

തിരുവനന്തപുരം: സംസ്ഥാനത്തെ നടുക്കി തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ കോവിഡ് വാര്‍ഡില്‍ ഒരുദിവസം രണ്ട് ആത്മഹത്യകള്‍. കോവിഡ് വാര്‍ഡില്‍ ചികിത്സയിലിരുന്ന ആനാട് സ്വദേശി ഉണ്ണിയാണ് ബുധനാഴ്ച ഉച്ചയോടെ ആദ്യം ആത്മഹത്യ ചെയ്തത്. ഇതിന് പിന്നാലെ ഇയാള്‍ക്കൊപ്പം വാര്‍ഡില്‍ ഉണ്ടായിരുന്ന നെടുമങ്ങാട് സ്വദേശി മുരുകേശനും ആത്മഹത്യ ചെയ്തു. രണ്ടാളും ആശുപത്രിയില്‍ തൂങ്ങി മരിക്കുകയായിരുന്നു.
കോവിഡ് ബാധിച്ച് ചൊവ്വാഴ്ചയാണ് മുരുകേശനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ബുധനാഴ്ച വൈകിട്ട് ഐസൊലേഷന്‍ മുറിയില്‍ ഉടുമുണ്ട് ഫാനില്‍ കെട്ടി തൂങ്ങിയ നിലയിലാണ് ഇയാളെ കണ്ടെത്തിയത്. തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
രാവിലെ മരിച്ച ആനാട് സ്വദേശിയെപ്പോലെ ഇയാള്‍ക്കും കടുത്ത മദ്യപാനാസക്തി ഉണ്ടായിരുന്നു എന്നാണ് വിവരം. മദ്യം ലഭിക്കാതെ വന്നതിനെത്തുടര്‍ന്നാണ് ഡിസ്ചാര്‍ജ് ചെയ്യുന്നതിന്റെ തലേദിവസം ഉണ്ണി ആശുപത്രിയില്‍ നിന്ന് ചാടിപ്പോയത്. ആശുപത്രി വേഷത്തില്‍ത്തന്നെ ഓട്ടോയിലും ബസിലും കയറി വീടിന് അടുത്തെത്തിയ ഇയാളെ നാട്ടുകാര്‍ തടഞ്ഞുവച്ചു. ഒരു മണിക്കൂര്‍ നീണ്ട പരിശ്രമത്തിനു ശേഷം ആരോഗ്യപ്രവര്‍ത്തകരെത്തി ദിശയുടെ വാഹനത്തില്‍ ഇയാളെ വീണ്ടും മെഡിക്കല്‍ കോളജിലേക്കു കൊണ്ടുപോകുകയായിരുന്നു.
ബുധനാഴ്ച രാവിലെ 11.30 ഓടെയാണ് ഉണ്ണി തൂങ്ങിമരിച്ചത്. ഐസൊലേഷന്‍ മുറിയില്‍ തൂങ്ങിയനിലയില്‍ കണ്ടെത്തിയ ഇയാളെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു.
രണ്ട് മരണങ്ങളിലും ആരോഗ്യമന്ത്രി കെ കെ ശൈലജ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. അടിയന്തരമായി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. അത്യന്തം ദൗര്‍ഭാഗ്യകരമായ സംഭവമാണ് ഉണ്ടായിരിക്കുന്നത്. എന്തെങ്കിലും വീഴ്ചകള്‍ സംഭവിച്ചിച്ചുണ്ടെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം, ആശുപത്രിയില്‍ ഒരുദിവസം നടന്ന രണ്ട് ആത്മഹത്യകളില്‍ സര്‍ക്കാരിന് എതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷം രംഗത്തെത്തി. സംഭവത്തിലൂടെ സര്‍ക്കാരിന്റെ ജാഗ്രതക്കുറവ് വ്യക്തമായെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.
സംസ്ഥാനത്ത് രോഗവ്യാപനതോത് പ്രതിദിനം വര്‍ധിക്കുമ്പോഴാണ് സര്‍ക്കാരിന്റെയും ആരോഗ്യവകുപ്പിന്റെയും അലംഭാവം. കോവിഡ് രോഗികളെ പരിപാലിക്കുന്നതിലും അവര്‍ക്ക് മതിയായ സുരക്ഷ ഒരുക്കുന്നതിലും ഗുരുതരമായ വീഴ്ചയാണ് ഉണ്ടായത്.രോഗി ആത്മഹത്യ ചെയ്ത സംഭവത്തില്‍ വിശദമായ അന്വേഷണം അനിവാര്യമാണ്. അധികൃതരുടെ ഭാഗത്ത് നിന്നും എന്തെങ്കിലും തരത്തിലുള്ള വീഴ്ചയുണ്ടായിട്ടുണ്ടെങ്കില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates