേരളത്തിലെ കോണ്‍ഗ്രസിന്റെ ചരിത്രംനിറയെ ചോര മാത്രമാണുള്ളതെന്നും കൊന്നുതീര്‍ത്ത കമ്യൂണിസ്റ്റുകാരുടെ ചോര കുടിച്ചുവളര്‍ന്ന കൊലയാളി കൂട്ടമാണിവിടുത്തെ കോണ്‍ഗ്രസെന്നും സ്വരാജ് ആരോപിച്ചു. രാഷ്ട്രീയ വിരോധം മൂലം മാത്രമല്ല, ഗ്രൂപ്പ് വിരോധം കൊണ്ടും മനുഷ്യരെ കൊല്ലാന്‍ മടിയില്ലാത്ത അധമസംസ്‌കാരമാണ് കോണ്‍ഗ്രസിന്റേത്. കൂടെ കൊടിപിടിക്കുന്ന സഹപ്രവര്‍ത്തകരെപ്പോലും ഗ്രൂപ്പ് വൈരം കൊണ്ട് വെട്ടിനുറുക്കിക്കൊന്ന പാരമ്പര്യമുള്ള നീചന്മാര്‍ക്ക് രാഷ്ട്രീയ പ്രതിയോഗികളെ അരിഞ്ഞു തള്ളാന്‍ മടിയുണ്ടാവുമോ എന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് കുറിപ്പില്‍ ആരാഞ്ഞു.
എം. സ്വരാജിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം.
ചോരയില്‍ കേരളത്തെ മുക്കിക്കൊല്ലുന്ന കോണ്‍ഗ്രസ്
ജീവിതത്തിന്റെ വസന്തകാലത്ത് നാടിന് പ്രിയങ്കരരായ രണ്ടു ചെറുപ്പക്കാര്‍ കൊല്ലപ്പെട്ടിരിയ്ക്കുന്നു. തിരുവനന്തപുരം വെഞ്ഞാറമൂട് DYFI ഭാരവാഹികളായ സഖാക്കള്‍ മിഥ്‌ലാജും ഹക്ക് മുഹമ്മദുമാണ് ഇന്നലെ രാത്രിയില്‍ അരുംകൊല ചെയ്യപ്പെട്ടത്. കോണ്‍ഗ്രസിന്റെ കൊലയാളി സംഘമാണ് സഖാക്കളെ വെട്ടിനുറുക്കിയത്.
രാഷ്ട്രീയ വിരോധം മൂത്ത് എതിരാളികളെ കൊന്നു തീര്‍ക്കാന്‍ കച്ചകെട്ടിയിറങ്ങിയ കൊലയാളി സംഘം ഇന്നലെ ലക്ഷ്യം കണ്ടു.
ഇക്കഴിഞ്ഞ പെരുന്നാള്‍ ദിവസം DYFl മേഖലാ ജോ: സെക്രട്ടറി സ .ഫൈസലിനെ കൊല്ലാന്‍ ശ്രമിച്ച അതേ കോണ്‍ഗ്രസ് ക്രിമിനലുകളാണ് ജയിലില്‍ നിന്നിറങ്ങിയ ശേഷം ഇപ്പോള്‍ മിഥ്‌ലാജിനെയും ഹക്കി നെയും അരുംകൊല ചെയ്തത്.
ഫൈസല്‍ അന്ന് തലനാരിഴ വ്യത്യാസത്തില്‍ രക്ഷപ്പെടുകയാണുണ്ടായത്.
കൊലപാതകങ്ങളുടെ കാര്യത്തില്‍ ഇന്ത്യയില്‍ RSS നോട് മത്സരിയ്ക്കാന്‍ കഴിയുന്നവരാണ് കോണ്‍ഗ്രസ്. പക്ഷേ അവര്‍ തമ്മിലൊരിടത്തും പറയത്തക്ക സംഘര്‍ഷമുണ്ടാവുകയുമില്ല. ആര്‍എസ്എസിനോടൊപ്പം ചേര്‍ന്ന് ആയിരങ്ങളെ കൊന്നൊടുക്കിയ സിഖ് കൂട്ടക്കൊലയിലുള്‍പ്പെടെ കോണ്‍ഗ്രസിന്റെ ഭീകരമുഖം ഇന്ത്യ കണ്ടതാണ്.
കേരളത്തിലെ കോണ്‍ഗ്രസിന്റെ ചരിത്രം നിറയെ ചോര മാത്രമാണുള്ളത്. കൊന്നു തീര്‍ത്ത കമ്യൂണിസ്റ്റുകാരുടെ ചോര കുടിച്ചു വളര്‍ന്ന കൊലയാളി കൂട്ടമാണിവിടുത്തെ കോണ്‍ഗ്രസ്.
രാഷ്ട്രീയ വിരോധം മൂലം മാത്രമല്ല ഗ്രൂപ്പ് വിരോധം കൊണ്ടും മനുഷ്യരെ കൊല്ലാന്‍ മടിയില്ലാത്ത അധമ സംസ്‌കാരമാണ് കോണ്‍ഗ്രസിന്റേത്. കൂടെ കൊടി പിടിയ്ക്കുന്ന സഹപ്രവര്‍ത്തകരെപ്പോലും ഗ്രൂപ്പ് വൈരം കൊണ്ട് വെട്ടിനുറുക്കിക്കൊന്ന പാരമ്പര്യമുള്ള നീചന്മാര്‍ക്ക് രാഷ്ട്രീയ പ്രതിയോഗികളെ അരിഞ്ഞു തള്ളാന്‍ മടിയുണ്ടാവുമോ?
പി.വി ബഷീര്‍, ഔസേപ്പ്, ശ്രീവത്സന്‍, ലാല്‍ജി, മധു, ഹനീഫ എത്രയെത്ര കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് കോണ്‍ഗ്രസുകാരാല്‍ കൊല്ലപ്പെട്ടിട്ടുള്ളത്. ചോര കണ്ട് അറപ്പ് തീര്‍ന്ന ചോരക്കൊതിയന്മാര്‍ക്ക് ആയുധത്തിന്റെ ഭാഷ മാത്രമേ അറിയൂ.
മനുഷ്യരെന്നാല്‍ അവര്‍ക്ക് കൊന്നു തള്ളാനുള്ള ശരീരങ്ങള്‍ മാത്രമാണ്.
നാടിന്റെ കാവല്‍ക്കാരായി നിലയുറപ്പിച്ചവരാണ് DYFl പ്രവര്‍ത്തകര്‍.
കോവിഡ് കാലത്ത് രാഷ്ട്രീയ മുതലെടുപ്പിനായി ഖദര്‍ ചുളിയാതെ അസംബന്ധ നാടകം കളിയ്ക്കുന്ന അപഹാസ്യകഥാപാത്രങ്ങള്‍ക്കിടയില്‍ വേറിട്ടുനിന്ന് നാടിന്റെ കാവല്‍ക്കാരായ ചെറുപ്പക്കാരാണ് തിരുവോണ മുറ്റത്ത് ചോരയില്‍കുളിച്ചു കിടക്കുന്നത്.
പാഴ് വസ്തുക്കള്‍ പെറുക്കിയെടുത്ത് വിറ്റും മണ്ണ് ചുമന്നും കൃഷിയിറക്കിയും പതിനൊന്നു കോടി രൂപ കേരളത്തിനു നല്‍കിയ ചെറുപ്പക്കാരില്‍ രണ്ടു പേരാണീ ചലനമറ്റു കിടക്കുന്നത്. കായംകുളത്ത്
സ.സിയാദിനെ കൊന്നു തള്ളിയത് കഴിഞ്ഞ ദിവസമാണ്. ദുരന്തകാലത്തു പോലും ആയുധം താഴെ വെയ്ക്കാത്ത കോണ്‍ഗ്രസ് കേരളത്തിന് ഭീഷണിയാണ്.
കൊലയാളികളെ ഒറ്റപ്പെടുത്തിക്കൊണ്ടും കൊലപാതക രാഷ്ട്രീയത്തെ തുറന്നു കാണിച്ചും സമാധാനത്തിന്റെ പതാക മുറുകെ പിടിച്ചും നാടൊന്നായി പ്രതികരിയ്‌ക്കേണ്ട സന്ദര്‍ഭമാണിത്.
ആയിരം കാലവര്‍ഷം തോരാതെ പെയ്താലും കേരളത്തിലെ ചെറുപ്പക്കാരുടെ മനസില്‍ ഇന്നു കത്തിയ തീ അണഞ്ഞു പോവില്ല. യുവാക്കളുടെ രോഷത്തിന്റെയും അമ്മമാരുടെ കണ്ണീരിന്റെയും മുന്നില്‍ കോണ്‍ഗ്രസിന് സമാധാനം പറയേണ്ടി വരും. കേരളമത് പറയിപ്പിയ്ക്കും.തീര്‍ച്ച
ചോര മണക്കുന്ന ഖദറുമായി ചതുരവടിവില്‍ അസംബന്ധം പുലമ്പുന്ന കൊലയാളിക്കൂട്ടങ്ങളെ അറപ്പോടെ കേരളം അകറ്റി നിര്‍ത്തണം. ചോരക്കൊതിയുടെ അധമ രാഷ്ട്രീയത്തെ വെറുപ്പോടെ ആട്ടിയോടിയ്ക്കണം. അന്നേ നമ്മുടെ നാട്ടില്‍ സമാധാനമുണ്ടാവൂ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates