കേരളത്തിലെ സോഷ്യല്‍, പൊളിറ്റിക്കല്‍ ബാലന്‍സ് തകരണമെന്ന് ബിജെപി ആഗ്രഹിക്കുന്നു ; രൂക്ഷവിമര്‍ശനവുമായി വി ടി ബല്‍റാം

ഒരു ഏകീകൃത ഹിന്ദു സ്വത്വ നിര്‍മ്മാണമാണ് അവരുടെ അജണ്ട
കേരളത്തിലെ സോഷ്യല്‍, പൊളിറ്റിക്കല്‍ ബാലന്‍സ് തകരണമെന്ന് ബിജെപി ആഗ്രഹിക്കുന്നു ; രൂക്ഷവിമര്‍ശനവുമായി വി ടി ബല്‍റാം
Updated on
2 min read

പാലക്കാട് : മലപ്പുറത്തെ എടയൂരില്‍ അയ്യപ്പക്ഷേത്രത്തിന് നേര്‍ക്കുണ്ടായ ആക്രമണത്തില്‍, സംഘപരിവാര്‍ പ്രവര്‍ത്തകര്‍ അറസ്റ്റിലായ പശ്ചാത്തലത്തില്‍ ബിജെപിക്കും വര്‍ഗീയ ശക്തികള്‍ക്കുമെതിരെ രൂക്ഷവിമര്‍ശനവുമായി വി ടി ബല്‍റാം എംഎല്‍എ. കേരളത്തിലെ സോഷ്യല്‍, പൊളിറ്റിക്കല്‍ ബാലന്‍സ് തകര്‍ന്നു കാണണം എന്ന് ആഗ്രഹിക്കുന്ന, ആഗ്രഹിച്ചേക്കാവുന്ന, അതുകൊണ്ട് പ്രയോജനമുണ്ടാവുമെന്ന് പ്രതീക്ഷിക്കുന്ന പ്രധാന വിഭാഗം ബിജെപിക്കാരാണെന്ന് ബല്‍റാം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ചൂണ്ടിക്കാട്ടി. 

കാരണം അവര്‍ക്കാണ് ഇവിടെ പുതിയതായി ഒരു സ്‌പേസ് ഉണ്ടാക്കിയെടുക്കേണ്ടത്. ഇവിടത്തെ ഹിന്ദു വിഭാഗം ഇതര വിഭാഗങ്ങളുമായി അകല്‍ച്ചയിലാവുന്ന ഒരു സാഹചര്യമുണ്ടായാല്‍ അതിന്റെ ഗുണഭോക്താക്കളാവുക ബിജെപിയായിരിക്കും എന്നാണവര്‍ കണക്കുകൂട്ടുന്നുണ്ടാവുക. അതുകൊണ്ടുതന്നെ ഹിന്ദുക്കള്‍ക്കിടയില്‍ അതൃപ്തിയും ആശങ്കയുമുണ്ടാക്കുക എന്നതാണ് ബിജെപി രാഷ്ട്രീയത്തിന്റെ ആത്യന്തിക ലക്ഷ്യം. ഏത് വിഷയത്തേയും ഈയൊരു കണ്ണിലൂടെയല്ലാതെ അവര്‍ക്ക് കാണാന്‍ കഴിയില്ല. 

ജാതിയും അതു സൃഷ്ടിച്ച സാമൂഹിക, സാമ്പത്തിക അസമത്വവുമൊന്നും അവരുടെ കണ്ണില്‍പ്പെടില്ല, അതിനെയെല്ലാം മൂടിവച്ച് ഒരു ഏകീകൃത ഹിന്ദു സ്വത്വ നിര്‍മ്മാണമാണ് അവരുടെ അജണ്ട. അതിന്റെ തുടര്‍ച്ചയായുണ്ടാവുന്ന ഹിന്ദു വോട്ട് ബാങ്കാണ് അവരുടെ ലക്ഷ്യമെന്നും ബല്‍റാം പറയുന്നു. സമാന ലക്ഷ്യങ്ങളാണ് മുസ്ലിം വോട്ട് ബാങ്ക് തങ്ങള്‍ക്കനുകൂലമാക്കി മാറ്റാനാഗ്രഹിക്കുന്ന എസ്ഡിപിഐ പോലുള്ള സംഘടനകള്‍ക്കും ഉള്ളത്.

പറഞ്ഞുവന്നത്, കേരളത്തില്‍ വ്യത്യസ്ത സമുദായങ്ങള്‍ തമ്മിലുണ്ടാവുന്ന ഓരോ സംഘര്‍ഷത്തിലും ഉള്ളുകൊണ്ട് ആഹ്ലാദിക്കുന്നവര്‍ ആരെല്ലാമാണെന്ന് തിരിച്ചറിയുക എന്നത് നമ്മെ സംബന്ധിച്ച് വളരെ പ്രധാനമാണ്. ഗുണഭോക്താക്കള്‍ തന്നെയായിരിക്കുമോ പ്രശ്‌നങ്ങളുടെ സ്രഷ്ടാക്കളും എന്ന് ഓരോ ഘട്ടത്തിലും ചിന്തിച്ച് ഉറപ്പു വരുത്തേണ്ടത് ഒരു സമൂഹമെന്ന നിലയില്‍ നമ്മുടെ ഉത്തരവാദിത്തമായി ഇനിയുള്ള കാലത്തെങ്കിലും മാറേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം പറയുന്നു.


ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം : 

മലപ്പുറം ജില്ലയിലെ എടയൂരില്‍ അയ്യപ്പക്ഷേത്രം ആക്രമിച്ച കേസില്‍ മൂന്ന് സംഘ് പരിവാര്‍ നേതാക്കള്‍ അറസ്റ്റിലായിരിക്കുന്നു. ഇതിലൊരാള്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചയാളുടെ സഹോദരന്‍ കൂടിയാണ്. മനുഷ്യ വിസര്‍ജ്യം ക്ഷേത്രാങ്കണത്തിലേക്ക് വലിച്ചെറിഞ്ഞതുള്‍പ്പെടെ ഹീനമായ പ്രവര്‍ത്തനങ്ങളാണ് അരങ്ങേറിയത്.

ഇപ്പോള്‍ അന്വേഷണത്തില്‍ സത്യം പുറത്തുവരുന്നതിന് മുന്‍പ് ഈ വിഷയം നമ്മുടെ വീടുകള്‍ക്കകത്തും സുഹൃദ് സദസ്സുകളിലും ഫാമിലി വാട്ട്‌സ്അപ്പ് ഗ്രൂപ്പുകളിലും ഏതെല്ലാം നിലയിലുള്ള ചര്‍ച്ചകളാണ് ഉണ്ടാക്കിയിരിക്കുക എന്നത് ഏവര്‍ക്കും ഊഹിക്കാവുന്നതാണ്. സംഭവസമയത്ത് സംഘ് പരിവാര്‍ സംഘടനയായ ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ സമരവും തീപ്പൊരി പ്രസംഗങ്ങളും നടന്നിരുന്നു.

കേരളത്തിലെ ജനങ്ങള്‍, പ്രത്യേകിച്ചും മഹാഭൂരിപക്ഷം വരുന്ന മതവിശ്വാസികള്‍ മനസ്സിലാക്കേണ്ട ഒരു ലളിതമായ വസ്തുതയുണ്ട്. ഹിന്ദുക്കളും മുസ്ലീങ്ങളും കൃസ്ത്യാനികളും ജനസംഖ്യാപരമായി സാമാന്യം ശക്തമായ വിഭാഗങ്ങളാണ് കേരളത്തില്‍. അതുകൊണ്ടുതന്നെ വ്യത്യസ്ത വിഭാഗക്കാരെ ഏതാണ്ട് സമന്വയിപ്പിച്ച് കൊണ്ടുപോവുക, എല്ലാവരുടേയും വിശ്വാസമാര്‍ജ്ജിക്കുക എന്നത് ഇവിടത്തെ രാഷ്ട്രീയ പാര്‍ട്ടികളുടേയും സ്വാഭാവികമായ താത്പര്യമാണ്. ഇവിടത്തെ ജനങ്ങള്‍ പരമ്പരാഗതമായി യുഡിഎഫ്, എല്‍ഡിഎഫ് എന്നീ മുന്നണികളെ പിന്തുണച്ചു പോരുന്നവരാണ്. ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാവുമെങ്കിലും ഈ രണ്ടു മുന്നണികള്‍ക്കും ഹിന്ദു, മുസ്ലിം, കൃസ്ത്യന്‍ വിഭാഗക്കാരുടെ പിന്തുണ സാമാന്യമായി ലഭിച്ചു പോരുന്നുണ്ട്. ഈ മുന്നണികളുടെ നേതൃപദവികളിലും അണികള്‍ക്കിടയിലും വ്യത്യസ്ത മതവിഭാഗക്കാരുടെ ഒരു ബാലന്‍സ് സ്വാഭാവികമായി ഉണ്ടായിവരികയോ ബോധപൂര്‍വ്വം ഇടപെട്ട് ഉണ്ടാക്കിയെടുക്കുകയോ ചെയ്യാറുണ്ട്.

എന്നാല്‍ കേരളത്തിലെ ഈ സോഷ്യല്‍, പൊളിറ്റിക്കല്‍ ബാലന്‍സ് തകര്‍ന്നു കാണണം എന്ന് ആഗ്രഹിക്കുന്ന/ആഗ്രഹിച്ചേക്കാവുന്ന/ അതുകൊണ്ട് പ്രയോജനമുണ്ടാവുമെന്ന് പ്രതീക്ഷിക്കുന്ന പ്രധാന വിഭാഗം ബിജെപിക്കാരാണ്. കാരണം അവര്‍ക്കാണ് ഇവിടെ പുതിയതായി ഒരു സ്‌പേസ് ഉണ്ടാക്കിയെടുക്കേണ്ടത്. ഇവിടത്തെ ഹിന്ദു വിഭാഗം ഇതര വിഭാഗങ്ങളുമായി അകല്‍ച്ചയിലാവുന്ന ഒരു സാഹചര്യമുണ്ടായാല്‍ അതിന്റെ ഗുണഭോക്താക്കളാവുക ബിജെപിയായിരിക്കും എന്നാണവര്‍ കണക്കുകൂട്ടുന്നുണ്ടാവുക. അതുകൊണ്ടുതന്നെ ഹിന്ദുക്കള്‍ക്കിടയില്‍ അതൃപ്തിയും ആശങ്കയുമുണ്ടാക്കുക എന്നതാണ് ബിജെപി രാഷ്ട്രീയത്തിന്റെ ആത്യന്തിക ലക്ഷ്യം. ഏത് വിഷയത്തേയും ഈയൊരു കണ്ണിലൂടെയല്ലാതെ അവര്‍ക്ക് കാണാന്‍ കഴിയില്ല. ജാതിയും അതു സൃഷ്ടിച്ച സാമൂഹിക, സാമ്പത്തിക അസമത്വവുമൊന്നും അവരുടെ കണ്ണില്‍പ്പെടില്ല, അതിനെയെല്ലാം മൂടിവച്ച് ഒരു ഏകീകൃത ഹിന്ദു സ്വത്വ നിര്‍മ്മാണമാണ് അവരുടെ അജണ്ട. അതിന്റെ തുടര്‍ച്ചയായുണ്ടാവുന്ന ഹിന്ദു വോട്ട് ബാങ്കാണ് അവരുടെ ലക്ഷ്യം. സമാന ലക്ഷ്യങ്ങളാണ് മുസ്ലിം വോട്ട് ബാങ്ക് തങ്ങള്‍ക്കനുകൂലമാക്കി മാറ്റാനാഗ്രഹിക്കുന്ന എസ്ഡിപിഐ പോലുള്ള സംഘടനകള്‍ക്കും ഉള്ളത്.

പറഞ്ഞുവന്നത്, കേരളത്തില്‍ വ്യത്യസ്ത സമുദായങ്ങള്‍ തമ്മിലുണ്ടാവുന്ന ഓരോ സംഘര്‍ഷത്തിലും ഉള്ളുകൊണ്ട് ആഹ്ലാദിക്കുന്നവര്‍ ആരെല്ലാമാണെന്ന് തിരിച്ചറിയുക എന്നത് നമ്മെ സംബന്ധിച്ച് വളരെ പ്രധാനമാണ്. ഗുണഭോക്താക്കള്‍ തന്നെയായിരിക്കുമോ പ്രശ്‌നങ്ങളുടെ സ്രഷ്ടാക്കളും എന്ന് ഓരോ ഘട്ടത്തിലും ചിന്തിച്ച് ഉറപ്പു വരുത്തേണ്ടത് ഒരു സമൂഹമെന്ന നിലയില്‍ നമ്മുടെ ഉത്തരവാദിത്തമായി ഇനിയുള്ള കാലത്തെങ്കിലും മാറേണ്ടിയിരിക്കുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com