തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള ആദ്യ ഘട്ട വോട്ടെടുപ്പിന്റെ പരസ്യ പ്രചാരണം അവസാനിച്ചു. അഞ്ച് ജില്ലകൾ ഈ മാസം എട്ടിന് പോളിങ് ബൂത്തിലേക്ക്. ചൊവ്വാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിൽ വോട്ടെടുപ്പ് നടക്കും.
കോവിഡ് ജാഗ്രതയുള്ളതിനാൽ കവലകളിൽ കൊട്ടിക്കലാശത്തിന്റെ ആരവങ്ങളൊഴിഞ്ഞു കൊണ്ടാണ് പരസ്യ പ്രചാരണം ഇന്ന് അവസാനിച്ചത്. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചു കൊണ്ട് വലിയ തോതിൽ ആൾക്കൂട്ടങ്ങളില്ലെതായായിരുന്നു പരിസമാപ്തി കുറിക്കൽ.
കോവിഡിന്റെ പെരുമാറ്റച്ചട്ടത്തിൽ ജാഥകളോ പൊതുയോഗങ്ങളോ റാലികളോ ഇല്ലാതെയാണ് ഇക്കുറി പ്രചാരണം കൊടിയിറങ്ങുന്നത്. ആൾക്കൂട്ട പ്രചാരണത്തിനു പകരം റാലികളും യോഗങ്ങളും മൈക്ക് പ്രചാരണം പോലും വെർച്വലാക്കി. സാമൂഹിക മാധ്യമങ്ങളായിരുന്നു മിക്കയിടങ്ങളിലും പ്രചാരണത്തിന്റെ മുഖ്യവേദി.
അഞ്ച് ജില്ലകളിലായി ആകെ 88.26 ലക്ഷം (88,26,620) വോട്ടർമാരാണുള്ളത്. ഇതിൽ 41,58,341 പേർ പുരുഷൻമാരും 46,68,209 സ്ത്രീ വോട്ടർമാരും 70 ട്രാൻസ്‌ജെൻഡറുകളുമാണുള്ളത്. 24,584 സ്ഥാനാർഥികൾ അഞ്ച് ജില്ലകളിൽ മാത്രമായി മത്സര രംഗത്തുണ്ട്. തിരുവനന്തപുരം- 6465, കൊല്ലം- 5723, ആലപ്പുഴ- 5463, പത്തനംതിട്ട- 3699, ഇടുക്കി- 3234 ഇങ്ങനെയാണ് കണക്കുകൾ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates