

ന്യൂഡൽഹി; കൊറോണ ചികിത്സക്കായി സ്വന്തം ആശുപത്രി വിട്ടുകൊടുക്കാൻ തയാറായി പ്രവാസി മലയാളി. വ്യവസായിയും ഡോക്ടറുമായ ഷംസീർ വയലിലാണ് ഡൽഹിയിലെ തന്റെ ആശുപത്രി കൊറോണ പ്രതിരോധ പ്രവർത്തനത്തിനായി വിട്ടുനൽകാമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലത്തെ അറിയിച്ചത്. ഡൽഹിക്കുസമീപം ഗുരുഗ്രാമിലെ മനേസറിലുള്ള മെഡിയോർ ആശുപത്രിയിൽ അഞ്ഞൂറുപേരെ കിടത്തിച്ചികിത്സിക്കാൻ സൗകര്യമുണ്ട്.
കൊറോണയെ ചെറുക്കാനുള്ള സർക്കാർശ്രമങ്ങൾക്ക് പൂർണപിന്തുണ നൽകുന്നതായി ഷംസീർ കേന്ദ്ര ആരോഗ്യ സെക്രട്ടറി പ്രീതി സുതനെ അറിയിച്ചു. കൊറോണ വൈറസ് ബാധിതരായ രോഗികളെ ചികിത്സിക്കാൻ വിദഗ്ധ ഡോക്ടർമാർ, നഴ്‌സുമാർ, ആരോഗ്യപ്രവർത്തകർ എന്നിവരുൾപ്പെട്ട കർമസേനയ്ക്കും ആശുപത്രി രൂപംനൽകി.
ഷംസീറിന്റെ നേതൃത്വത്തിലുള്ള വിപിഎസ് ഹെൽത്ത് കെയറിനുകീഴിലുള്ള മെഡിയോർ ഹോസ്പിറ്റലിന് ഡൽഹിയുൾപ്പെട്ട ദേശീയ തലസ്ഥാനമേഖലയിൽ മൂന്ന് മൾട്ടിസ്പെഷ്യാലിറ്റി ആശുപത്രികളുണ്ട്. അത്യാധുനികസൗകര്യങ്ങളോടെയുള്ള ക്രിട്ടിക്കൽ കെയർ, പൾമണോളജി വിഭാഗങ്ങൾ, ഐസൊലേഷൻ റൂമുകൾ, വെന്റിലേറ്ററുകൾ, മറ്റ് അടിയന്തരസേവനങ്ങൾ തുടങ്ങിയ സംവിധാനങ്ങളുള്ളതാണ് മനേസറിലെ മെഡിയോർ ഹോസ്പിറ്റൽ.
ഡോ. ഷംസീറിന്റെ വാഗ്ദാനത്തെത്തുടർന്ന് ആരോഗ്യ മന്ത്രാലയവുമായി ബന്ധപ്പെട്ടുള്ള പരിശോധനകൾ പൂർത്തിയായിവരികയാണെന്ന് മെഡിയോർ ആശുപത്രി സി.ഒ.ഒ. നിഹാജ് ജി. മുഹമ്മദ് പറഞ്ഞു. അനുമതി ലഭിക്കുന്നതോടെ സർക്കാർ ആശുപത്രികൾ പിന്തുടരുന്ന മാർഗരേഖയനുസരിച്ച് മെഡിയോർ ഹോസ്പിറ്റൽ പ്രവർത്തിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates